സിനിമാക്കഥയെ വെല്ലും; 4 -ാം വയസിൽ തട്ടിക്കൊണ്ടുപോയി, 21 വർഷങ്ങൾക്കുശേഷം അച്ഛന്റെയും അമ്മയുടെയും അടുത്ത് തിരികെ

Published : Dec 28, 2025, 04:33 PM IST
small boy

Synopsis

നാലാമത്തെ വയസില്‍ തട്ടിക്കൊണ്ടുപോയി ഒടുവില്‍ 21 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തെത്തിയ യുവാവ്. വളര്‍ത്തിയ വീടിനെയും നാടിനെയും ഉപേക്ഷിച്ചു, ഇത് തന്‍റെ പുനര്‍ജന്മമെന്നും യുവാവ്. 

ചെറുപ്പത്തിൽ തട്ടിക്കൊണ്ടുപോയി, ഒടുവിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ യഥാർത്ഥ അച്ഛനും അമ്മയുമായി ഒരുമിച്ച് യുവാവ്. അതോടെ, ഇത്രകാലം വളർത്തിയ അച്ഛനും അമ്മയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും യുവാവ് തീരുമാനിച്ചു. 'ഇത് തന്റെ പുനർജന്മമാണ്' എന്നാണ് ഈ ഒന്നുചേരലിനെ യുവാവ് വിശേഷിപ്പിക്കുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ നിന്നുള്ള, പെങ് കോങ്‌കോങ് എന്ന യുവാവാണ് ഓൺലൈനിൽ താൻ വീണ്ടും തന്റെ കുടുംബത്തെ കണ്ടുമുട്ടിയതിനെ കുറിച്ച് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഡിസംബർ 12 -ന് ഷെയർ ചെയ്ത പോസ്റ്റിൽ 26 -കാരനായ പെങ് പറയുന്നത്, ഒരുവർഷമായി താൻ തന്റെ കുടുംബവുമായി ഒന്നിച്ചിട്ട് എന്നാണ്. തനിക്ക് നാല് വയസ്സുള്ളപ്പോൾ പെങ്ങിന്റെ കുടുംബം ബെയ്ജിംഗിലേക്ക് താമസം മാറി. ഇവിടെയുള്ള ഒരു മാർക്കറ്റിനടുത്ത് ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ് അവനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. അവന്റെ മാതാപിതാക്കൾ ഇതോടെ തകർന്നുപോയി. അവനെ കാണാനില്ലെന്ന് ഉടൻ തന്നെ റിപ്പോർട്ട് ചെയ്തു. എല്ലായിടത്തും പോസ്റ്ററുകൾ പതിച്ചു, അന്ന് മാത്രമല്ല തുടർന്നുള്ള 21 വർഷക്കാലം അവനെ അവർ തിരഞ്ഞു.

ഈ സമയത്തെല്ലാം, കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഒരു കുടുംബത്തിലാണ് പെങ് വളർന്നത്. ഷാങ് കുൻ എന്ന പുതിയ പേര് ആ കുടുംബം അവന് നൽകി. ചില പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ കുടുംബം പെങ്ങിനെ തട്ടിക്കൊണ്ടുപോയവരിൽ നിന്നും വാങ്ങിയതാണ് എന്നാണ് കരുതുന്നത്. എന്നാൽ, പെങ് ഈ അവകാശവാദത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ പെങ്ങ് ജിയാങ്‌സുവിൽ നിന്നുള്ള ആളല്ല, മറിച്ച് ജിയാങ്‌സിയിൽ നിന്നുള്ള ആളാണെന്നും ഡിഎൻഎ പരിശോധനയിലൂടെയാണ് പെങ്ങിനെ യഥാർത്ഥ വീട്ടുകാർ കണ്ടെത്തിയതെന്നും പൊലീസ് തന്നെയാണ് അവനെ അറിയിച്ചത്. അധികം വൈകാതെ മാതാപിതാക്കളെയും രണ്ട് മൂത്ത സഹോദരിമാരെയും കാണാനായി പെങ് ബെയ്ജിംഗിലേക്ക് പോയി. കുട്ടിക്കാലത്ത് താൻ താമസിച്ചിരുന്ന മാർക്കറ്റ് ഏരിയയിലേക്ക് കുടുംബം തന്നെ കൊണ്ടുപോയതായും ആ സ്ഥലമെല്ലാം വീണ്ടും തനിക്ക് കാണിച്ചുതന്നതായും പെങ് പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൻ ജിയാങ്‌സിയിലേക്ക് മടങ്ങി, അവിടെ ഗ്രാമവാസികളും ബന്ധുക്കളും വെടിക്കെട്ടോടും വലിയ വിരുന്നൊരുക്കിയും ആഘോഷത്തോടെയും ഒക്കെയാണ് അവനെ ഊഷ്മളമായി സ്വീകരിച്ചത്.

പെങ്ങിന് ജിയാങ്‌സുവിൽ വീടും കാറും കൂട്ടുകാരും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ, അവിടെയുള്ള എല്ലാം വിറ്റ്, മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഒക്കെ പൂർണമായും ഉപേക്ഷിച്ച് പെങ് തന്റെ യഥാർത്ഥ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അടുത്ത് തിരികെയെത്തി. 'ഇപ്പോഴാണ് ശരിക്കും ഒരു വീടാണ് ഇത് എന്ന് തോന്നുന്നത്, ഇപ്പോഴാണ് സമാധാനം തോന്നുന്നത്, ഇതെന്റെ പുനർജന്മം തന്നെയാണ്' എന്നാണ് പെങ് പറയുന്നത്. 'കഴിഞ്ഞ 20 വർഷമായി എന്റെ മാതാപിതാക്കൾ കുറ്റബോധവും വേദനയും സഹിച്ചു ജീവിച്ചു. ഇപ്പോൾ ഞാൻ അവരെ യാത്ര കൊണ്ടുപോകുകയും നല്ല ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നു. നമ്മളിൽ നിന്നും കാലം കവർന്നെടുത്ത ആ സമയത്തിന് പകരം വീട്ടാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് പെങ് കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കോടിക്കണക്കിന് ഡോളർ മൂല്യമുള്ള സ്വസ് കോട്ടാരത്തിലെ കലാസൃഷ്ടിക്കളെ ചൊല്ലി തർക്കം; അമ്മായിയമ്മയ്ക്കെതിരെ കേസ് നൽകി മരുമകൾ
'ജീവിതം കഠിനമായ ഒന്ന്'; ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്നതിനിടെ പഠിക്കുന്ന പെണ്‍കുട്ടി; ബെംഗളൂരുവിൽ നിന്നുളള ചിത്രം പങ്കുവച്ച് യുവാവ്