
കുട്ടിയായിരിക്കെ തന്നെ രക്ഷിച്ച സൈനികനെ വർഷങ്ങൾക്ക് ശേഷം വിവാഹം കഴിച്ച് യുവതി. വെൻചുവാൻ ഭൂകമ്പത്തിന്റെ സമയത്ത് തന്നെ രക്ഷിച്ച സൈനികനെയാണ് ഈ യുവതി വിവാഹം ചെയ്തിരിക്കുന്നത്. നവംബർ 29 -ന് ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിൽ വച്ച് വർഷം തോറും നടത്തിവരാറുള്ള 'ഹാൻ സ്റ്റൈൽ കളക്ടീവ് വെഡ്ഡിംഗ് സെറിമണി'യിലാണ് ലിയാങ് ഷിയ്ബിന്റെയും ലിയു സിമേയിയുടെയും വിവാഹം നടന്നത്. 17 വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ പ്രണയകഥയുടെ തുടക്കം. 2008 -ൽ വെൻചുവാൻ ഭൂകമ്പം ഉണ്ടായ സമയത്ത്, 22 വയസ്സുള്ള ലിയാങ് അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്ന ഒരു സൈനികനായിരുന്നു. അന്ന് 10 വയസ്സ് മാത്രമായിരുന്നു ലിയുവിന്റെ പ്രായം.
അന്നത്തെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സ്റ്റീൽ കമ്പികൾക്കടിയിലും ഇഷ്ടികകൾക്കടിയിലും കുടുങ്ങിക്കിടക്കുകയായിരുന്നു അവൾ. ലിയാങ്ങും സംഘവും നാല് മണിക്കൂർ അക്ഷീണം പരിശ്രമിച്ചാണ് ഒടുവിൽ ലിയുവിനെ ആ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സുഖം പ്രാപിച്ച ശേഷം ലിയുവും കുടുംബവും ഹുനാനിലെ സുഷോവിലേക്ക് മടങ്ങി. വർഷങ്ങളോളം അവളുടെ മനസിൽ അവളെ അന്ന് രക്ഷിച്ച മനുഷ്യന്റെ മങ്ങിയ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ, 2020 -ൽ അന്ന് 22 -കാരിയായ ലിയു ചാങ്ഷയിൽ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകുന്നത്. അടുത്തുള്ള മേശയിൽ ഇരിക്കുന്ന ഒരാളെ ശ്രദ്ധിച്ച അവളുടെ അമ്മ, അയാൾക്ക് ഒരിക്കൽ ലിയുവിന്റെ ജീവൻ രക്ഷിച്ച പട്ടാളക്കാരനുമായി സാമ്യം തോന്നുന്നു എന്ന് പറയുകയായിരുന്നു, ശേഷം ലിയു അത് ആ യുവാവിനോട് അത് ചോദിക്കുകയും ചെയ്തു. 'അതേ' എന്നായിരുന്നു അയാളുടെ ഉത്തരം. ലിയുവിനെ കണ്ടിട്ട് അയാൾക്ക് മനസിലായില്ല എന്നും ലിയും ഒരുപാട് മാറിപ്പോയി എന്നുകൂടി അയാൾ പറഞ്ഞു.
അന്നു വൈകുന്നേരം തന്നെ ലിയു അയാളുടെ വിവരങ്ങൾ സംഘടിപ്പിക്കുകയും ലിയാങ്ങിനോട് സംസാരിച്ച് തുടങ്ങുകയും ചെയ്തു. അധികം വൈകാതെ ലിയുവിന് ലിയാങ്ങിനോട് പ്രണയം തോന്നി. 'നന്ദിയുടെ പേരിലല്ല താൻ ലിയാങ്ങിനെ പ്രണയിച്ചത്. പകരം, ജീവിതത്തിൽ എന്നേക്കുമായി താൻ വിശ്വസിക്കാൻ പോകുന്ന മനുഷ്യനാണ് ഇത് എന്ന് തനിക്ക് തോന്നി. അങ്ങനെയാണ് പ്രണയം തോന്നിയത്' എന്നാണ് അവൾ പറയുന്നത്. ലിയാങ് പറയുന്നത്, ലിയു എപ്പോഴും പൊസിറ്റീവാണ്, അതാണ് തനിക്ക് അവളിൽ ഇഷ്ടപ്പെട്ട കാര്യം എന്നാണ്. എന്തായാലും, ഇപ്പോൾ ഇരുവരും വിവാഹിതരായി ഒരുമിച്ച് ജീവിതം ആരംഭിച്ച് കഴിഞ്ഞു.