
ശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ തൻ്റെ സീറ്റിലേക്ക് കാലിന്മേൽ കാൽ കയറ്റിയിരുന്ന സഹയാത്രികൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഗുർജോത് അലുവാലിയ എന്നയാളാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തത്. 'ശതാബ്ദിയിൽ യാത്ര ചെയ്യുകയാണ്. എന്റെ തൊട്ടടുത്തിരിക്കുന്ന ഈ 'ബുദ്ധിമാൻ' കഴിഞ്ഞ 30 മിനിറ്റായി എന്റെ പേഴ്സണൽ സ്പേസിൽ കടന്നുകയറി കാലിന്മേൽ കാൽ കയറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ വിവരമുള്ള ഈ വിവരദോഷികളുടെ പൗരബോധമില്ലായ്മയ്ക്ക് എങ്ങനെയാണ് പരിഹാരം കാണുക?' എന്ന കുറിപ്പോടെയാണ് ഗുർജോത് ചിത്രം പങ്കുവെച്ചത്.
വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ട്രെയിനുകളിലും വിമാനങ്ങളിലും ബസുകളിലുമൊക്കെയുള്ള സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകി. താൻ പരമാവധി ശാന്തനായിരിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ സഹയാത്രികൻ്റെ പെരുമാറ്റം തന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നും മറ്റൊരു പോസ്റ്റിൽ ഗുർജോത് കുറിച്ചു. 'ഒന്നുകിൽ ഞാൻ വിചാരിച്ചത് തെറ്റാണ്, അല്ലെങ്കിൽ ഇയാൾ എന്റെ പോസ്റ്റ് കണ്ടിട്ടുണ്ട്. പക്ഷേ, അയാളുടെ ആ അഴുക്കുപുരണ്ട ഷൂസ് എന്റെ മേൽ ഒന്നു തൊട്ടാൽ എന്റെ നിയന്ത്രണം നഷ്ടപ്പെടും' എന്നും യുവാവ് കുറിക്കുന്നു.
എന്നാൽ, പ്രശ്നം കൂടുതൽ വഷളായില്ല. ചായയും ഭക്ഷണവും വിതരണം ചെയ്യാൻ തുടങ്ങിയതോടെ സഹയാത്രികൻ ഇരിപ്പുരീതി മാറ്റിയെന്നും പിന്നീട് പ്രശ്നമുണ്ടായില്ലെന്നും ഗുർജോത് പിന്നീട് വ്യക്തമാക്കി. ഗുർജോതിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റുകൾ നൽകുന്നത്. പൗരബോധത്തെ കുറിച്ചും പൊതുവിടങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവങ്ങളും പലരും ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുമ്പോൾ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് പകരം നേരിട്ട് സംസാരിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത് എന്ന് ചോദിച്ചവരുമുണ്ട്.