
പ്രേതമുണ്ടോ? പലരും ചോദിക്കുന്ന ചോദ്യമാണ്. എന്തായാലും ഇതുവരെ ആരും പ്രേതത്തെ നേരിൽ കണ്ടിട്ടില്ല. മാത്രമല്ല, പ്രേതമുണ്ട് എന്നതിന് ഒരു തെളിവും ഇന്നുവരെ ഉണ്ടായിട്ടുമില്ല. അതിനാൽ തന്നെ പ്രേതമുണ്ടോ എന്ന ചോദ്യം തന്നെ യുക്തിയില്ലാത്തതാണ്. പക്ഷേ, പലപല വീഡിയോകളിലൂടെ പലരും പ്രേതവുമായി ബന്ധപ്പെടുത്തിയ പല കഥകളും പറയാറുണ്ട്. അതുപോലെ അർജന്റീനയിൽ നിന്നുള്ള ഒരു യുവതി പങ്കുവച്ച വീഡിയോ ടിക്ടോക്കിൽ വൈറലായി മാറി.
മലേന ലൂണ എന്ന യുവതിയും കൂട്ടുകാരും അവധിക്കാലം ആഘോഷിക്കാനായി പോയതാണ്. അവർ താമസിച്ചിരുന്ന ഹോളിഡേ ഹോമിൽ വച്ചാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത് എന്നാണ് യുവതി പറയുന്നത്. അവിടെ ചുമരിൽ ഒരു ചിത്രം തൂക്കിയിരുന്നു. ആ ചിത്രം ചുമരിൽ നിന്നും തന്നത്താനെ ആടുന്നതായിട്ടാണ് യുവതി പറയുന്നത്. വെറുതെ അനങ്ങുക മാത്രമല്ല, അത് തൂക്കിയിട്ടിരിക്കുന്ന ആണിക്ക് ചുറ്റും നീങ്ങുന്നു എന്നും അവിടെ നിന്നും ആ ആണി വിട്ട് ഇറങ്ങിപ്പോകാൻ നോക്കുന്നത് പോലെയാണ് തോന്നുന്നത് എന്നുമാണ് യുവതി പറയുന്നത്.
വീഡിയോയിൽ പരിഭ്രമിച്ചുകൊണ്ടുള്ള നിലവിളികളും ഒപ്പം തന്നെ ചിരികളും കേൾക്കാമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അത് മാത്രമായിരുന്നില്ല ആ മുറിയിൽ താൻ കണ്ട വിചിത്രമായ കാര്യം എന്നാണ് അവൾ പറയുന്നത്. തങ്ങൾ താമസിച്ചിരുന്ന മുറിയിലെ അലമാരകൾ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നും മലേന പറയുന്നു. മൂന്നിൽ കൂടുതൽ തവണ അങ്ങനെ അലമാര തുറക്കുകയും അടയുകയും ചെയ്തുവെന്നാണ് അവൾ പറയുന്നത്. മൊത്തത്തിൽ ആ ഹോളിഡേ ഹോം സംശയം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നും അവൾ പറയുന്നുണ്ട്.
അതേസമയം മലേനയുടെ കൂടെയുണ്ടായിരുന്ന കാറ്റി എന്ന സുഹൃത്തിന് ആരോ തന്റെ തലയിൽ പിടിച്ചുവലിക്കുന്നതായിട്ടുള്ള അനുഭവമുണ്ടായി എന്നും പറയുന്നുണ്ട്. എന്തായാലും, ടിക്ടോക്കിൽ ഇവരുടെ വീഡിയോ വൈറലാണത്രെ. ചിലർ വീഡിയോ കണ്ട് അമ്പരപ്പും ഭയവും പ്രകടിപ്പിച്ചു. എന്നാൽ, വൈറലാവാൻ വേണ്ടി ഇവർ തട്ടിക്കൂട്ടിയ കഥയാണോ ഇത് എന്ന് സംശയിക്കുന്നവരും ഉണ്ട്.
വായിക്കാം: കണ്ണെഴുതി പൊട്ടും തൊട്ട് യൂണിഫോമും ബാഗുമായി എങ്ങോട്ടാ, വൈറലായി നായയുടെ വീഡിയോ