സ്വന്തം സംസ്കാരത്തിന് നിരക്കാത്ത നിർദ്ദേശങ്ങൾ പാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്നായിരുന്നു ഷെഫിന്റെ നിലപാട്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തവണ ഇയാള്‍ പിസ്സയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചിരുന്നത്രെ.

പിസ്സയിൽ പൈനാപ്പിൾ ചേർക്കാൻ സമ്മതിക്കാത്ത ഇറ്റാലിയൻ ഷെഫിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു! അതേ, സംഭവം സത്യമാണ്. നടന്നത് ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ. പിസ്സയിൽ പൈനാപ്പിൾ ചേർക്കുന്നത് തന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും അത് പിസ്സയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞാണ് ഷെഫ് ദാവിദ തംബുറെല്ല പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചത്.

ബ്രിസ്ബെയ്നിലെ 'ലാ കോസ്റ്റ' എന്ന റെസ്റ്റോറന്റിലാണ് സംഭവം. റെസ്റ്റോറന്റിൽ നടന്ന ഒരു ചടങ്ങിൽ ​ഗസ്റ്റുകൾക്കായി 'ഹാം ആൻഡ് പൈനാപ്പിൾ' പിസ്സ തയ്യാറാക്കാൻ മാനേജ്‌മെന്റ് നിർദ്ദേശിച്ചെങ്കിലും തംബുറെല്ല അത് നിരസിക്കുകയായിരുന്നു. സ്വന്തം സംസ്കാരത്തിന് നിരക്കാത്ത നിർദ്ദേശങ്ങൾ പാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്നായിരുന്നു ഷെഫിന്റെ നിലപാട്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തവണ തംബുറെല്ല പിസ്സയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചിരുന്നത്രെ. പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തുടർന്ന് അന്യായമായി പിരിച്ചുവിട്ടു എന്ന് കാണിച്ച് തംബുറെല്ല ഓസ്‌ട്രേലിയയിലെ 'ഫെയർ വർക്ക് കമ്മീഷനെ' സമീപിച്ചെങ്കിലും ഹർജി നൽകാനുള്ള സമയപരിധി കഴിഞ്ഞതിനാൽ കമ്മീഷൻ അപേക്ഷ തള്ളി.

എന്നാൽ, പിസ്സ ടോപ്പിംഗുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ല പിരിച്ചുവിടലിന് കാരണമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റം, തെറിവിളി, ദേഷ്യം നിയന്ത്രിക്കാനാകാതെ ജോലിസ്ഥലത്തെ മെറ്റൽ ഹാൻഡ്‌റെയിലിൽ അടിച്ച് കയ്യിലെ എല്ല് തന്നെ പൊട്ടിച്ച സംഭവം എന്നിവയും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

ഈ സംഭവത്തോടെ തംബുറെല്ലയുടെ ഓസ്‌ട്രേലിയൻ സ്ഥിരതാമസത്തിനായുള്ള വിസ സ്പോൺസർഷിപ്പ് പ്രോസസ്സും റെസ്റ്റോറന്റ് അവസാനിപ്പിച്ചു. 3 വർഷത്തിലേറെയായി ലാ കോസ്റ്റയിൽ ജോലി ചെയ്തിരുന്ന തംബുറെല്ല നിലവിൽ ബ്രിസ്ബെയ്നിലെ മറ്റൊരു റെസ്റ്റോറന്റിലാണ് പ്രവർത്തിക്കുന്നത്.

ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ക്വീൻസ്‌ലാന്റ് സ്റ്റേറ്റിലാണ് ഈ സംഭവം നടന്നതെന്നതും ശ്രദ്ധേയമാണ്.