
സ്വന്തം യാത്രയയപ്പ് പാർട്ടിയിൽ ഔദ്യോഗിക കസേരയിലിരുന്ന് പാട്ടുപാടിയ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. 1981-ലിറങ്ങിയ അമിതാഭ് ബച്ചൻ അഭിനയിച്ച 'യാര തേരി യാരി കോ' എന്ന ഹിറ്റ് ഗാനമാണ് തഹസിൽദാർ പ്രശാന്ത് തോറാട്ട് പാടുന്നത്. തഹസിൽദാർ പാട്ട് പാടുമ്പോൾ ചുറ്റുമുള്ളവർ കയ്യടിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. 'താലൂക്ക് മജിസ്ട്രേറ്റ്' എന്ന് എഴുതിയ ഒരു ബോർഡും അദ്ദേഹത്തിന്റെ പിന്നിലായി കാണാമായിരുന്നു.
നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്കായിരുന്നു പ്രശാന്തിനെ സ്ഥലം മാറ്റിയത്. രണ്ട് പ്രദേശങ്ങളും ഒരേ ഡിവിഷന് കീഴിൽ തന്നെ ആയതിനാൽ, അദ്ദേഹം അതേ ദിവസം തന്നെ തന്റെ പുതിയ പോസ്റ്റിംഗിന്റെ ചുമതല ഏറ്റെടുക്കുയായിരുന്നു. അതേസമയം, ഓഗസ്റ്റ് 8 -ന് ഉമ്രിയിൽ അദ്ദേഹത്തിനായി ഒരു യാത്രയയപ്പ് പാർട്ടി സംഘടിപ്പിച്ചു. അതിൽ വച്ചാണ് പ്രശാന്ത് പാട്ട് പാടിയത്.
പിന്നാലെ, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങൾ. വലിയ വിമർശനമാണ് പ്രശാന്തിനെതിരെ ഉയർന്നത്. തഹസിൽദാറുടെ സീറ്റിലിരുന്നുകൊണ്ട് പാട്ടുപാടിയത് ശരിയായില്ല എന്നും ആ പദവിയുടെ പ്രാധാന്യം കുറച്ച് കാണിക്കുന്ന പെരുമാറ്റമാണ് പ്രശാന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നുമായിരുന്നു പ്രധാനമായും വിമർശനം ഉയർന്നത്.
വിവാദത്തിന്റെ വെളിച്ചത്തിൽ, നന്ദേഡ് കളക്ടർ ഉന്നത അധികാരികൾക്ക് ഈ വിഷയത്തെക്കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രശാന്തിന്റെ പെരുമാറ്റം ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി എന്നും 1979 -ലെ മഹാരാഷ്ട്ര സിവിൽ സർവീസസ് (പെരുമാറ്റ) നിയമങ്ങൾ ലംഘിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നീട് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.