40 വർഷങ്ങൾക്ക് മുമ്പ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, 64 -കാരൻ അറസ്റ്റിൽ, തെളിവായത് ഈ ഡിഎൻഎ പരിശോധന

By Web TeamFirst Published Mar 27, 2021, 11:50 AM IST
Highlights

നവംബര്‍ 27 -ന് വൈകുന്നേരം 5.30 -ന് അവളുടെ കാര്‍ ഒരു റോഡരികിലായി കണ്ടെത്തുന്നത് അവളുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. 
അതിന്റെ പുറകില്‍ നിന്നും എവലിന്‍റെ മൃതദേഹവും കണ്ടെത്തി. 

1979 -ല്‍ നടന്ന ഒരു ബലാത്സംഗ- കൊലപാതക കുറ്റത്തില്‍ അറസ്റ്റിലായിരിക്കുകയാണ് കന്‍സാസിലുള്ള ഒരു വൃദ്ധൻ. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊളറാഡോയില്‍ ഒരു യുവതിയെ കൊന്ന കുറ്റത്തിലാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജെയിംസ് ഹെര്‍മന്‍ ഡൈ എന്ന അറുപത്തിനാലുകാരനാണ് 1979 നവംബറില്‍ എവലിന്‍ കേ ഡേ എന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‍ത കേസില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അറസ്റ്റിലാവുന്നത് എന്ന് സത്യവാങ്‍മൂലത്തില്‍ പറയുന്നു. 

കൻസാസിലെ വിചിതയിൽ താമസിക്കുന്ന ഡൈയെ സെഡ്‍ജ്‍വിക് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. വെൽഡ് കൗണ്ടിയിലേക്ക് കേസ് കൈമാറുന്നതിൽ തീർപ്പു കൽപ്പിച്ചിട്ടില്ലെന്ന് വെൽഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വെള്ളിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാല്‍, ഡൈയില്‍ നിന്നുമുള്ള പ്രതികരണങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പക്ഷേ, മാര്‍ച്ച് 22 -ന് ഡിറ്റക്ടീവുകളുമായി നടന്ന അഭിമുഖങ്ങളില്‍ തനിക്ക് ആ യുവതിയെ അറിയില്ലെന്നും അങ്ങനെയൊരു ബലാത്സംഗത്തെ കുറിച്ചോ കൊലപാതകത്തെ കുറിച്ചോ താന്‍ ഇതുവരെ കേട്ടിട്ടു പോലും ഇല്ല എന്നുമാണ് ഡൈ പറഞ്ഞതെന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു സത്യവാങ്‍മൂലത്തില്‍ പറയുന്നു. ഡൈക്ക് ഒരു അറ്റോര്‍ണി ഉണ്ടോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. 

കൊല്ലപ്പെടുമ്പോള്‍ 29 വയസായിരുന്നു എവലിൻ എന്ന യുവതിക്ക്. ഗ്രീലെയിലെ എയിംസ് കമ്മ്യൂണിറ്റി കോളേജിൽ രാത്രികാലത്ത് ബിസിനസ് ലാബ് മോണിറ്ററായി ജോലി ചെയ്യുകയായിരുന്നു ആ സമയത്ത് അവള്‍. 1979 നവംബര്‍ 26 -ന് രാത്രി 10 മണിക്ക് ക്യാമ്പസിലെ പാര്‍ക്കിംഗ് സ്ഥലത്തുള്ള അവളുടെ കാറില്‍ ഒരു വിദ്യാര്‍ത്ഥിയാണ് അവളെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേന്ന് രാവിലെ ആയിട്ടും എവലിന്‍ വീട്ടിലെത്താതിനെ തുടര്‍ന്ന് അവളുടെ ഭര്‍ത്താവ് സ്റ്റാന്‍ലി ചാള്‍സ് ഡേ എവലിനെ കാണാനില്ല എന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. 

