
ഉപഭോക്താവിനോട് ലുഫ്താൻസ ജീവനക്കാരൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചു. ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ എക്സ് അക്കൗണ്ടിൽ നിന്നുള്ള മറുപടിയാണ് 12 മണിക്കൂറിനുള്ളിൽ 1.35 കോടി കാഴ്ചകൾ നേടിയത്. സംഭവത്തിൽ പിന്നീട് ലുഫ്താൻസ ഉപഭോക്താവിനോട് ക്ഷമാപണം നടത്തി.
അംഗീകരിച്ച പണം ഇതുവരെ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലെന്ന പരാതിയുമായാണ് യാത്രക്കാരൻ ലുഫ്താൻസയെ സമീപിച്ചത്. കമ്പനി മാസങ്ങൾക്ക് മുമ്പ് പണം നൽകാൻ അംഗീകാരം നൽകിയിട്ടും നടപടി പൂർത്തിയാക്കിയില്ലെന്നായിരുന്നു യാത്രക്കാരന്‍റെ ആരോപണം. കേസ് നമ്പറും പങ്കുവച്ച് ഉടൻ തന്നെ പണം നൽകണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം എക്സിൽ ലുഫ്താൻസിനെ ടാഗ് ചെയ്തത് കുറിപ്പെഴുതി. എന്നാൽ ഉപഭോക്തൃ സേവന വിഭാഗത്തിൽ നിന്നുള്ള ‘Flo’ എന്ന പേരിലുള്ള ജീവനക്കാരന്‍റെ മറുപടി പതിവ് ഔദ്യോഗിക ഭാഷയിൽ ആയിരുന്നില്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നേരിട്ടുള്ള സന്ദേശങ്ങളിലൂടെ ലുഫ്താൻസ ഇതിനകം പലതവണ മറുപടി നൽകിയിട്ടുണ്ടെന്നും, അതേ ചോദ്യം എക്സിൽ വീണ്ടും ചോദിച്ചതേ കൊണ്ട് മറുപടി ‘മാജിക്കായി’ മാറില്ലെന്നുമായിരുന്നു പ്രതികരണം.
We’ve already responded to you numerous times via DM on different social media platforms. The response isn’t going to magically change just because you’re asking the same question on X now. /Flo
— Lufthansa (@lufthansa) September 22, 2026
മറുപടി വൈറലായതോടെ നിരവധി എക്സ് ഉപയോക്താക്കൾ ജീവനക്കാരന്‍റെ ഭാഷയെ വിമർശിച്ചു. ചിലർ ഇത് അഹങ്കാരപരവും പ്രൊഫഷണലല്ലാത്തതുമായ ഉപഭോക്തൃ സേവനമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. അതേസമയം, ആവർത്തിച്ച് ഒരേ പരാതി ഉന്നയിക്കുന്ന ഉപഭോക്താവിനോട് ജീവനക്കാരന്‍റെ പ്രതികരണം മനസ്സിലാക്കാവുന്നതാണെന്ന് വാദിച്ച ചിലരുമുണ്ടായിരുന്നു. വിമർശനം ശക്തമായതോടെ ലുഫ്താൻസ പിന്നീട് ക്ഷമാപണവുമായി രംഗത്തെത്തി. ഉപഭോക്താക്കളോട് ഇത്തരത്തിൽ പെരുമാറുന്നത് കമ്പനിയുടെ രീതിയല്ലെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അറിയിച്ചു. എന്നാൽ, സംഭവം വൈറലായെങ്കിലും തനിക്ക് ഇതുവരെ പണം റീഫണ്ട് ലഭിച്ചില്ലെന്ന് യാത്രക്കാരൻ എഴുതി.