
മുംബൈ നഗരം... സൂര്യന്‍ അസ്തമിക്കാന്‍ പോകുന്നു. ലോക്കല്‍ ട്രെയിനുകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു തുടങ്ങി. ജനങ്ങളെല്ലാം തിരികെ വീടുപിടിക്കാനുള്ള ഓട്ടത്തിലാണ്. അതിനിടയിലൂടെ കുറച്ച് ചെറുപ്പക്കാര്‍ നീല്‍, പ്രതമേഷ്, രാകേഷ്, യോഗേഷ്... ഇവര്‍ ശിവാജി പാര്‍ക്കില്‍ തങ്ങള്‍ സ്ഥിരം കൂടാറുള്ള ഇടത്ത് എത്തിച്ചേര്‍ന്നു.
അവര്‍ ജാക്കറ്റ് ധരിച്ചിട്ടുണ്ട്, തലയില്‍ തൊപ്പിയുണ്ട്. രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു അടിപൊളി ടച്ചുണ്ട്. ധാരാവിയില്‍ നിന്നുള്ള ആ സംഘം അവരുടെ അടുത്ത പ്രോഗ്രാമിനുള്ള പരിശീലനത്തിലാണ്. ധാരാവിയില്‍ നിന്നുള്ള ഈ സംഘം M-town breakers -ലെയാണ്. അവരുടെ പ്രകടനങ്ങള്‍ക്ക് യൂ ട്യൂബിലടക്കം ആരാധകര്‍ ഏറെയാണ്. ധാരാവിയില്‍ നിന്നുള്ളവരാ അല്ലേ എന്ന സഹതാപത്തോട് പോകാന്‍ പറയുന്ന നല്ല കിടുക്കാച്ചി ചെക്കന്മാര്‍.
''ഞങ്ങള്‍ക്ക് നിങ്ങളുടെ സഹതാപം ആവശ്യമില്ല. ജനങ്ങള്‍ ഞങ്ങളുടെ കഴിവിനെ അംഗീകരിക്കണം. അതാണ് ഞങ്ങളാഗ്രഹിക്കുന്നത്...'' - സംഘത്തിലെ പ്രതമേഷ് പറയുന്നു. M-town breakers എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ സംഘം ലക്ഷ്യം വെക്കുന്നത് അവരുടെ പാട്ടുകളിലൂടെ ഒരു വിപ്ലവം തന്നെയാണ്. മാനസ് ധിവാര്‍ എന്ന കൊറിയോഗ്രാഫറാണ് ഇവരെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.
10 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണിത്. ഇതില്‍ തന്നെ പാട്ടുകാരും, ഡാന്‍സേഴ്സും, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളും ഉണ്ട്. ഇതില്‍ മാനസ്, ഹിപ് ഹോപ്പിനായി തന്‍റെ പഠനം ഉപേക്ഷിച്ചുവെങ്കിലും ബാക്കിയെല്ലാവരും പഠിക്കുന്നവരാണ്. പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി ജയിക്കുക എന്നതും അവരുടെ ലക്ഷ്യമാണ്.
'നമുക്കെല്ലാവര്‍ക്കും ഓരോ പ്രശ്നങ്ങളുണ്ട് പറയാന്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് അത് പറയുന്നു അതാണ് നമ്മുടെ ടീം' എന്നും പ്രതമേഷ്. എല്ലാവരും 18 നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാവരും മുംബൈയില്‍ തന്നെയുള്ളവര്‍. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, ദാരിദ്ര്യം, പട്ടിണി, അഴിമതി തുടങ്ങി എന്തിന് നേരെയും ഇവര്‍ ഈ കലയുടെ വാളുപയോഗിക്കുന്നു.