
വിദേശത്തുപോയി ജീവിക്കുന്ന ഒരുപാട് ഇന്ത്യക്കാർ ഇന്നുണ്ട്. അതുപോലെ തന്നെ വിദേശത്തുനിന്നെത്തി ഇന്ത്യയിൽ ജീവിക്കുന്നവരും ഉണ്ട്. സാംസ്കാരികപരമായ ഒരുപാട് വ്യത്യാസങ്ങൾ പലപ്പോഴും ഇത്തരം കുടിയേറ്റങ്ങളിൽ പ്രകടമാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ പലരും ഇതേക്കുറിച്ച് ഷെയർ ചെയ്യാറുമുണ്ട്. എന്തായാലും, നെതർലാൻഡ്സിൽ ജീവിക്കുന്ന ഒരു ഇന്ത്യക്കാരനോടും ഒരു ഇൻഫ്ലുവൻസർ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചു. ഏത് കാര്യത്തിലാണ് നിങ്ങൾ കൂടുതലും ഇന്ത്യക്കാരനായിരിക്കുന്നത് എന്നായിരുന്നു ചോദ്യം. കുട്ടിക്കാലം തൊട്ടേ നെതർലാൻഡ്സിൽ വളർന്ന യുവാവിന്റെ ഉത്തരം അത് ഭക്ഷണത്തിന്റെ കാര്യത്തിലാണ് എന്നായിരുന്നു.
ഇന്ത്യക്കാർ അതിഥികളെ ഭക്ഷണം കൊടുത്ത് സൽക്കരിക്കുന്നതിന്റെ പേരിൽ വളരെ പ്രശസ്തരാണ് അല്ലേ? വീട്ടിൽ വരുന്നവരെ പരമാവധി ഭക്ഷണം നൽകി സന്തോഷിപ്പിച്ചു വിടുക എന്നതാണ് പലപ്പോഴും ഇന്ത്യക്കാരുടെ ലവ് ലാംഗ്വേജ് അഥവാ സ്നേഹത്തിന്റെ ഭാഷ. യുവാവ് പറയുന്നത് ഇന്ത്യയിൽ വീട്ടിൽ പൈപ്പ് നന്നാക്കാൻ വരുന്നവരാണെങ്കിൽ പോലും ഭക്ഷണമോ കാപ്പിയോ കൊടുത്താണ് വിടാറുള്ളത് എന്നാണ്.
എന്നാൽ, ഡച്ചുകാർക്കിടയിൽ അങ്ങനെ അധികം കാണാറില്ല എന്നും യുവാവ് പറയുന്നു. തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചും യുവാവ് പറയുന്നുണ്ട്. 'ചെറുപ്പത്തിൽ അടുത്ത വീട്ടിൽ ബാർബിക്യൂ തയ്യാറാക്കുകയായിരുന്നു. അന്ന് തന്നെ കളിക്കാൻ വിളിച്ചപ്പോൾ അവിടെ കളിക്കാൻ പോയി. പിന്നീട്, അച്ഛനും അമ്മയും തന്നെ കൂട്ടാൻ വന്നു. എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന് തന്നോട് ചോദിച്ചപ്പോൾ രസകരമായിരുന്നു, പക്ഷേ തനിക്ക് ഇറച്ചിയൊന്നും കിട്ടിയില്ല എന്ന് താൻ അച്ഛനോടും അമ്മയോടും പറഞ്ഞു. ചോദിച്ചപ്പോൾ തീർന്നുപോയി എന്നാണ് വീട്ടുകാർ പറഞ്ഞത്. ബാക്കിയുണ്ടായിരുന്നത് അവർ എടുത്ത് ഫ്രിഡ്ജിൽ വച്ചിരിക്കുകയായിരുന്നു. ചോദിച്ചപ്പോൾ പിറ്റേന്നത്തേക്കുള്ളതാണ് എന്നാണ് പറഞ്ഞത്' എന്നും യുവാവ് പറയുന്നു.
അതേസമയം, ഡച്ചുകാർ എല്ലാവരും അങ്ങനെയാണ് എന്ന് ഇതിന് അർത്ഥമില്ല. ഈ അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്റെ ഡച്ചുകാരായ ഫ്രണ്ട്സിൽ ചിലർ പോലും അമ്പരന്നു എന്നും യുവാവ് പറഞ്ഞു.
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരുന്നു. വീട്ടിൽ വരുന്നവരെ ഭക്ഷണം കൊടുത്ത് സൽക്കരിക്കുന്നതിൽ ഇന്ത്യക്കാർ വേറെ ലെവലാണ് എന്നായിരുന്നു പലരുടേയും അഭിപ്രായം. അതേസമയം, യുവാവിനുണ്ടായ അനുഭവം വിശ്വസിക്കാനാവുന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ ഡച്ചുകാരും അങ്ങനെയല്ല എന്ന് പറഞ്ഞവരും ഉണ്ട്.