
ലണ്ടനിൽ ചോക്ലേറ്റ് മോഷണത്തിന് ശ്രമിച്ച 32 -കാരനായ യുകെ പൗരൻ പിടിയിൽ. 37,000 ഡോളറിലധികം വില വരുന്ന 200,000 കാഡ്ബറി ക്രീം ചോക്ലേറ്റ് ആണ് ഇയാൾ മോഷ്ടിച്ചത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 30 ലക്ഷത്തോളം വില വരും. ജോബി പൂൾ എന്ന 32 -കാരനാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ചയാണ് സംഭവം. ടെൽഫോർഡിലെ വ്യാവസായിക യൂണിറ്റിൽ ആണ് മോഷണം നടന്നത്. മെറ്റൽ ഗ്രൈൻഡർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറിയ ഇയാൾ ചോക്ലേറ്റ് സൂക്ഷിച്ചിരുന്ന വലിയ പെട്ടിയടക്കം മോഷ്ടിച്ചുകൊണ്ട് മോഷ്ടിച്ചെടുത്ത മറ്റൊരു ലോറിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഈ ലോറിയുടെ നമ്പർ പ്ലേറ്റ് അടക്കം വ്യാജമായിരുന്നു. എന്നാൽ, മോഷണം നടത്തി മടങ്ങുന്നതിനിടയിൽ ഇയാൾ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. വാഹനം കണ്ടു സംശയം തോന്നിയ പൊലീസ് ഇയാളുടെ പിന്നാലെ പിന്തുടർന്നെത്തിയാണ് പിടികൂടിയത്. ക്രീം ചോക്ലേറ്റിനു പുറമേ കാഡ്ബറിയുടെ വ്യത്യസ്തങ്ങളായ വിവിധയിനം ചോക്ലേറ്റുകൾ ഇയാൾ മോഷ്ടിച്ചവയിൽ ഉൾപ്പെട്ടിരുന്നു.
വ്യക്തമായി ആസൂത്രണം നടത്തിയതിനുശേഷം ആണ് ഇയാൾ മോഷണം നടത്തിയത് എന്നാണ് പ്രോസിക്യൂട്ടർമാർ ഇയാൾക്ക് എതിരെ കോടതിയിൽ വാദിച്ചത്. അല്ലാത്തപക്ഷം ഒരു ലോറി നിറയെ ചോക്ലേറ്റുകളുമായി ഇയാൾക്ക് ഒരിക്കലും രക്ഷപ്പെട്ടു പോരാൻ സാധിക്കില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് രണ്ടു വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
മോഷണശേഷം ചോക്ലേറ്റുകൾ എങ്ങോട്ട് കടത്താനായിരുന്നു ഇയാൾ ഉദ്ദേശിച്ചിരുന്നത് എന്ന കാര്യം വ്യക്തമല്ല. ചെറുകിട വില്പനക്കാർക്ക് മറിച്ചു വിൽക്കാനായിരുന്നിരിക്കണം ഇയാൾ ഉദ്ദേശിച്ചിരുന്നത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. തിങ്കളാഴ്ച, വെസ്റ്റ് മെർസിയ പൊലീസ് ആണ് ചോക്ലേറ്റ് മോഷണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.