
താൻ വാങ്ങിയ മെത്ത്(Meth) ആധികാരികമാണോ എന്ന് പരിശോധിക്കാൻ 911 -ൽ വിളിച്ച ഫ്ളോറിഡക്കാരനെ പൊലീസ് കൈയോടെ പൊക്കി. യുഎസിലെ ഫ്ലോറിഡ(Florida, U.S)യിലുള്ള 41 -കാരനായ തോമസ് യൂജിൻ കൊളൂച്ചി(Thomas Eugene Colucci)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ നിന്ന് താൻ വാങ്ങിയ മെത്തിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയ തോമസ് മാർച്ച് 11 -ന് ഹെർണാണ്ടോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലേക്ക് വിളിച്ചു. തുടർന്ന്, താൻ വാങ്ങിയ മെത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അഭ്യർത്ഥിച്ചു.
പോരാത്തതിന് തോമസ് തന്റെ മേൽവിലാസവും, ഫോൺ നമ്പറും എല്ലാം പൊലീസിന് കൈമാറുകയും ചെയ്തു. വിവരം ശേഖരിച്ച പൊലീസ്, സംഭവസ്ഥലത്ത് പാഞ്ഞെത്തി. താൻ അടുത്തിടെ ഒരു ബാറിൽ വച്ച് കണ്ടുമുട്ടിയ ഒരാളിൽ നിന്ന് വാങ്ങിയ മെത്താണ് ഇതെന്നും, കുറച്ച് ഉപയോഗിച്ചതിന് ശേഷം ഇത് കുളിക്കുന്ന വെള്ളത്തിൽ ഉപയോഗിക്കുന്ന ബാത്ത് സാൾട്ടാണോ എന്ന് തനിക്ക് സംശയം തോന്നിയെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഇതൊന്നും പോരാതെ, പൊലീസിനോട് താൻ വളരെ കാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയാൾ വീരവാദം മുഴക്കി. താൻ മുമ്പ് മെത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും, അതിന്റെ രുചി എന്താണെന്ന് തനിക്ക് അറിയാമെന്നും, ഇതിന് എന്നാൽ മെത്തിന്റെ ലഹരി ഇല്ലെന്നും അയാൾ കൂട്ടിച്ചേർത്തു. ഇതെല്ലം കേട്ട പൊലീസ് എന്നാൽ അപ്പോൾ ഒന്നും മിണ്ടിയില്ല.
തുടർന്ന് തന്റെ പക്കലുണ്ടായിരുന്ന രണ്ട് കവറുകയിൽ നിന്ന് മെത്തിന്റെ സാമ്പിളുകൾ തോമസ് പൊലീസിന് കൈമാറി. താൻ പറ്റിക്കപ്പെട്ടപോലെ വ്യാജ മെത്ത് വാങ്ങി മറ്റുള്ളവരും വഞ്ചിതരാകാതിരിക്കാനാണ് താൻ പൊലീസിനെ വിളിച്ച് വരുത്തിയത് എന്നും തോമസ് പറഞ്ഞു. തന്റെ മെത്ത് വ്യാജ്യമാണോ എന്ന് കണ്ടെത്തണമെന്നും, വ്യാജമാണെങ്കിൽ അത് വിറ്റ വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും അയാൾ പറഞ്ഞു. എന്നാൽ, പക്ഷേ അയാളുടെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിപ്പോയി. തോമസ് നൽകിയ പദാർത്ഥത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ, അത് യഥാർത്ഥ മെത്ത് തന്നെയാണെന്ന് തെളിഞ്ഞു. അതേസമയം തനിക്ക് മയക്കുമരുന്ന് വിറ്റ ആളുടെ പേരോ ബന്ധപ്പെടാനുള്ള വിവരമോ നൽകാൻ തോമസിന് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ മെത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്ന് പദാർത്ഥങ്ങൾ കൈവശം വച്ചതിന് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളെ ഒരു പട്രോളിംഗ് വാഹനത്തിന്റെ പിന്നിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ നെഞ്ചുവേദനയുണ്ടെന്ന് അയാൾ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ തോമസിനെ പരിശോധിച്ച ഡോക്ടർ അയാൾക്ക് കുഴപ്പമൊന്നുമില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് ഹെർണാണ്ടോ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് അയാളെ കൊണ്ടുപോയി. പിന്നീട് സംഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പൊലീസ് പറഞ്ഞു: "നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന മറ്റുള്ളവർക്കോ അവർ കൈവശം വച്ചിരിക്കുന്ന മയക്കുമരുന്നിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ടെങ്കിൽ, ഞങ്ങളെ വിളിച്ചാൽ ഞങ്ങൾ ഫ്രീയായി പരിശോധിച്ച് വിലയിരുത്തുന്നതായിരിക്കും. ഹെർണാണ്ടോ കൗണ്ടി ഷെരീഫ് ഓഫീസ് ഈ സേവനം സൗജന്യമായി നൽകുന്നതിൽ സന്തോഷിക്കുന്നു."