
ജോലി സ്ഥലത്ത് നിന്നും ലഭിച്ച ടിപ്പ് മാത്രം ഉപയോഗിച്ച് 10 ലക്ഷത്തിന്റെ കാർ വാങ്ങിയതായി യുവാവ്. ഒരു ക്രൂയിസ് കപ്പലിൽ ജോലി ചെയ്യുന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പലിൽ എത്തിയിരുന്ന യൂറോപ്യൻ, അമേരിക്കൻ അതിഥികൾക്ക് ഇങ്ങനെ ടിപ്പ് നൽകിയതിന് യുവാവ് നന്ദിയും പറയുന്നുണ്ട്. 'നിങ്ങൾ ഒരു ക്രൂയിസ് കപ്പലിലാണ് ജോലി ചെയ്യുന്നതെങ്കിൽ അതിൽ നിന്നും കിട്ടുന്ന ടിപ്‌സ് ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാം വാങ്ങാം.....' എന്നാണ് പ്രവീൺ ജോഷിൽക്കർ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
അടുത്ത വരിയിൽ, തന്റെ ശമ്പളം സേവിംഗ്സായി മാറ്റിവച്ചിരിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. 'ശമ്പളം ഭാവിയിലെ സേവിംഗ്സാണ്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. ഒപ്പം തന്നെ തന്റെ കാറിനടുത്ത് നിൽക്കുന്ന ഒരു ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. കാർ വാങ്ങിയതിന് പലരും യുവാവിനെ അഭിനന്ദിച്ചു. മറ്റ് ചിലർ ക്രൂയിസ് കപ്പലിൽ ജോലി കിട്ടാനായി എന്താണ് വേണ്ടത് എന്നാണ് ചോദിച്ചത്. ഇങ്ങനെ ഒരു ജോലിയാണ് നമ്മളും ആഗ്രഹിക്കുന്നത് എന്നാണ് മറ്റ് ചിലർ പറഞ്ഞത്.
മഹാരാഷ്ട്രയിലെ മതേരനിൽ നിന്നുള്ളയാളാണ് പ്രവീൺ ജോഷിൽക്കർ എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. പതിവ് ജോലിക്ക് പുറമേ, ക്രൂയിസ് കപ്പലിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കണ്ടന്റുകൾ നിർമ്മിക്കുകയും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട് പ്രവീൺ. ഒരു ഇറ്റാലിയൻ ക്രൂയിസ് കമ്പനിയിൽ ബട്ട്ലറായി ജോലി ചെയ്യുകയാണ് യുവാവ്.