
ഇന്തോനേഷ്യയിൽ നിന്ന് അനധികൃത കടൽ മാർഗം വഴി മടങ്ങാൻ ശ്രമിക്കുന്നതിനിടെ പെരാക്കിൽ നിന്നുള്ള 46 -കാരനായ മലേഷ്യൻ ലോറി ഡ്രൈവറെ മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്‍റ് ഏജൻസി അറസ്റ്റ് ചെയ്തു. ആദ്യ ഭാര്യയിൽ നിന്നും രണ്ടാം വിവാഹം മറച്ച് വയ്ക്കാനായിരുന്നു ഇയാൾ അനധികൃത യാത്ര നടത്തിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഭാര്യയുടെ കൈവശമായിരുന്നു ഇയാളുടെ പാസ്പോർട്ട്. അതിനാൽ വിമാന മാർഗം യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന് യുവാവ് അധികൃതരോട് പറഞ്ഞു.
ആദ്യ ഭാര്യക്ക് തന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇയാൾ സെലാങ്കൂർ മാരിടൈം അധികൃതരോട് സമ്മതിച്ചു. നാല് കുട്ടികളുടെ പിതാവായ ഇയാൾ, ഒരു വർഷം മുമ്പ് സെലാങ്കൂരിലെ റാവാങ്ങിൽ രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാം ഭാര്യ ഗർഭിണിയായതറിഞ്ഞ് കാണാനായി പോകാൻ ശ്രമിച്ചപ്പോഴാണ് പാസ്പോർട്ട് ആദ്യ ഭാര്യയുടെ കൈവശമാണെന്ന് അറിഞ്ഞത്. പിന്നാലെ ആദ്യ ഭാര്യ വിവരം അറിയാതിരിക്കാനായി അനധികൃതമായി കടൽ മാർഗ്ഗം യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് മാസം ഗർഭിണിയായ രണ്ടാമത്തെ ഭാര്യ ഇന്തോനേഷ്യയിൽ ഗുരുതരാവസ്ഥയിലായതിനാലാണ് താൻ ഇത്തരമൊരു വഴി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.
സെലാൻഗോറിലെ സബക് ബെർണാമിന് സമീപം രജിസ്റ്റർ ചെയ്യാത്ത ഒരു ഫൈബർഗ്ലാസ് ബോട്ടിൽ വച്ചാണ് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്‍റ് ഇയാളെ പിടികൂടിയത്. ഒരു മ്യാൻമർ പൗരൻറെ ഉടമസ്ഥതയിലുള്ള കപ്പലിൽ 17 പുരുഷന്മാരും ഒമ്പത് സ്ത്രീകളും അഞ്ച് വയസ്സുള്ള ഒരു കുട്ടിയും രണ്ട് മലേഷ്യൻ പുരുഷനും ഉൾപ്പെടെ 26 പേർ രേഖകളില്ലാത്ത അനധികൃതമായി യാത്ര ചെയ്യുകയായിരുന്നെന്ന് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്‍റ് അറിയിച്ചു. സെലങ്കൂർ ജലാശയങ്ങൾ വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും കുടിയേറ്റക്കാരെ കടത്താനുള്ള ശ്രമിച്ച രണ്ട് ബോട്ടുകൾ പിടികൂടിയതായി അധികൃതർ അറിയിച്ചു.