
പല വികസന പ്രവർത്തനങ്ങൾക്കും, ബിസിനസുകൾക്കും ഒക്കെ വേണ്ടി ആളുകൾക്ക് തങ്ങളുടെ വീട് വിട്ട് കൊടുക്കേണ്ടിയും ഇറങ്ങേണ്ടിയും വരാറുണ്ട്. എന്നാൽ, എത്ര പണം നൽകാമെന്ന് പറഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട വീട് ഒഴിഞ്ഞു കൊടുക്കാൻ തയ്യാറല്ലാതിരുന്ന ഒരു സ്ത്രീയെ കുറിച്ചാണ് ഇത്. എഡിത്ത് മെയ്‌സ്ഫീൽഡ്(Edith Macefield) എന്നാണ് അവരുടെ പേര്. യുഎസ്സിലെ സിയാറ്റിലിലാണ് അവരുടെ വീട്. ഏറെ ആരാധകരുള്ള 'അപ്' എന്ന ഡിസ്നി ചലച്ചിത്രത്തിലുള്ളത് എഡിത്തിന്റെ വീടാണ്.
എഡിത്തിന്റെ സ്വപ്നഭവനം തന്നെയായിരുന്നത്. അവരുടെ വളരെ പ്രിയപ്പെട്ട വീട്. എന്നാൽ, ഒരിക്കൽ, ബിൽഡർ ഒരു മാൾ(mall) നിർമ്മിക്കുന്നതിന് വേണ്ടി ആ സ്ഥലവും വീടും വാങ്ങുന്നതിനായി എഡിത്തിനെ സമീപിച്ചു. അതിനായി അവർ വാഗ്ദാനം ചെയ്‍തത് ആദ്യം അഞ്ച് കോടിയും പിന്നീട് ഏഴ് കോടിയുമാണ്. എന്നാൽ, തന്റെ വീട് കൊന്നാലും തരില്ല എന്ന മട്ടിൽ തന്നെയായിരുന്നു എഡിത്തിന്റെ പ്രതികരണം. 2006 -ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. അന്ന് എഡിത്തിന് പ്രായം 84 ആയിരുന്നു. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും എഡിത്ത് തന്റെ വീട് വിട്ടുനൽകാൻ അന്ന് തയ്യാറായിരുന്നില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
1952 -ലാണത്രെ എഡിത്ത് ആ വീട് വാങ്ങുന്നത്. അന്ന് വില 3750 ഡോളറായിരുന്നു. വീടിന്റെ പഴക്കം 108 വർഷമാണ് എന്നും റിപ്പോർട്ടുണ്ട്. എഡിത്തും അമ്മ ആലീസുമാണ് അന്ന് അവിടെ താമസിച്ചിരുന്നത്. 1050 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട്. എന്നാൽ, ഇന്ന് ആ വീടിന് ചുറ്റും മാളിന്റെ അഞ്ച് നില കെട്ടിടമാണ്. വീട് വിൽക്കാൻ തയ്യാറാവില്ല എന്ന് എഡിത്ത് ഉറച്ച തീരുമാനമെടുത്തതോടെ മാളുടമകൾ ആ വീടിന് ചുറ്റും മാൾ നിർമ്മിക്കുകയായിരുന്നു.
ഏതായാലും ഇത്രയെല്ലാം സംഭവങ്ങളുണ്ടായി എങ്കിലും എഡിത്തും മാളുകാരും തമ്മിൽ അസ്വാരസ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല, നിർമാണപദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജർ ബാരി മാർട്ടിനുമായി അവർ അടുത്ത സൗഹൃദവും പുലർത്തിയിരുന്നു. വീട്ടിലെ ജോലികളിൽ ബാരി എഡിത്തിനെ സഹായിച്ചുവത്രെ. ഒപ്പം ബ്യൂട്ടിപാർലറിൽ പോകാൻ എഡിത്തിനൊപ്പം കൂട്ടുപോയി. അവർ അടുത്ത സുഹൃത്തുക്കളായി.
ഏതായാലും, പിന്നീട് 2008 -ൽ എഡിത്ത് മരിച്ചു. അതിന് മുമ്പ് വീട് വിൽക്കാനുള്ള അവകാശം എഡിത്ത് തനിക്ക് തന്നിരുന്നു എന്ന് ബാരി സ്ട്രേഞ്ച് ഇൻഹെറിറ്റൻസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. പക്ഷേ, വലിയൊരു തുക കിട്ടുന്നത് വരെ കാത്തിരിക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ, സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ബാരിക്ക് തൊഴിൽ നഷ്ടപ്പെട്ടു. അന്ന് 2.3 കോടിക്ക് ബാരി ഈ വീട് വിൽക്കുകയായിരുന്നു.