
പറഞ്ഞാൽ അനുസരിക്കാത്ത വിദ്യാർത്ഥികളെ അധ്യാപകർ പലതരത്തിലും ശിക്ഷിക്കാറുണ്ട്. എന്നാൽ, കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് കടുത്ത ശിക്ഷകളൊന്നും തന്നെ അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകാറില്ല. എന്നാൽ, ഒരു അധ്യാപിക കുട്ടിയെ ശിക്ഷിച്ചതിന് പിന്നാലെ സ്കൂളിൽ നിന്നും രാജി വച്ചിരിക്കയാണ്.
സംസാരിക്കാതിരിക്കാൻ പറഞ്ഞിട്ട് കേൾക്കാതിരുന്ന ബ്രാഡി എന്ന കുട്ടിയുടെ വായിൽ അധ്യാപിക ടേപ്പ് ഒട്ടിക്കുകയായിരുന്നു. യുഎസ്സിലെ നോർത്ത് കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡിൽ സ്കൂളിലാണ് സംഭവം നടന്നത്. കുട്ടി തന്റെ വായിൽ ടേപ്പൊട്ടിച്ചിരിക്കുന്ന ചിത്രം അമ്മ കാതറീന് അയച്ചു കൊടുത്തു. ഇത് കണ്ട അമ്മ ആദ്യം കരുതിയത് സ്കൂളിലെ മറ്റ് കുട്ടികൾ ചെയ്തതാണ് എന്നാണ്. എന്നാൽ, പിന്നീടാണ് അല്ല അധ്യാപികയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തിയത്.
പിന്നാലെ, സ്കൂളിലെ പ്രധാനാധ്യാപികയായ ലഷുന്ദ ഫൈസണിനോട് കാതറീൻ പരാതി ഉന്നയിച്ചു. അധ്യാപിക നേരത്തെയും കുട്ടികളോട് ഇത് ചെയ്യാറുണ്ടായിരുന്നു എന്ന് കാതറീൻ പറയുന്നു. കുട്ടികളുടെ കയ്യും അവർ ഇതുപോലെ ടേപ്പ് വച്ച് ഒട്ടിക്കാറുണ്ടത്രെ. തന്റെ മകൻ കൂടുതൽ സംസാരിക്കുന്ന ഒരാൾ തന്നെ ആണ് എന്ന് കാതറീൻ അംഗീകരിക്കുന്നുണ്ട്. എന്നാൽ, അധ്യാപിക അവന് നൽകിയ ശിക്ഷ വളരെ മോശമായിപ്പോയി എന്നും കാതറീൻ പറയുന്നു. ഏതായാലും സംഭവത്തിന് പിന്നാലെ അധ്യാപിക സ്കൂളിൽ നിന്നും രാജി വച്ച് പോയി എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
സംഭവത്തെ കുറിച്ച് കാതറീൻ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. സ്കൂളിൽ നിന്നും ഇപ്പോഴും താൻ മറുപടി പ്രതീക്ഷിക്കുകയാണ് എന്നാണ് കാതറീൻ പറയുന്നത്. ഒരിക്കലും ഈ അധ്യാപിക നല്ല മാതൃകയല്ല എന്നും കാതറീൻ പറയുന്നു. ഒരുപാട് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഈ അധ്യാപികയ്ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. കാതറീന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണ്.