നവംബര്‍ 27 -ന് വൈകുന്നേരം 5.30 -ന് അവളുടെ കാര്‍ ഒരു റോഡരികിലായി കണ്ടെത്തുന്നത് അവളുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. അതിന്റെ പുറകില്‍ നിന്നും എവലിന്‍റെ മൃതദേഹവും കണ്ടെത്തി. കോടതിരേഖകളില്‍ പറയുന്നത് അനുസരിച്ച് അവളുടെ ഓവര്‍കോട്ടിന്‍റെ ബെല്‍റ്റ് ഉപയോഗിച്ചാണ് അവളെ ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പലതരത്തിലുള്ള അന്വേഷണവും അന്ന് കൊലപാതകത്തെ തുടര്‍ന്നുണ്ടായി. എങ്കിലും ആരും അതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടില്ല. 

കഴിഞ്ഞ വര്‍ഷം വെൽഡ് കൗണ്ടിയിലെ "കോൾഡ് കേസ്" ഡിറ്റക്ടീവ്, കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് കോഡിസ് വഴി (Combined DNA Index System) ഡി‌എൻ‌എ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഡിഎന്‍എ പ്രൈഫൈലുകളാണ് ഇതുവഴി പരിശോധിക്കാനുള്ള അവസരം കിട്ടുക. എവലിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ചു വച്ച റേപ്പ് കിറ്റിലുണ്ടായിരുന്ന ഡിഎന്‍എ ഡൈയുടെ ഡിഎന്‍എയുമായി സാമ്യം കാണിക്കുകയായിരുന്നു. എവലിന്‍റെ നഖത്തിൽ നിന്നും കോട്ടിന്‍റെ കയ്യില്‍ നിന്നുമാണ് ഡിഎന്‍എ സാമ്പിളുകള്‍ കിട്ടിയിരുന്നത്. 

തുടര്‍ന്ന് ഡിറ്റക്ടീവ്, കോളേജുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തി. 1979 -ലെ വേനൽക്കാലത്ത് ഡൈ അവിടെ വിദ്യാര്‍ത്ഥിയായി ചേര്‍ന്നിരുന്നുവെന്ന് ഇതില്‍ നിന്നും കണ്ടെത്തി. അവിടെ ക്വാർട്ടേഴ്സിലും തുടർന്നുള്ള വർഷങ്ങളിൽ മറ്റ് ക്വാർട്ടേഴ്സുകളിലും ഡൈയെ ഒരു വിദ്യാർത്ഥിയായി ചേർത്തിട്ടുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. 

ഇതിനെ തുടർന്ന്, മാര്‍ച്ച് 22 -ന് വിചിതയില്‍ വച്ച് ഉദ്യോഗസ്ഥര്‍ ഡൈയെ ചോദ്യം ചെയ്‍തു. എന്നാല്‍, ഇരയെ തനിക്ക് അറിയില്ലെന്നാണ് ഡൈ ആവര്‍ത്തിച്ച് പറഞ്ഞത്. ഒപ്പം ഇരയെ ബലാത്സംഗം ചെയ്‍തുവെന്നതും കൊന്നുവെന്നതുമെല്ലാം ഡൈ ആവര്‍ത്തിച്ച് നിഷേധിച്ചു കൊണ്ടിരുന്നു. ഇപ്പോൾ അന്വേഷണത്തിന്റെ ഭാ​ഗമായി ചോദിക്കുമ്പോഴാണ് തന്‍റെ ജീവിതത്തില്‍ താന്‍ ആദ്യമായി ഇരയെ കുറിച്ച് കേള്‍ക്കുന്നത് എന്നും ഡൈ പറഞ്ഞു. 

ഏതായാലും വിചാരണയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് വിദേശ മാധ്യമങ്ങളെഴുതുന്നു. നാല് പതിറ്റാണ്ട് മുമ്പുള്ള കൊലപാതകത്തിലെ യഥാർത്ഥ പ്രതി ഇയാൾ തന്നെയാണോ, ഡിഎൻഎ സാമ്യം കണ്ടിടത്തോളം അത് ശക്തമായ തെളിവായതിനാൽ ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമോ എന്നതൊക്കെ വരും ദിവസങ്ങളിലേ വ്യക്തമാകൂ. 

click me!