Latest Videos

Tiger Killed : മൃഗശാലാ ജീവനക്കാരന്റെ കൈപ്പത്തി കടിച്ചെടുത്ത കടുവയെ വെടിവെച്ചുകൊന്നു

By Web TeamFirst Published Dec 30, 2021, 6:45 PM IST
Highlights

വിവരമറിഞ്ഞ് മൃഗശാലയിലേക്ക് കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് കടുവയുടെ വായില്‍ ഇയാളുടെ കൈപ്പത്തി ഇരിക്കുന്നതാണ്. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കടുവയ വെടിവെച്ചു കൊല്ലുകയായിരുന്നു. 

കടുവയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അറിയാതെ കൂട്ടില്‍ കൈ വെച്ചുപോയ ശുചീകരണ ജോലിക്കാരന്റെ കൈപ്പത്തി കടിച്ചെടുത്ത കടുവയെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള നേപ്പിള്‍സ് മൃഗശാലയിലാണ് സംഭവം. നാലു വയസ്സ് പ്രായമുള്ള മലായന്‍ കടുവയാണ് കൊല്ലപ്പെട്ടത്. 

കൂടിനടുത്ത് വീണുകിടന്ന ജീവനക്കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവയുടെ വായില്‍നിന്നും കിട്ടിയ കൈ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ നടന്നു. 

കഴിഞ്ഞ ദിവസമാണ് സംഭവം. ശുചീകരണ ജോലിക്കിടെ, ഒരു ജീവനക്കാരന്‍ കടുവയ്ക്ക് അനധികൃതമായി ഭക്ഷണം നല്‍കാന്‍ ശ്രമിച്ചതായിരുന്നു. ഇതിനിടെ ഇയാള്‍ അറിയാതെ കടുവക്കൂട്ടില്‍ കൈവെച്ചു പോയി. തുടര്‍ന്ന് കടുവ ഒറ്റച്ചാട്ടത്തിന് ഇയാളുടെ കൈപ്പത്തി കടിച്ചെടുത്തു. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണ ജീവനക്കാരന്‍ പിടഞ്ഞുകൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിച്ചു. 

വിവരമറിഞ്ഞ് മൃഗശാലയിലേക്ക് കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് കടുവയുടെ വായില്‍ ഇയാളുടെ കൈപ്പത്തി ഇരിക്കുന്നതാണ്. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കടുവയ വെടിവെച്ചു കൊല്ലുകയായിരുന്നു. 

കടുവയുടെ വായില്‍നിന്നും കൈപ്പത്തി എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ അവ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ അതിനു മുമ്പേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 

സ്വകാര്യ സ്ഥാപനത്തില്‍നിന്നും മൃഗശാലയില്‍ ശുചീകരണ ജോലിക്കായി വന്നതായിരുന്നു 20-വയസ്സുകാരനായ ജീവനക്കാരന്‍. ഇവിടെ പുതിയ ആളായതിനാല്‍, അബദ്ധത്തില്‍ കടുവയ്ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചതായിരുന്നുവെന്ന് പറയുന്നു. ഇയാളുടെ ജോലിയുടെ പരിധിയില്‍ വരുന്നതല്ല കടുവക്കൂട്. എന്നാല്‍, കൗതുകത്തിന് ഇയാള്‍ കടുവയുടെ കൂട്ടിനടുത്തു ചെന്ന് ആരും കാണാതെ ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ്, കൈ ശ്രദ്ധയില്‍ പെട്ട കടുവ കൈപ്പത്തി കടിച്ചെടുത്തത്. 

വംശനാശം സംഭവിച്ച ഇനത്തില്‍ പെട്ടതാണ് മലായന്‍ കടുവകള്‍. സിയാറ്റിലിലെ ഒരു മൃഗശാലയില്‍നിന്നും രണ്ടു വര്‍ഷം മുമ്പാണ് ഈ കടുവയെ നേപ്പിള്‍സ് മൃഗശാലയില്‍ കൊണ്ടുവന്നത്. ഇക്കോ എന്നു പേരിട്ട കടുവ കാഴ്ചക്കാരുടെ ഓമനയായിരുന്നു. 

കടുവയുടെ വായില്‍നിന്നും കൈപ്പത്തി തിരിച്ചുകിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചത് എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജനെ വരുത്തി മയക്കുവെടി വെച്ച് ചികില്‍സ നടത്താന്‍ ശ്രമം നടന്നുവെങ്കിലും കടുവ വൈകാതെ ചത്തു. സംഭവത്തെക്കുറിച്ച് വനംവന്യജീവി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

click me!