
വിവാഹം എന്നാൽ ഏറെ സന്തോഷവും ആഹ്ലാദവും ഒക്കെ നിറയുന്ന ഒരു ചടങ്ങാണ്. എന്നാൽ, ചില വിട്ടുവീഴ്ചകളില്ലായ്മയും മറ്റും കാരണം ഈ ചടങ്ങുകൾ ആകെ അലങ്കോലമായി മാറാറുണ്ട്. അതുപോലെ ഒരു വാർത്തയാണ് ആഗ്രയിൽ നിന്നും വരുന്നത്. വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ തർക്കമായി. ആ തർക്കം പിന്നീട് കയ്യാങ്കളിയായി. അതോടെ വിവാഹച്ചടങ്ങ് ആകെ അലങ്കോലമായത്രെ. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിൽ തുടങ്ങിയത് താമസിയാതെ അക്രമാസക്തമായി മാറുകയായിരുന്നു. വടികളും മരക്കഷണങ്ങളും കൊണ്ട് ഇരുകൂട്ടരും പരസ്പരം തല്ലാനും മറ്റും തുടങ്ങി അതോടെ, നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദിയാകെ താറുമാറാകുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലാൽ പ്യാർ കി ധർമ്മശാലയിൽ നടന്ന വിവാഹാഘോഷം തുടക്കത്തിൽ സുഗമമായി നടന്നിരുന്നു. എന്നാൽ, വരന്റെ കുടുംബം എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സ്വീകരണത്തിനിടെ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയായിരുന്നു. അധികം വൈകാതെ ഇരുവിഭാഗത്തിനിടയിലും കലഹമുണ്ടായി. ഇത് കൈയാങ്കളിയിലും ബഹളത്തിലും കലാശിച്ചു. തുടർന്ന് മുന്നുംപിന്നും നോക്കാതെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മണ്ഡപത്തിലെ അലങ്കാരങ്ങൾ നശിക്കുകയും പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആകെ പരിഭ്രാന്തരായ അതിഥികൾ പരക്കംപായുകയായിരുന്നത്രെ. സ്ത്രീകളും കുട്ടികളും സ്വന്തം സുരക്ഷയെ കരുതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവസാനം കയ്യാങ്കളി നിയന്ത്രിക്കാൻ ഖണ്ഡാലി പൊലീസ് സ്ഥലത്തെത്തി. രണ്ട് വീട്ടുകാരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചു. രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ ഇരുകൂട്ടരും രമ്യതയിലെത്തുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.