മാധവിക്കുട്ടി: ഒരേസമയം ആരാധിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ടേയിരുന്നു...

Published : May 31, 2019, 01:27 PM ISTUpdated : May 31, 2019, 02:31 PM IST
മാധവിക്കുട്ടി: ഒരേസമയം ആരാധിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ടേയിരുന്നു...

Synopsis

സ്നേഹത്തെ സംബന്ധിച്ച എല്ലാ ചങ്ങലകളും അവര്‍ തകര്‍ത്തിരുന്നു. പ്രായവും കാലവുമില്ലാത്ത ആണെന്നോ പെണ്ണെന്നോ ഇല്ലാത്ത, ശരീരംപോലും ആവശ്യമില്ലാത്ത ഒന്നായിരുന്നു അവര്‍ക്ക് പ്രണയം. അല്ലെങ്കിലും ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കുള്ള യാത്രയ്ക്കെന്തിനാണ് ശരീരം.  

ഹൃദയം നിറയെ പ്രണയം നിറഞ്ഞ ഒരുവള്‍ എന്തുചെയ്യുമെന്നാണ്? അവള്‍ പ്രണയിക്കും, ഋതുഭേദങ്ങള്‍പോലെ പ്രണയത്തിന്‍റെ ഭംഗിയുള്ള ഉടയാടകള്‍ മാറിമാറിയണിയും. ഓരോ അണുവിലും അതിന്‍റെയടയാളങ്ങളവശേഷിപ്പിക്കും... എന്നിട്ടും തീരാതെ അവളതെഴുതും. അതങ്ങനെ നമ്മുടെ ഹൃദയത്തിലും നില്‍ക്കാതെ നിറഞ്ഞുകവിഞ്ഞൊഴുകും. പടരും. നമ്മളത്ഭുതപ്പെടും... അതെ, മാധവിക്കുട്ടിയുടെ പ്രണയം ഒരു അത്ഭുതമായിരുന്നു. 

അവര്‍ പുതിയൊരു ആണിനെയും പെണ്ണിനെയും കുറിച്ചുപറഞ്ഞു. പുതിയൊരു സ്നേഹത്തെയും സ്വാതന്ത്ര്യത്തേയും അനുഭവിപ്പിച്ചു. ബന്ധങ്ങളുടെ അതിലോലവും സൂക്ഷ്മവുമായ ഇഴകളെ കാണിച്ചുതന്നു. എത്ര നേര്‍ത്ത നൂലുകള്‍കൊണ്ടായിരുന്നു അതിന്‍റെ അതിരുകള്‍ തിരിച്ചിരുന്നതെന്ന് അപ്പോഴാണ് നമ്മളറിഞ്ഞത്.  സ്നേഹത്തിന്‍റെ ഉപാധി സ്നേഹമല്ലാതെ മറ്റൊന്നുമല്ലെന്ന് നിരുപാധികപ്രണയത്തെ അവര്‍ നിര്‍വചിച്ചു. 

''ഞാന്‍ ഭാവിയെപ്പറ്റിയോര്‍ത്ത് മനസിനെ അലട്ടുന്നില്ല. വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. പാപബോധം തീരെയില്ല. ഒരിക്കല്‍ ഞാനും നിങ്ങളും ഇതു മതിയാക്കാന്‍ ആഗ്രഹിക്കും. അപ്പോള്‍ ഒരു യാത്രപറച്ചിലുണ്ടാവും. പിരിഞ്ഞ് രണ്ടുവഴിക്ക് പോകും. അത്രതന്നെ. കരച്ചിലുമില്ല ആവലാതിയുമില്ല. മുറിഞ്ഞുതൂങ്ങിനില്‍ക്കുന്ന ഉത്തരവാദിത്തങ്ങളുമില്ല. രണ്ടു സ്വതന്ത്രജീവികള്‍'' ('സ്വതന്ത്രജീവികള്‍') എന്നവര്‍ എത്രസുന്ദരമായാണ് പ്രണയത്തിന്‍റെ പുരാതനവും ഭീകരവുമായ  രാക്ഷസക്കോട്ടകള്‍ തകര്‍ത്തുകളയുന്നത്. 

