
യുഎസ്സിൽ ഓരോ വർഷവും ഏകദേശം 6,000 കുഞ്ഞുങ്ങൾ ഡൗൺ സിൻഡ്രോമുമായി ജനിക്കുന്നു. ഇത് ജനിക്കുന്ന 700 കുട്ടികളിൽ ഒരാൾക്കെങ്കിലും ഈ അവസ്ഥയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. ഡൗൺ സിൻഡ്രോം(Down Syndrome) ഉള്ള ആളുകൾക്ക് പലപ്പോഴും മറ്റുള്ളവരിൽ നിന്ന് ഉപദ്രവവും ഭീഷണിയും നേരിടേണ്ടിവരുന്നു. ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് തെളിയിക്കാൻ, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ(Macedonia)യുടെ പ്രസിഡന്റ്, ഡൗൺ സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ സ്‌കൂളിൽ നേരിട്ട് കൊണ്ടുചെന്നാക്കി. കുഞ്ഞിനെ ചിലർ ഉപദ്രവിച്ചു എന്ന് അറിഞ്ഞതിനെ തുടർന്നാണ് പ്രസിഡണ്ട് അവളെ ക്ലാസിലേക്ക് കൊണ്ടുപോയി വിട്ടത്. നേതാവിനെ ഇപ്പോൾ ആളുകൾ ഇതിന്റെ പേരിൽ പ്രശംസിക്കുകയാണ്.
ഗോസ്തിവാറിൽ താമസിക്കുന്ന 11 വയസ്സുകാരി എംബ്ല അഡെമി(Embla Ademi) അവളുടെ സ്കൂളിൽ വിവേചനം നേരിടുന്നുണ്ടെന്ന് പ്രസിഡന്റ് സ്റ്റെവോ പെൻഡറോവ്സ്കി(Stevo Pendarovski) അറിഞ്ഞു. പിന്തുണ നൽകുന്നതിനായി അദ്ദേഹം അവളെ ചെന്ന് കണ്ടു. അവളുടെ പ്രൈമറി സ്കൂളായ 'എഡിൻസ്‌റ്റോ'യിലേക്ക് അവൾക്കൊപ്പം അദ്ദേഹവും നേരിട്ട് പോയി. പ്രസിഡൻറ് പെൻഡറോവ്‌സ്‌കി പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച് ഉപദ്രവങ്ങളുൾപ്പടെ ദിനംപ്രതി അവൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
“നമ്മുടെ മുൻവിധികളെക്കുറിച്ചും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ സംരക്ഷണവും പരിചരണവും നൽകേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എംബ്ലയുടെ കേസ് നമ്മെ ഓർമ്മപ്പെടുത്തുന്നു” ഇൻസ്റ്റഗ്രാമിൽ അവളെ കണ്ടുമുട്ടിയ വീഡിയോയ്ക്കൊപ്പം പ്രസിഡന്റ് എഴുതി. “ഒരു രാജ്യമെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇത് നമ്മുടെ കടമയാണ്, ഈ പൊതു ദൗത്യത്തിലെ പ്രധാന ഘടകം സഹാനുഭൂതിയാണ്. എംബ്ലയെപ്പോലുള്ള കുട്ടികളെ ഇത് സഹായിക്കും. എന്നാൽ, അവളെപ്പോലുള്ള കുഞ്ഞുങ്ങളോട് ആത്മാർത്ഥമായി ഇടപെടണമെന്നും ഐക്യദാർഢ്യപ്പെടണമെന്നും എല്ലാം പഠിക്കാനും ഇത് നമ്മെ സഹായിക്കും" പെൻഡറോവ്സ്കി പറഞ്ഞു.
ഏതായാലും പ്രസിഡണ്ടിനെ നിരവധിപ്പേർ ഇതേ തുടർന്ന് അഭിനന്ദിച്ചു. ഡൗൺസിൻഡ്രോം ഉള്ള കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കാൻ ഇത് പ്രചോദനമാകും എന്നാണ് കരുതപ്പെടുന്നത്.