
ഭിന്നശേഷിക്കാരായ ആളുകളെ ശല്ല്യപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുകയും വീഡിയോ ടിക്ടോക്കിൽ പങ്കുവെക്കുകയും ചെയ്ത് 19 -കാരിയായ ആരോഗ്യപ്രവർത്തക. വീഡിയോ വൈറലായതോടെ കനത്ത രോഷമാണ് യുവതിക്ക് നേരെ ഉയർന്നത്. പിന്നാലെ, യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ജോർജിയയിലെ ലോഗൻവില്ലിൽ നിന്നുള്ള ലുക്രേസിയ കോർമാസ കോയാൻ ആണ് അറസ്റ്റിലായത്.
വീട്ടിലെത്തി ആളുകളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകയാണ് ലുക്രേസിയ. ഭിന്നശേഷിക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു ലുക്രേസിയയുടെ പ്രകടനം. ഇത് വൈറലായി മാറിയതോടെ ആളുകൾക്കിടയിൽ രോഷമുയർന്നിരുന്നു. ഒടുവിൽ ഭിന്നശേഷിക്കാരായ ആളുകളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭിന്നശേഷിക്കാരായ ആളുകളുടെ വീട്ടിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് കരുതുന്നത്. അവരെ പരിചരിക്കാനാവണം ലുക്രേസിയ അവിടെ എത്തിയത്. ആദ്യം ലുക്രേസിയ പങ്കുവച്ച വീഡിയോയിൽ കാണുന്നത് രോഗി ഇരിക്കുന്നതാണ്. സ്റ്റെതസ്കോപ്പും മറ്റുമായി ഇയാൾക്ക് മുകളിൽ നിന്നുകൊണ്ട് ഡാൻസ് ചെയ്യുകയാണ് ലുക്രേസിയ.
ഇത് വലിയ പ്രകോപനം സൃഷ്ടിച്ചില്ലെങ്കിലും പിന്നാലെ തന്നെ ഇതേ ടിക്ടോക്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടു. അതിൽ കാണുന്നത്, ഒരു ബാത്ത് ടബ്ബിലിരിക്കുന്ന രോഗിയുടെ തലഭാഗത്ത് നിന്നും ഡാൻസ് ചെയ്യുന്ന ലുക്രേസിയയെ ആണ്. ഇയാളുടെ വായിൽ എന്തോ വച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ കൂടി വൈറലായി മാറിയതോടെ യുവതിക്ക് നേരെ വലിയ രോഷമുയരുകയായിരുന്നു.
2025 ജനുവരി 23 -നാണ് ലോഗൻവില്ലെ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ആദ്യത്തെ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. പിന്നാലെ, അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജനുവരി 28 -ന്, അന്വേഷണ ഉദ്യോഗസ്ഥർ ലുക്രേസിയയുടെ വീട്ടിലെത്തി തിരച്ചിൽ നടത്തുകയും പിന്നാലെ അവളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.