പുരുഷന്മാരുടെ മീശ, താടി രോമങ്ങളുപയോ​ഗിച്ച് ഒരു സ്യൂട്ട്!

By Web TeamFirst Published Nov 24, 2021, 2:09 PM IST
Highlights

സ്യൂട്ട് നിർമ്മാണത്തിന്റെ ആദ്യപടിയായി പമേല ഈ രോമങ്ങൾ കോട്ടൺ തുണിയിൽ നെയ്തു ചേർക്കുന്നു. അതിന് ശേഷം, അത് പോളിറ്റിക്സ് ഡിസൈൻ മാനേജർ പോൾ ബർഡന് കൈമാറുന്നു. അദ്ദേഹം അത് ഒറ്റ സ്യൂട്ട് ആയി തുന്നിയുണ്ടാക്കുന്നു. 

മൃഗങ്ങളുടെ രോമങ്ങൾ കൊണ്ട് കോട്ടുകൾ മുതൽ കമ്പിളി വരെ നിർമ്മിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പുരുഷന്മാരുടെ മുഖത്തെ രോമങ്ങൾ(mustache hair) ഉപയോഗിച്ച് ഒരു സ്യൂട്ട് ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും? ഓസ്‌ട്രേലിയയിലെ ഒരു മെൻസ് വെയർ കമ്പനിയാണ് ഈ വ്യത്യസ്ത ആശയവുമായി മുന്നോട്ട് വന്നത്. പുരുഷന്മാരുടെ മീശയിലും തടിയിലുമുള്ള രോമങ്ങൾ ഉപയോഗിച്ച് സ്യൂട്ടുകൾ നിർമ്മിച്ച ഈ കമ്പനിയുടെ പേര് 'പോളിറ്റിക്‌സ്' എന്നാണ്.

മെൽബൺ ആസ്ഥാനമായുള്ള വിഷ്വൽ ആർട്ടിസ്റ്റ്, പമേല ക്ലീമാസുമായി(Pamela Kleeman-Passi) ചേർന്നാണ് ഈ അതുല്യ സ്യൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. കമ്പനിയുടെ 'മൂവംബർ'(Movember) പരിപാടിയിലാണ് ഈ സ്യൂട്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. നവംബർ മാസത്തിൽ നടത്തുന്ന ഈ പരിപാടിയിൽ ലോകമെമ്പാടുമുള്ള പുരുഷന്മാരെ മീശയും താടിയും വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു. എന്തിനാണ് ഇതെന്ന് സംശയം തോന്നാം.

പുരുഷന്മാരിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത്. പ്രോസ്റ്റേറ്റ് കാൻസർ, ടെസ്റ്റികുലാർ ക്യാൻസർ തുടങ്ങിയ പുരുഷന്മാരുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് മൂവംബർ എന്ന വാർഷിക പരിപാടിയുടെ ലക്ഷ്യം. ഈ വർഷം, ഇതിന് വേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ കമ്പനി ആഗ്രഹിച്ചു.  

അങ്ങനെയാണ് മുഖത്തെ രോമങ്ങൾ ഉപയോഗിച്ച് പുരുഷന്മാരുടെ ഒരു സ്യൂട്ട് നിർമ്മിക്കാമെന്ന ചിന്ത വന്നത്. പമേല രൂപകൽപന ചെയ്ത സ്യൂട്ട് 'മോ-ഹെയർ സ്യൂട്ട്' എന്നാണ് അറിയപ്പെടുന്നത്. 2016 -ൽ അവളുടെ ഭർത്താവ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് മരണപ്പെടുകയുണ്ടായി. ഈ പ്രോജക്റ്റിൽ ഏർപ്പെടാൻ അവളെ പ്രേരിപ്പിച്ച കാരണവും അതാണ്. വിവിധ സലൂണുകളിൽ നിന്ന് രോമം ശേഖരിച്ച് റീസൈക്കിൾ ചെയ്യുന്ന സ്ഥാപനമായ 'സസ്റ്റൈനബിൾ സലൂൺസാ'ണ് ഇതിനാവശ്യമായ രോമങ്ങൾ നൽകിയത്. കൂടാതെ, പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ, ആളുകൾ തങ്ങളുടെ മീശ മുറിച്ച് പാക്കറ്റുകളിലാക്കി പമേലയ്ക്ക് അയച്ചുകൊടുക്കാൻ തുടങ്ങി. അതേസമയം ഇങ്ങനെ ശേഖരിക്കുന്ന രോമമെല്ലാം സ്യൂട്ടുകൾ നിർമ്മിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.  

സ്യൂട്ട് നിർമ്മാണത്തിന്റെ ആദ്യപടിയായി പമേല ഈ രോമങ്ങൾ കോട്ടൺ തുണിയിൽ നെയ്തു ചേർക്കുന്നു. അതിന് ശേഷം, അത് പോളിറ്റിക്സ് ഡിസൈൻ മാനേജർ പോൾ ബർഡന് കൈമാറുന്നു. അദ്ദേഹം അത് ഒറ്റ സ്യൂട്ട് ആയി തുന്നിയുണ്ടാക്കുന്നു. എന്നാൽ, മോ-ഹെയർ സ്യൂട്ട് വിപണിയിൽ വാങ്ങാൻ കിട്ടില്ല. മനുഷ്യരോമം കൊണ്ട് നിർമ്മിച്ച സ്യൂട്ട് ധരിക്കാൻ ആരും ആഗ്രഹിക്കില്ലെന്നത് തന്നെ അതിന്റെ കാരണം. അതേസമയം, ക്യാൻസർ ബാധിതരെ ബോധവൽക്കരിക്കാൻ വേണ്ടി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സ്യൂട്ടിനെ വെറുപ്പോടെ കാണേണ്ടതില്ലെന്ന് പമേല പറഞ്ഞു.   

click me!