അബദ്ധത്തിൽ ഊബർ ഡ്രൈവർക്കയച്ചത് 10,000 രൂപ, മെസ്സേജിന് മറുപടിയില്ല, രാത്രി വീട്ടിലെത്തി തിരികെ നല്‍കി

Published : May 05, 2026, 08:37 AM IST
taxi

Synopsis

ബിസിനസ് ആവശ്യത്തിന് അയക്കേണ്ട 10,000 രൂപ യുവാവ് അബദ്ധത്തില്‍ അയച്ചത് ഊബർ ഡ്രൈവർക്ക്. പണം തിരികെ കിട്ടില്ലെന്ന് കരുതിയ യുവാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഡ്രൈവർ രാത്രിയിൽ വീട് തേടിയെത്തി പണം മുഴുവൻ തിരികെ നൽകി.

അറിയാതെ 10,000 രൂപ രാവിലെ യാത്ര ചെയ്ത ഊബർ ടാക്സി ഡ്രൈവറിന് അയച്ചുകൊടുത്താൽ എന്തായിരിക്കും അവസ്ഥ? ആകെപ്പാടെ പരിഭ്രമിച്ച് പോകും അല്ലേ? തിരികെ കിട്ടുമോ എന്ന് പോലും അറിയില്ല. എന്നാൽ, ഒഡിഷയിലെ ഒരു ടെക്കിക്ക് സംഭവിച്ചത് ഇതൊന്നുമല്ല. ബിസിനസ് ആവശ്യങ്ങൾക്കായി ഒരാൾക്ക് അയച്ചു കൊടുക്കേണ്ട 10,000 രൂപയാണ് യുവാവ് അബദ്ധത്തിൽ ഊബർ ഡ്രൈവർക്ക് അയച്ചുകൊടുത്തത്. എന്നാൽ, ഡ്രൈവർ ശ്രീകാന്തിന്റെ സത്യസന്ധതയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എക്സിൽ (ട്വിറ്റർ) ആണ് ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. ദേബാശിഷ് ത്രിപദി എന്ന യുവാവാണ് തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്.

പകൽ സമയത്ത് യാത്ര ചെയ്ത ഊബർ ടാക്സിയുടെ ഡ്രൈവർക്ക് ദേബാശിഷ് അബദ്ധത്തിൽ ജി-പേ വഴി 10,000 രൂപ അയക്കുകയായിരുന്നു. തന്റെ കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബിസിനസ്സ് പാർട്ണറുടെ പേരും ഡ്രൈവറുടെ പേരും ഒന്നായതാണ് തുക തെറ്റി അയക്കാൻ കാരണമായത്. പണം അയച്ച ആള് മാറി എന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ദേബാശിഷ് ആപ്പിലൂടെ ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, അതിന് സാധിച്ചില്ല. ഇതോടെ പണം തിരിച്ചുകിട്ടില്ലെന്ന് യുവാവ് ഉറപ്പിച്ചു.

 

 

എന്നാൽ, അന്ന് രാത്രി ഒമ്പതരയോടെ ദേബാശിഷിനെ തേടി അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ​ഗാർഡിന്റെ ഫോൺ എത്തിയത്. പണം തിരികെ നൽകാനായി ഊബർ ഡ്രൈവർ ശ്രീകാന്ത് അദ്ദേഹത്തിന്റെ വീട് തേടി എത്തുകയായിരുന്നു. 'ശ്രീകാന്ത് രാത്രി വൈകി എന്റെ അപ്പാർട്ട്‌മെന്റിലെത്തി പണം മുഴുവനും തിരികെ നൽകി. ഇതിന് പകരമായി ഒരു സമ്മാനം നൽകാൻ ഞാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ പോലും തയ്യാറായില്ല. ഈ കാലത്ത് ഇത്രയും വലിയ സത്യസന്ധത കാണുന്നത് വിരളമാണ്' എന്നാണ് ദേബാശിഷ് കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ടാണ് മിക്കവരും കമന്റുകൾ നൽകിയിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ ഈ 10 കാര്യങ്ങൾ വേണ്ട, കരിയർ തന്നെ തകരും; സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതെന്ന് യുവതി
അവിശ്വസനീയം, ഒന്നും രണ്ടുമല്ല ലോട്ടറിയടിച്ചത് പല തവണ, ലോകത്തെ അമ്പരപ്പിച്ച വിജയം