ഒരുകൂട് കപ്പലണ്ടി സൗജന്യമായി നൽകിയ കച്ചവടക്കാരനെ തേടി എൻആർഐ കുടുംബം നടന്നത് 12 വർഷം, ഒടുവിൽ

By Web TeamFirst Published Jan 3, 2022, 2:10 PM IST
Highlights

ഡിസംബർ 30 -ന്, മോഹന്റെ മക്കളായ 21 -കാരനായ പ്രണവും സഹോദരി സുചിതയും കച്ചവടക്കാരന്റെ കുടുംബത്തെ കാണാനെത്തി. എന്നാൽ, അദ്ദേഹം രണ്ട് വർഷം മുൻപ് അന്തരിച്ചുവെന്ന് അവർ വേദനയോടെ മനസ്സിലാക്കി. 

പണമൊന്നും വാങ്ങാതെ ഒരു കൂട് കപ്പലണ്ടി സൗജന്യമായി നൽകിയ ഒരു കച്ചവടക്കാരനെ തേടി ഈ എൻആർഐ കുടുംബം നടന്നത് 12 വർഷങ്ങൾ. എന്നാൽ, അടുത്തിടെ ആ യാത്ര കാക്കിനാഡിനടുത്തുള്ള ഒരു ഗ്രാമത്തിൽ അവസാനിച്ചുവെങ്കിലും, ഒരു ദശാബ്ദത്തിലേറെ കാലം തിരഞ്ഞ് നടന്ന ആ മനുഷ്യന്റെ മരണവാർത്തയായിരുന്നു അവിടെ അവരെ എതിരേറ്റത്. എങ്കിലും വിൽപ്പനക്കാരന്റെ കുടുംബത്തെ കണ്ടുമുട്ടാനായതിന്റെ സന്തോഷത്തിലാണ് അവർ ഇപ്പോൾ.      

ജിഞ്ജല പേട സത്തയ്യ(Ginjala Peda Sathiyya) എന്നാണ് കച്ചവടക്കാരന്റെ പേര്. ആന്ധ്ര(Andhra Pradesh)യിലെ കാക്കിനാഡ(Kakinada) ബീച്ചിൽ കപ്പലണ്ടി കച്ചവടമായിരുന്നു അദ്ദേഹത്തിന്. 2010 -ൽ കാക്കിനാഡിൽ എത്തിയ മോഹൻ നെമാനി ഒരു സായാഹ്നത്തിൽ തന്റെ കുട്ടികളുമായി ബീച്ച് സന്ദർശിക്കാൻ പോയി. ബീച്ചിൽ കളിക്കുന്നതിനിടയിൽ കുട്ടികൾ കപ്പലണ്ടിയുമായി നടക്കുന്ന സത്തയ്യയെ കണ്ടു. ഉടനെ അവർക്കും ഒരു കൂട് കപ്പലണ്ടി വേണമെന്ന് അവർ അച്ഛനോട് ആവശ്യപ്പെട്ടു. എന്നാൽ കപ്പലണ്ടി വാങ്ങാൻ നോക്കിയപ്പോഴാണ്, തന്റെ പേഴ്‌സ് വീട്ടിൽ മറന്ന് വച്ചതായി അദ്ദേഹം മനസ്സിലാക്കിയത്. എന്നാൽ, കുട്ടികൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. കപ്പലണ്ടി വേണമെന്ന് പറഞ്ഞ് അവർ കരച്ചിലായി. ഒടുവിൽ സത്തയ്യ കുട്ടികളെ സമാധാനിപ്പിച്ച് അവർക്ക് സൗജന്യമായി കപ്പലണ്ടി നൽകി.

അവർ കച്ചവടക്കാരനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുകയും പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് കുടുംബം യുഎസിലേക്ക് മടങ്ങിയെങ്കിലും, കച്ചവടക്കാരന്റെ ഔദാര്യം അവർ ഒരിക്കലും മറന്നില്ല. കാക്കിനാഡ ബീച്ചിൽ നിന്ന് എടുത്ത ആ ഫോട്ടോ അവർ കളയാതെ സൂക്ഷിച്ചു. കാക്കിനാഡയിൽ മടങ്ങിയെത്തുമ്പോഴെല്ലാം, കുടുംബം സത്തയ്യയെ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. ഒടുവിൽ തന്റെ സുഹൃത്തും, കാക്കിനാഡ സിറ്റി എംഎൽഎയായ ഡി. ചന്ദ്രശേഖർ റെഡ്ഡിയുടെ സഹായം തേടാൻ മോഹൻ തീരുമാനിച്ചു. അദ്ദേഹത്തോട് വിൽപ്പനക്കാരനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി തരാൻ മോഹൻ ആവശ്യപ്പെട്ടു.

എം.എൽ.എ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും. അദ്ദേഹത്തെ കണ്ടെത്താൻ തന്റെ പിഎ ഗോവിന്ദരാജുലുവിനോട് ആവശ്യപ്പെടുകയും ചെയ്തു. സത്തയ്യയുടെ ജന്മഗ്രാമമായ നാഗുലാപ്പള്ളിയിൽ നിന്നുള്ള ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുകയും ഇയാളുടെ കുടുംബത്തെക്കുറിച്ചുള്ള വിവരം പിഎയെ അറിയിക്കുകയും ചെയ്തു. അങ്ങനെ, ഡിസംബർ 30 -ന്, മോഹന്റെ മക്കളായ 21 -കാരനായ പ്രണവും സഹോദരി സുചിതയും കച്ചവടക്കാരന്റെ കുടുംബത്തെ കാണാനെത്തി. എന്നാൽ, അദ്ദേഹം രണ്ട് വർഷം മുൻപ് അന്തരിച്ചുവെന്ന് അവർ വേദനയോടെ മനസ്സിലാക്കി. തുടർന്ന്, അവർ കുടുംബത്തെ ആശ്വസിപ്പിക്കുകയും, അന്ന് അദ്ദേഹം കാണിച്ച നല്ല മനസ്സിന് കുടുംബത്തിന് 25,000 രൂപ സ്നേഹസമ്മാനമായി നൽകുകയും ചെയ്തു.

click me!