
ഇന്ന് ലോകം മുഴുവൻ ആരാധനയോടെ കാണുന്ന ഒരു വ്യക്തിത്വത്തിന്റെ പിറന്നാളാണ്. ഒരു കുട്ടിക്കും, ഒരു അധ്യാപകനും, ഒരു പേനയ്ക്കും, ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും എന്ന് നമ്മോട് പറഞ്ഞ ആ വ്യക്തിയുടെ പേര് മലാല യൂസഫ്സായി. കളിച്ചു നടക്കേണ്ട പ്രായത്തിൽ തൻറെ സമപ്രായക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി താലിബാനെ നേരിടാൻ മലാല നിർഭയമായി നിലകൊണ്ടു. ആ അസാധാരണ ധൈര്യത്തെ ലോകം ആദരിക്കുന്ന ദിനമാണ് ഇന്ന്, മലാല ദിനം മറ്റൊരു തരത്തിൽ പറഞ്ഞാൽ മലാല യൂസഫ് സായിയുടെ ജന്മദിനം, ജൂലൈ 12.
പെൺകരുത്തിന്റെ പര്യായമായി ലോകം കാണുന്ന മലാല യൂസഫ്സായ് ലോകത്തെ അനേകായിരം പെൺകുട്ടികൾക്ക് എന്നും ധൈര്യം പകരുന്ന ഒരു പാഠപുസ്തകം ആണ്. 2013 മുതലാണ് ഐക്യരാഷ്ട്ര സംഘടന മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലെ മങ്കോരയിൽ 1997 ജൂലൈ 12 -നാണ് മലാലയുടെ ജനനം. ഒരു സ്കൂൾ ഉടമയായിരുന്നു പിതാവ് സിയാവുദീൻ യൂസഫ്സായ്.
2007 -ൽ താലിബാൻ സ്വാത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അതോടെ അവിടുത്തെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ദുരിതത്തിൽ ആവാൻ തുടങ്ങി. നിരോധനങ്ങളുടെ ഒരു വലിയ നിരയായിരുന്നു താലിബാൻ അവിടുത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ടെലിവിഷനും സംഗീതവും മുതൽ സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽ വരെ താലിബാൻ നിരോധനം ഏർപ്പെടുത്തി. ഇത് ജനങ്ങൾക്കിടയിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ജീവൻ ഭയന്ന് ആരും പ്രതികരിച്ചില്ല.
എന്നാൽ, ആ അനീതിക്കെതിരെ അവിടെനിന്നും ഒരു കൊച്ചു പെൺകുട്ടി ധീരമായി ശബ്ദമുയർത്തി. അവളുടെ പേരായിരുന്നു മലാല. ആ പ്രതികരണത്തിന് അവളെ പ്രാപ്തയാക്കിയത് അവളുടെ പിതാവ് സിയാവുദീൻ ആയിരുന്നു. ഒരു പെൺകുട്ടി പുറത്തിറങ്ങുന്നതുപോലും അതിഭീകരമായ സമയത്താണ് പ്രസ് ക്ലബിലെത്തി താലിബാനെതിരെ മലാല ശബ്ദമുയർത്തിയത്.
പതിനൊന്നു വയസ്സുള്ളപ്പോള്‍ 2009 -ൽ ബിബിസിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ലോഗാണ് മലാലയെ ആദ്യം ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. 2012 ൽ മലാലക്കു നേരെ താലിബാൻ തീവ്രവാദികൾ വെടിയുതിർത്തു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍ വക്താവ്, മലാലയെ ‘അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അധ്യായം’ എന്നാണ് വിശേഷിപ്പിച്ചത്.
എന്നാൽ അവൾ തളർന്നില്ല, ഒരടി പോലും പിന്നോട്ട് മാറിയതുമില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ 2014 സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകി ലോകം അവളെ ആദരിച്ചു. നൊബേൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അങ്ങനെ മലാല യൂസഫ്സായി മാറി. ലോകത്തെ എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്ര സംഘടനയുടെ പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം 'ഞാൻ മലാല' എന്നാണ്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിൽ മലാല ബിരുദം നേടി. 28 -കാരിയായ മലാല ഇപ്പോൾ യുകെയിലാണ് താമസിക്കുന്നത്. അവിടെ അവർ മലാല ഫണ്ടിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ഓർമ്മക്കുറിപ്പായ 'മൈ വേ' എന്ന പുസ്തകവും മലാല അടുത്തിടെ പുറത്തിറക്കിയിരുന്നു.