
കീഴാടി ഖനനം ദ്രാവിഡ ചരിത്രത്തെ നൂറ്റാണ്ടുകളോളം പിന്നിലേക്ക് കൊണ്ടുപോയിരിക്കുന്നു. സിന്ധു നദീതട സംസ്കാരത്തോളം പഴക്കം ചെന്നൊരു സംസ്കാരം ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്നുവെന്ന കണ്ടെത്തൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ എഴുതപ്പെട്ട ചരിത്രത്തെ കീഴ്മേൽ മറിച്ചു. ഏറ്റവും ഒടുവിലായി കീഴാടി ഖനനത്തിന്‍റെ ഭാഗമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള തിരുമലപുരത്ത് നടത്തിയ ഖനനത്തിൽ 5,300 വർഷം പഴക്കമുള്ള ഒരു ഇരുമ്പു കുന്തം കണ്ടെത്തിയിരിക്കുന്നു.
എട്ട് അടി നീളമുള്ള ഇരുമ്പ് കൊണ്ട് നിർമ്മിച്ച കുന്തമായിരുന്നു അത്. ഇന്ത്യയിലെ പുരാവസ്തു ഖനന പ്രദേശങ്ങളിൽ നിന്ന് മുമ്പ് ലഭിച്ചിട്ടുള്ള ഏതൊരു ആയുധത്തേക്കാളും വളരെ നീളമുള്ളതാണ് ഈ കുന്തം. ഇത്രയേറെ കാലം മണ്ണിനടയിൽ കിടന്നിട്ടും വളരെ കുറച്ച് നാശനഷ്ടം മാത്രമേ ഈ കുന്തത്തിന് സംഭവിച്ചിട്ടൊള്ളൂവെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി. തമിഴ്‌നാടിന്‍റെ വരണ്ട മണ്ണിന്‍റെ പ്രത്യേക കാരണമാണ് കുന്തത്തിന് ഇത്രകാലം മണ്ണിൽ കിടന്നിട്ടും വലിയ നാശം സംഭവിക്കാത്തതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. അസാധാരണമായ കരകൗശല വൈദഗ്ധ്യവും കുന്തത്തിൽ ദൃശ്യമായിരുന്നു. ഉറച്ച പിടിയ്ക്കായി രൂപകൽപ്പന ചെയ്ത വൃത്താകൃതിയിലുള്ള അറ്റവും ഇതിനുണ്ട്. അതിന്‍റെ വലിപ്പം, ഉയർന്ന വൈദഗ്ധ്യമുള്ള യോദ്ധാക്കൾക്ക് വേണ്ടിയുള്ളതോ അല്ലെങ്കിൽ പ്രത്യേക യോദ്ധാക്കൾക്ക് വേണ്ടിയോ നിർമ്മിക്കപ്പെട്ടതാകാമെന്ന സൂചന നൽകുന്നു.
തിരുമലപുരത്തുള്ള ഇരുമ്പുയുഗ ശ്മശാന സ്ഥലത്ത് നിന്നാണ് ഈ അസാധാരണ കണ്ടെത്തൽ. ബിസി 3,345 കാലഘട്ടത്തിൽ നിർമ്മിച്ച ഈ ആയുധം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമുള്ള ഇരുമ്പുയുഗത്തിലെ ഇരുമ്പ് കുന്തമായി കണക്കാക്കപ്പെടുന്നു. ഈ കുന്തത്തിനൊപ്പം മറ്റൊരു കുന്തവും സ്വർണ്ണം കൊണ്ട് നിർമ്മിച്ച മറ്റ് ചില വസ്തുക്കളും കണ്ടെത്തി. ഇതോടെ പ്രദേശം ദേശീയ പുരാവസ്തു പ്രാധാന്യം നേടി. രണ്ട് കുന്തങ്ങളും X ആകൃതിയിലുള്ള ഒരു രൂപത്തിലാണ് കണ്ടെത്തിയത്, രണ്ടാമത്തെ കുന്തത്തിന് 6.5 അടി നീളമുണ്ട്. രണ്ട് കുന്തങ്ങളും ഇത്തരത്തിൽ മണ്ണിൽ സൂക്ഷിച്ചത് യാദൃശ്ചികമല്ലെന്നും മറിച്ച് എന്തെങ്കിലും ആചാരപരമായ ഉദ്ദേശ്യത്തോടെയാകാമെന്നും ഗവേഷകർ പറയുന്നു. സ്വർണ്ണ വസ്തുക്കൾ അടങ്ങിയ ഒരു കലശത്തിന് അടുത്തായിട്ടായിരുന്നു രണ്ട് കുന്തങ്ങളും കണ്ടെത്തിയത്. ഉന്നതനായ ഒരു വ്യക്തിയുടെ ശവസംസ്കാര രീതികളോട് ഇതിന് സാമ്യമുണ്ടോയെന്നും ഗവേഷകർ സംശയിക്കുന്നു.
പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, കുന്തങ്ങൾ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരിക്കാം. കന്നുകാലികളെയും സമ്പത്തിനെയും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രായോഗിക ആയുധമായി ഉപയോഗിച്ചിരിക്കാം. ഇരുമ്പുയുഗ കാലത്ത് ഇതുരണ്ടും ഏറ്റവും വിലമതിച്ചിരുന്നു. അതേസമയം, അവയുടെ സ്ഥാനവും വലുപ്പവും , അവ ശക്തനായ അല്ലെങ്കിൽ സാമൂഹികമായി ഉയർന്ന വ്യക്തിയുടെ ശവസംസ്കാരത്തെയും അദ്ദേഹത്തിന്‍റെ അധികാരത്തെയും സൂചിപ്പിക്കുന്നു. ആചാരപരമായ ഉപയോഗത്തിനായി കുന്തം പ്രത്യേകം നിർമ്മിച്ചതായിരിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധക്കളത്തിലെ കാര്യക്ഷമതയെക്കാൾ സാമൂഹിക പദവിയെ പ്രതിനിധീകരിക്കാനായിരിക്കാം നിർമ്മിക്കപ്പെട്ടത്. ഇത്രയും വലിപ്പത്തിലുള്ള ഇരുമ്പ് ഉൽപ്പാദിപ്പിക്കുന്നതിന് വിപുലമായ ലോഹശാസ്ത്ര വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇരുമ്പ് ഉരുകാൻ സാധാരണയായി 1,200°C നും 1,500°C നും ഇടയിൽ താപനില ആവശ്യമാണ്, ഇത് വളരെ വികസിതമായ ചൂള സാങ്കേതികവിദ്യയെയും വൈദഗ്ധ്യമുള്ള ലോഹപ്പണിക്കാരുടെ സാന്നിധ്യത്തിലേക്കും വിരൽ ചൂണ്ടുന്നു. ഇന്ത്യയിലുടനീളമുള്ള ഇരുമ്പുയുഗ ശ്മശാന സ്ഥലങ്ങൾ കഠാരകൾ, വാളുകൾ, കത്തികൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയൂം നീളമുള്ള ഒരു കുന്തം കണ്ടെത്തുന്നത് ആദ്യമായാണ്. ഇത് ഇരുമ്പുയുഗ ആയുധങ്ങളെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകുന്നുവെന്നും ഗവേഷകർ കൂട്ടിചേർക്കുന്നു.