സ്നേഹത്തെ സംബന്ധിച്ച എല്ലാ ചങ്ങലകളും അവര്‍ തകര്‍ത്തിരുന്നു. പ്രായവും കാലവുമില്ലാത്ത ആണെന്നോ പെണ്ണെന്നോ ഇല്ലാത്ത, ശരീരംപോലും ആവശ്യമില്ലാത്ത ഒന്നായിരുന്നു അവര്‍ക്ക് പ്രണയം. അല്ലെങ്കിലും ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കുള്ള യാത്രയ്ക്കെന്തിനാണ് ശരീരം.

മാധവിക്കുട്ടി നമ്മുടെ ലോകം മാറ്റിയതങ്ങനെയാണ്. സ്നേഹത്തിലവര്‍ വാചാലയായി, നിരാസങ്ങളിലും വിരഹങ്ങളിലും നിരന്തരം വേദനിച്ചു, നമ്മളും... സ്നേഹിച്ചും സ്നേഹത്തെയോര്‍ത്തു വേദനിച്ചും പ്രണയത്തിന്‍റെ തരിശുനിലങ്ങളില്‍ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടി. വിശേഷിച്ചൊന്നും പറയാനില്ലാതെ ഹൃദയവ്യഥയില്‍ വിങ്ങിയിരുന്നു. ഒരിക്കല്‍ സ്നേഹിച്ചിരുന്നതുകൊണ്ട് ഇപ്പോള്‍ വെറുത്തുതുടങ്ങിയോയെന്ന് വേദനയോടെ ആരാഞ്ഞുകൊണ്ടേയിരുന്നു.

അവരുടെ വാക്കുകളിലൂടെ സ്നേഹത്തിന്‍റെ അത്ഭുതങ്ങളെയറിയുന്നതുപോലെ സുഖദമായി മറ്റൊന്നില്ല. 'അതേ, സ്നേഹത്തിന്‍റെ പരിപൂര്‍ണത കാണിച്ചുതരുവാന്‍ എനിക്കുമാത്രമേ കഴിയൂ. എനിക്കു നീ ഓരോന്നായി കാഴ്ചവെക്കും. ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍, അവയവഭംഗിയുള്ള ദേഹം, എല്ലാം... ഓരോ രോമകൂപവുംകൂടി നീ കാഴ്ചവെക്കും. ഒന്നും നിന്‍റേതല്ലാതാവും. എന്നിട്ട് ഈ ബലിക്ക് പകരമായി ഞാന്‍ നിനക്ക് സ്വാതന്ത്ര്യം തരും. നീ ഒന്നുമല്ലാതായിത്തീരും. പക്ഷേ എല്ലാമാവും...' അങ്ങനെ സ്നേഹം  തപസ്സായിത്തീരുന്നു. തപസിന്‍റെ അന്ത്യമായ സായൂജ്യവും അതുതന്നെ. അവിടെ പകയില്ല, ദ്വേഷമില്ല, ഞാനോ നീയോ എന്ന വാദങ്ങളില്ല, സ്നേഹം മാത്രം. അനാദിയും അനന്തവുമായ സ്നേഹം. 

പക്ഷേ, നമ്മള്‍ കള്ളന്‍മാരാണ്. സത്യസന്ധമായി നമ്മളൊന്നും ചെയ്തിട്ടില്ല. സ്നേഹം പ്രകടിപ്പിച്ചിട്ടില്ല, വാല്‍സല്യം കാണിച്ചിട്ടില്ല, പ്രേമിക്കാനും കാമിക്കാനുമറിയില്ല. എന്തിന്, സത്യസന്ധമായി ജീവിക്കാന്‍പോലുമറിയില്ല.  ആകെയറിയുന്നത് പേടിക്കാന്‍മാത്രം. ആരെയെന്നോ എന്തിനെയെന്നോപോലുമറിയാത്ത പേടി... അവരാവട്ടെ പ്രണയം തോന്നി, പ്രണയിച്ചു. വാസനത്തൈലംപൂശി അണിഞ്ഞൊരുങ്ങി, പ്രണയത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെഴുതി, മതം മാറി... നമ്മളോ ഒരേസമയം അവരെ ആരാധിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ടേയിരുന്നു.

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു