
പൂനെയ്ക്കും പരിസരപ്രദേശങ്ങളിലും മൂന്ന് വര്‍ഷമായി നടക്കുന്ന എടിഎം തട്ടിപ്പുകളുടെ പരമ്പരയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു. ഇയാൾ 21 പേരില്‍ നിന്നായി 17.9 ലക്ഷത്തോളം രൂപയാണ് തട്ടിയതെന്ന് പോലീസ് പറയുന്നു. രാജീവ് പ്രഹ്ലാദ് കുൽക്കർണി (52) മുതിർന്ന പൌരന്മാരെയാണ് തന്‍റെ തട്ടിപ്പിന് ഇരയാക്കിയതെന്നും പോലീസ് പറയുന്നു. അവരുടെ എടിഎം കാർഡുകൾ മാറ്റി നൽകുകയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി.
കർണാടകയിലെ മൈസൂരിലെ നേതാജി നഗർ സ്വദേശിയാണ് പൂനയെില്‍ നിന്നും അറസ്റ്റ് ചെയ്ത കുൽക്കർണി. അതേസമയം ഇയാൾ ഇത്തരത്തില്‍ പണം തട്ടിയത് കാമുകിക്ക് കാറും സ്കൂട്ടറും വാങ്ങാനായിരുന്നു. ഒപ്പം കാമുകിയുടെ ഭര്‍ത്താവിന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും ഇയാൾ തന്‍റെ തട്ടിപ്പ് ഉപയോഗിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 2 ന് നവി പേത്തിലെ ഗഞ്ചാവേ ചൗക്കിലുള്ള ഒരു എടിഎമ്മിൽ നിന്നും പണം എടുക്കാന്‍ ശ്രമിച്ച ഒരു മുതിർന്ന പൗരനിൽ നിന്ന് ഇയാൾ 22,000 രൂപ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് ചെയ്തത്.
Read More: പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു; വൈറൽ ചലഞ്ചിന്‍റെ ഭാഗമെന്ന് സംശയിച്ച് പോലീസ്
ഇയാളുടെ വീട്ടിൽ നിന്ന് 166 എടിഎം കാർഡുകളാണ് പോലീസ് കണ്ടെടുത്തത്. ഒപ്പം ഈ പണം ഉപയോഗിച്ച് ഇയാൾ കാമുകിയ്ക്ക് സമ്മാനമായി നൽകിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വിശ്രാംബോഗ്, സിംഹഗഡ് റോഡ്, വിശ്രാന്ത്വാഡി, അലണ്ടി, ഭോസാരി, സഹകർനഗർ, ബിബ്‌വേവാദി, ലക്ഷർ, ഭാരതി വിദ്യാപീഠ്, ശിവാജിനഗർ പോലീസ് സ്റ്റേഷനുകളിലായി 16 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2022 മുതൽ പൂനെയിൽ കാർഡ് സ്വാപ്പിംഗ് തട്ടിപ്പ് നടത്തിവരുന്ന ഇയാൾ എടിഎം സെന്‍ററുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കുകയും പണം പിന്‍വലിക്കാന്‍ എത്തുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാനെന്ന രീതിയില്‍ അടുത്ത് കൂടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹായിക്കാനെന്ന വ്യാജേന ഇയാൾ തന്‍റെ ഇരകളുടെ നമ്പര്‍ ചോദിച്ച് മനസിലാക്കും. പിന്നീട് യഥാര്‍ത്ഥ കാർഡിന് പകരം മറ്റൊരു കാര്‍ഡാകും ഇയാൾ കൈമാറുക. ഇതിന് ശേഷം യഥാര്‍ത്ഥ കാര്‍ഡ് ഉപയോഗിച്ച് ഇയാൾ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയാണ് ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.
Read More: 'അവർ ഞങ്ങളെ കൊല്ലും'; വിദ്യാർത്ഥികൾക്ക് നേരെ ദില്ലി സർവകലാശാലയിൽ വംശീയാക്രമണം; വീഡിയോ വൈറൽ