
കാമുകിയെ സഹായിക്കാനായി അമിത വേഗതയിൽ വാഹനം ഓടിച്ച 22 കാരന് കിട്ടിയത് മുട്ടൻ പണി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു എന്ന് മാത്രമല്ല ഇയാളുടെ ലൈസൻസും റദ്ദാക്കി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് 21 ചൊവ്വാഴ്ച ഫ്ലോറിഡയിലാണ് സംഭവം. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള പാം സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന ഫാൾസ് ചർച്ച് റോഡിന് സമീപമുള്ള ഡിഗ്രൂഡ് റോഡിലൂടെയാണ് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി ഇയാൾ 160 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചത്. സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ജെവോൺ പിയറി ജാക്‌സണെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു.
മേഖലയിൽ അശ്രദ്ധമായി വാഹനം ഓടിച്ചെത്തിയ ജാക്‌സണെ വാഹനം തടഞ്ഞുനിർത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടാക്കോ ബെല്ലിൽ നടക്കുന്ന ഒരു ഇൻറർവ്യൂവിൽ തൻറെ കാമുകിയെ കൃത്യസമയത്ത് എത്തിക്കാനാണ് ഇത്തരത്തിൽ വാഹനം ഓടിച്ചത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിനുമുൻപും അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ജാക്സൺ പിടിയിൽ ആയിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പു നൽകിയിട്ടും വീണ്ടും നിയമങ്ങൾ തെറ്റിച്ചു വാഹനം ഓടിച്ചതിനാണ് ഇയാളുടെ ലൈസൻസ് പൊലീസ് റദ്ദാക്കിയത്.
ജാക്സൺ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് റോഡിൽ വച്ച് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കേണ്ടതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടാതെ ഇയാളോടൊപ്പം വാഹനത്തിൻറെ പിൻസീറ്റിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളുടെ ജീവനും അപകടം വരുത്തുന്ന രീതിയിലാണ് ഇയാൾ വാഹനം ഓടിച്ചത്. നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ കുട്ടികളുടെ ജീവന് ഭീഷണി വരുത്തിയതും ഉൾപ്പെടുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജാക്സണെ ബ്രെവാർഡ് കൗണ്ടി ജയിലിലേക്ക് മാറ്റി. ഏപ്രിൽ 18 -ന് ഇയാളെ കോടതിയിൽ ഹാജരാക്കും.