South Africa : പുലര്‍ച്ചെ ദുരൂഹസാഹചര്യത്തില്‍ തീപ്പിടിത്തം, പാര്‍ലമെന്റ് സമുച്ചയം ഭാഗികമായി കത്തിനശിച്ചു

Web Desk   | Asianet News
Published : Jan 03, 2022, 03:38 PM IST
South Africa : പുലര്‍ച്ചെ ദുരൂഹസാഹചര്യത്തില്‍ തീപ്പിടിത്തം, പാര്‍ലമെന്റ് സമുച്ചയം ഭാഗികമായി കത്തിനശിച്ചു

Synopsis

തീപ്പിടിത്തം തടയുന്നതിന് ഏര്‍പ്പെടുത്തിയ ജലധാരാ സംവിധാനം പ്രവര്‍ത്തനരഹിതമാക്കിയതിനെ തുടര്‍ന്നാണ് അഗ്‌നിബാധ രൂക്ഷമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. പുലര്‍ച്ചെ രഹസ്യമായി വന്ന് ജലധാരാ യന്ത്രത്തിന്റെ വാല്‍വ് അടച്ചുകളഞ്ഞ കുറ്റത്തിനാണ് അമ്പതു വയസ്സുള്ള ഒരാള്‍ അറസ്റ്റിലായത്. 

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പുലര്‍ച്ചെയുണ്ടായ കനത്ത തീപ്പിടിത്തത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാനമായ വസ്തുക്കളടക്കം കത്തിനശിച്ചു. ദുരൂഹത നിറഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ തീപ്പിടിത്തം നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

തീപ്പിടിത്തം തടയുന്നതിന് ഏര്‍പ്പെടുത്തിയ ജലധാരാ സംവിധാനം പ്രവര്‍ത്തനരഹിതമാക്കിയതിനെ തുടര്‍ന്നാണ് അഗ്‌നിബാധ രൂക്ഷമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. പുലര്‍ച്ചെ രഹസ്യമായി വന്ന് ജലധാരാ യന്ത്രത്തിന്റെ വാല്‍വ് അടച്ചുകളഞ്ഞ കുറ്റത്തിനാണ് അമ്പതു വയസ്സുള്ള ഒരാള്‍ അറസ്റ്റിലായത്. ഇയാളാണോ തീയിട്ടത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്ന കാര്യവും അട്ടിമറിയാണോ ഇതെന്ന കാര്യവും പ്രത്യേക അന്വേഷണ സംഘത്തിന് വിട്ടതായി ദക്ഷിണാ്രഫിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ അറിയിച്ചു. 

പുലര്‍ച്ചെ ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നാം നിലയില്‍നിന്നും തുടങ്ങിയ അഗ്‌നിബാധ പെട്ടെന്ന് പടരുകയായിരുന്നു. സമുച്ചയത്തിനുള്ളിലെ പഴയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നുവീണു. കെട്ടിടത്തിനുള്ളില്‍ സജ്ജീകരിച്ച മ്യൂസിയത്തിലെ ദക്ഷിണാ്രഫിക്കന്‍ ചരിത്രവുമായി
ബന്ധപ്പെട്ട അപൂര്‍വ്വ വസ്തുക്കളെല്ലാം കത്തിനശിച്ചു. പുതിയ ദേശീയ അസംബ്ലി കെട്ടിടത്തിനും തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്ത ശേഷമാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് പ്രദേശം ബന്തവസിലാക്കിയിരുന്നു. ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയ പൊലീസ് സംശയമുള്ള പലരെയും കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്.

തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പാര്‍ലമെന്റ് പിരിഞ്ഞശേഷം ഇവിടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. കനത്ത സുരക്ഷാ സന്നാഹമുള്ള ഇവിടെ കടന്നുകയറുക എളുപ്പമല്ല. കെട്ടിടത്തിനകത്തുള്ള ജലധാരാ യന്ത്രം കേടാക്കിയ ആള്‍ എങ്ങനെയാണ് ഇതിനകത്ത് കടന്നതെന്ന് വ്യക്തമല്ല. ഇയാള്‍ അര്‍ദ്ധരാത്രിയില്‍ പാത്തും പതുങ്ങിയും വന്ന് ജലധാരായന്ത്രത്തിന്റെ വാല്‍വ്് അടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിനകത്തു വച്ചാണ് ഇയാളെ പിടികൂടിയത് എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

പാലര്‍മെന്റ് സമുച്ചയത്തിന് മൂന്ന ഭാഗങ്ങളാണ് ഉള്ളത്. 1800-കളില്‍ പണിപൂര്‍ത്തിയാക്കിയ പഴയ പാര്‍ലമെന്റ് കെട്ടിടമാണ് അവയിലൊന്ന്. പുതുതായി പണി കഴിപ്പിച്ച മറ്റ് രണ്ട് കെട്ടിടങ്ങളാണ് മറ്റു ഭാഗങ്ങള്‍. ഇവയിലൊന്നാണ് നിലവിലെ ദേശീയ അസംബ്ലി സമ്മേളിക്കുന്നത്. ഇതിനകത്താണ് ചരിത്രപ്രധാനമായ പൗരാണിക വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്്. ഇവയെല്ലാം കത്തിനശിച്ചതായാണ് വിവരം. 

തീപ്പിടിത്തത്തിന്റെ വിവരമറിഞ്ഞ് പ്രസിഡന്റ് റാമഫോസയും പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പുലര്‍ച്ചെ തന്നെ ഇവിടെ എത്തിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രസിഡന്റാണ് മാധ്യമങ്ങളെ അറിയിച്ചത്. സംഭവം ഞെട്ടിക്കുന്നതാണ് എന്നും പ്രസിഡന്റ് പറഞ്ഞു. ആര്‍ച്് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് തീപ്പിടിത്തമുണ്ടായത്. 

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് പാര്‍ലമെന്റ് കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടാവുന്നത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ തീപ്പിടിത്തത്തിലും വലിയ കേടുപാടുകളുണ്ടായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു അന്ന് ദുരന്തകാരമായത്.  

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!