വിമാനത്തിൽ ബോംബുണ്ട് എന്ന് വിളിച്ചു പറഞ്ഞ യുവാവ് അറസ്റ്റിൽ, വ്യാജസന്ദേശത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി പൊല

By Web TeamFirst Published Jan 14, 2023, 10:42 AM IST
Highlights

182 യാത്രക്കാരെയും ജീവനക്കാരെയും ഇറക്കി വിമാനവും മുഴുവനായും പരിശോധിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് സ്പൈസ്ജെറ്റിന്റെ സെക്യൂരിറ്റി മാനേജർ വരുൺ കുമാർ പൊലീസിൽ ഒരു പരാതി നൽകി. 

സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ചില ആളുകളെ നമുക്ക് പരിചയമുണ്ട്. എന്നാൽ, കൂട്ടുകാർക്ക് വേണ്ടി ഈ യുവാവ് ചെയ്ത കാര്യം കേട്ടാൽ ആരായാലും ഒന്ന് മൂക്കത്ത് വിരൽ വച്ച് പോവും. പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് വിളിച്ച് പറഞ്ഞതിനാണ് 24 -കാരനായ അഭിനവ് പ്രകാശിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ദ്വാരകയിൽ നിന്നുള്ള അഭിനവ് ദില്ലിയിൽ നിന്നും പൂനെയിലേക്ക് പുറപ്പെടുന്ന വിമാനത്തിലാണ് ബോംബ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞത്. എന്നാൽ, എന്തിനാണ് താനത് ചെയ്തത് എന്നതിന് അയാൾ നൽകിയ വിശദീകരണമാണ് അതിലും വിചിത്രം. തന്റെ രണ്ട് സുഹൃത്തുക്കൾക്ക് അവരുടെ കാമുകിമാരോടൊത്ത് ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് താനത് ചെയ്തത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബോംബ് വച്ചിട്ടുണ്ട് എന്ന് ഒരാൾ ഫോണിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് വിമാനം പ്രവർത്തനം നിർത്തുകയായിരുന്നു. 9.30 -ന് ദില്ലിയിൽ നിന്നും പുറപ്പെടേണ്ടതായിരുന്നു വിമാനം. സന്ദേശം ലഭിച്ചയുടനെ വിമാനത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും സിഐഎസ്എഫ് എത്തി മുഴുവൻ യാത്രക്കാരുടെയും ല​ഗേജുകൾ പരിശോധിക്കുകയും ആളുകളെ ഇറക്കി മാറ്റുകയും ചെയ്തു. 

182 യാത്രക്കാരെയും ജീവനക്കാരെയും ഇറക്കി വിമാനവും മുഴുവനായും പരിശോധിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് സ്പൈസ്ജെറ്റിന്റെ സെക്യൂരിറ്റി മാനേജർ വരുൺ കുമാർ പൊലീസിൽ ഒരു പരാതി നൽകി. 

ഫോൺ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണമാണ് അഭിനവിൽ എത്തിച്ചേർന്നത്. അധികം വൈകാതെ തന്നെ കേസുമായി ബന്ധപ്പെട്ട് അഭിനവ് അറസ്റ്റിലുമായി. ഇതാണ് പൊലീസ് അന്വേഷണത്തിൽ‌ അഭിനവ് വെളിപ്പെടുത്തിയ കാര്യങ്ങൾ, തന്റെ സുഹൃത്തുക്കളായ ബണ്ടി എന്ന് അറിയപ്പെടുന്ന രാകേഷും കുനാൽ സെഹ്‌രാവത്തും അടുത്തിടെ മണാലിയിൽ പോയി. അവിടെയുള്ള രണ്ട് പെൺകുട്ടികളുമായി ഇവർ സൗഹൃദത്തിലായി. ഈ രണ്ട് പെൺകുട്ടികളും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ പൂനെയിലേക്ക് പോവുകയായിരുന്നു. എന്നാൽ, അഭിനവിന്റെ സുഹൃത്തുക്കൾ അവരുടെ കാമുകിമാരോടൊപ്പം കുറച്ച് അധികം സമയം കൂടി ചെലവഴിക്കാൻ ആഗ്രഹിച്ചു. അതിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നും അഭിനവിനോട് പറഞ്ഞു. 

അങ്ങനെ മൂവരും കൂടി വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് വിളിച്ച് പറയാൻ തീരുമാനിച്ചു. അഭിനവാണ് 
തന്റെ നമ്പറിൽ നിന്നും വിളിച്ചത്. തിരിച്ചു വിളിച്ചപ്പോഴാണെങ്കിൽ ഫോൺ എടുത്തതുമില്ല. അഭിനവ് പിന്നാലെ സുഹൃത്തുക്കളുടെ കാമുകിമാരെയും വിളിച്ചു. വിമാനം കാൻസൽ ചെയ്തത് എല്ലാവരും കൂടി ആഘോഷമാക്കുകയും ചെയ്തു. അഭിനവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ രണ്ട് കൂട്ടുകാരും മുങ്ങി. പൊലീസ് അവരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. 

ഗുരുഗ്രാമിലെ ഡിഎൽഎഫ് കുത്തബ് പ്ലാസയിൽ ബ്രിട്ടീഷ് എയർവേയ്‌സിൽ ട്രെയിനിയായി ജോലി ചെയ്യുകയാണ് കഴിഞ്ഞ ഏഴു മാസമായി അഭിനവ്. 

click me!