ലഖ്‌നൗവിൽ പ്രതിഷേധത്തിനിടെ പൊലീസിന്റെ വെടിയേറ്റു പൊലിഞ്ഞത്‌ ഒരു ഹിന്ദു-മുസ്ലിം പ്രണയത്തിന്റെ ജീവിതസാക്ഷാത്കാരം

By Web TeamFirst Published Dec 27, 2019, 6:46 PM IST
Highlights

ഈ പ്രണയബന്ധത്തിലേക്ക് കടന്നുവന്നതിന്റെ പേരിലോ, മതം മാറിയതിന്റെ പേരിലോ ഒന്നും ഷബീനയ്ക്ക് പശ്ചാത്താപങ്ങളില്ല. എന്നാൽ തന്നെ പ്രാണനുതുല്യം സ്നേഹിച്ച് ജീവിതത്തിൽ കൈപിടിച്ച് കൂടെക്കൂട്ടിയ ആൾ ഇനിയങ്ങോട്ട് കൂടെയില്ല എന്നത് അവർക്ക് വിശ്വസിക്കാനാകുന്നില്ല ഇനിയും. 
 

സ്വന്തം വീട്ടിൽ നിന്ന് അരിയും പലചരക്കുസാധനങ്ങളും വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു മുഹമ്മദ് വക്കീൽ. അയാൾക്ക് പൗരത്വ നിയമ ഭേദഗതി എന്തെന്നോ അത് തന്നെ എങ്ങനെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു. പലചരക്കുകടയിലേക്കുള്ള വഴിയിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിനുള്ളിൽ അയാളും പെട്ടുപോയി. ഒടുവിൽ, പൊലീസിന്റെ വെടികൊണ്ട് പ്രാണൻ നഷ്‌ടമായ ശരീരമായാണ്, ഒഴിഞ്ഞ തുണിസഞ്ചിയോടെ, മുഹമ്മദ് തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതോടെ ഒറ്റയ്ക്കായിപ്പോയത്, പ്രണയിച്ച്, മതം മാറി ജീവിതസഖിയായു കൂടെക്കൂടിയ ഷബീനയുടെ ജീവിതത്തിലെ സ്വപ്‌നങ്ങൾ കൂടിയായിരുന്നു. 

ഇരുപത്തേഴുകാരിയായ ഷബീന ഒരു വർഷം മുമ്പുവരെ സവിതയായിരുന്നു. "എന്റെ വീടിനടുത്തായിരുന്നു മുഹമ്മദിന്റെ വീടും. തമ്മിൽ കണ്ടുകണ്ട് എപ്പോഴോ പരസ്പരം ഇഷ്ടമായി. ഞങ്ങൾ പ്രണയത്തിലായി. വീട്ടുകാർ പരമാവധി എതിർത്തെങ്കിലും, ഞാൻ മുഹമ്മദിനൊപ്പം ജീവിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി മതം മാറാനും ഞാൻ ഒരുക്കമായിരുന്നു. മതം മാറിയെങ്കിലും, ചുവന്ന വളകൾ ഇടുന്നതിനോ ഒന്നും മുഹമ്മദ് ഒരു എതിർപ്പും പറഞ്ഞിരുന്നില്ല" ഷബീന ദ പ്രിന്റിനോട് പറഞ്ഞു. 

ഷബീനയുടെ വീട്ടിൽ നിന്ന് നൂറടി പോലുമുണ്ടായിരുന്നില്ല മുഹമ്മദിന്റെ വീട്ടിലേക്ക്. ഓൾഡ് ലഖ്‌നൗവിലെ ഹുസൈനാബാദിൽ ആയിരുന്നു അവരുടെ വീട്. മൂന്നുമാസത്തെ പ്രണയത്തിനു ശേഷം അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ഈ പ്രണയബന്ധത്തിലേക്ക് കടന്നുവന്നതിന്റെ പേരിലോ, മതം മാറിയതിന്റെ പേരിലോ ഒന്നും ഷബീനയ്ക്ക് പശ്ചാത്താപങ്ങളില്ല. എന്നാൽ തന്നെ പ്രാണനുതുല്യം സ്നേഹിച്ച് ജീവിതത്തിൽ കൈപിടിച്ച് കൂടെക്കൂട്ടിയ ആൾ ഇനിയങ്ങോട്ട് കൂടെയില്ല എന്നത് അവർക്ക് വിശ്വസിക്കാനാകുന്നില്ല ഇനിയും. 

തന്റെ ഭർത്താവിന് പൗരത്വ നിയമ ഭേദഗതി പോലുള്ള വലിയ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു എന്നാണ് ഷബീന പറയുന്നത്. "ഇനി നാലഞ്ച് ദിവസത്തേക്ക് സമരമായിരിക്കും, അരി തീരാറായി. അച്ഛനുള്ള മരുന്നും തീർന്നു. പച്ചക്കറിയും മറ്റുള്ള സാധനങ്ങളും ആവശ്യത്തിന് വാങ്ങി വെക്കണം " എന്നും പറഞ്ഞ് ഷബീനയാണ് ഒരു തുണിസഞ്ചിയുമെടുത്ത്കൊടുത്ത്  കഴിഞ്ഞ വ്യാഴാഴ്ച  മുഹമ്മദിനെ മാർക്കറ്റിലേക്ക് പറഞ്ഞുവിട്ടത്. അത് ഇങ്ങനെ ചെന്നവസാനിക്കും എന്ന് ഷബീന കരുതിയിരുന്നില്ല. കുറേനേരം കഴിഞ്ഞിട്ടും ആളെ കാണാതെ വന്നപ്പോൾ വീട്ടിൽ എല്ലാവരും ആകെ പേടിച്ചുപോയിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷമാണ് മുഹമ്മദിന്റെ സ്നേഹിതൻ സമീർ ഖാന്റെ നമ്പറിൽ ഒരു കാൾ വരുന്നത്. മുഹമ്മദിന് പൊലീസിന്റെ വെടി കൊണ്ടിട്ടുണ്ടെന്നും, കിംഗ് ജോർജ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണെന്നും ഉടനടി വരണമെന്നും പറഞ്ഞ ശേഷം വിളിച്ചയാൾ ഫോൺ കട്ട് ചെയ്തുകളഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി അവർ ആശുപത്രിയിലേക്കോടി. എന്നാൽ അവർ എത്തും മുമ്പുതന്നെ മുഹമ്മദ് തന്റെ അവസാനയാത്രയ്ക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. 

അഞ്ചു സഹോദരന്മാരും, മൂന്നു സഹോദരിമാരുമുള്ള ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന സന്താനമായിരുന്നു മുഹമ്മദ്. ഓട്ടോറിക്ഷ ഓടിച്ചായിരുന്നു മുഹമ്മദ് ഉദരപൂരണത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.  മുഹമ്മദ് ആയിരുന്നു സ്ഥിരമായ വരുമാനമുള്ള കുടുംബത്തിലെ ഒരേയൊരു അംഗം. ഇനി എങ്ങനെ പിള്ളേരുടെ വയറു നിറയ്ക്കും എന്ന ആശങ്കയിലാണ് മുഹമ്മദിന്റെ പ്രായമായ അച്ഛനും അമ്മയും. തന്റെ മുന്നിൽ ഇനിയും അവശേഷിക്കുന്ന ജീവിതം എങ്ങനെ ജീവിച്ചു തീർക്കുമെന്ന ചിന്തയിലാണ്, ഈ ലോകത്ത് തീർത്തും ഒറ്റയ്ക്കായിപ്പോയ ഷബീന എന്ന ആ പെൺകുട്ടിയും. 

click me!