
മനഃസമാധാനത്തിന് വേണ്ടി അങ്ങേയറ്റം സമ്മർദ്ദമുണ്ടാക്കിയ ഐടി ജോലി ഉപേക്ഷിച്ച ടെക്കി ഇന്ന് വിശപ്പടക്കാൻ റേഷൻ വാങ്ങാൻ ക്യൂ നിൽക്കുന്നുവെന്ന് തുറന്നെഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ദിവസേന ജോലിക്കായുള്ള അഭിമുഖങ്ങളിൽ പങ്കെടുത്തും ദൈനംദിന ചെലവുകൾക്കും ചെലവഴിച്ച്, ജോലി രാജിവച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ബാങ്ക് ബാലൻസ് എല്ലാം തീർന്നെന്നും യുവാവ് എഴുതി. ഇതോടെ ജീവിതം ദുരിതപൂർണ്ണമായെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.
തൊഴിലില്ലായ്മ, ശൂന്യമായ ബാങ്ക് അക്കൗണ്ട്, അതിജീവനത്തിനായി മറ്റെന്തെങ്കിലും ജോലിക്ക് തയ്യാറാകൽ തുടങ്ങിയവെ കുറിച്ചും യുവാവ് തന്‍റെ റെഡ്ഡിറ്റ് പോസ്റ്റിൽ എഴുതി. യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിവച്ചു. "മാനസിക സമാധാനത്തിനായി അങ്ങേയറ്റം വിഷലിപ്തമായ ഐടി ജോലി ഉപേക്ഷിച്ചു, ഇപ്പോൾ അതിജീവിക്കാൻ റേഷൻ ക്യൂവിൽ നിൽക്കുന്നു" എന്നാണ് റെഡ്ഡിറ്റ് ഉപയോക്താവ് തന്‍റെ കുറിപ്പിന് നൽകിയ തലക്കെട്ട് തന്നെ. 2026 ഫെബ്രുവരി 27 -ന് തന്‍റെ ഐടി ജോലി ഉപേക്ഷിച്ചു. ശമ്പളത്തേക്കാൾ മാനസികാരോഗ്യവും മനഃസമാധാനവുമാണ് പ്രധാനമെന്ന് വിശ്വസിച്ചു. എന്നാൽ കമ്പനി വിട്ടതിന് ശേഷം കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. 'രണ്ട് മാസം കഴിഞ്ഞിട്ടും തൊഴിൽരഹിതനായിരുന്നു. ഒന്നിലധികം അഭിമുഖങ്ങളിൽ പങ്കെടുത്തു. ചിലത് വളരെ നന്നായി. പക്ഷേ, പിന്നീട് ഒരു മെയിലോ ഫോണോ വന്നില്ലെന്നും അദ്ദേഹം കുറിച്ചു.
പിന്നാലെ സമ്പാദ്യമെല്ലാം തീർന്നു. എന്തിന് പിഎഫിലുള്ള കാശും തീർന്നു. കുടുംബത്തിന്‍റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്നും യുവാവ് എഴുതി. വീട്ടിൽ കാറുണ്ട്. പക്ഷേ, പെട്രോൾ അടിക്കാൻ പണമില്ല. മാസങ്ങളായി ജോലിയില്ലാത്തതിനാൽ മാനസികമായി തളർന്നു. ഒടുവിൽ മാസം 25,000 രൂപയ്ക്ക് ഒരു നിർമ്മാണ സ്ഥലത്ത് സൂപ്പർവൈസറുടെ ജോലി ചെയ്യുകയാണിപ്പോൾ. ഐടി ജോലി ഉപേക്ഷിക്കുമ്പോൾ ഭാവി ഇത്രയും കഠിനമായിരിക്കുമെന്ന് കരുതിയില്ല. പങ്കെടുത്ത അഭിമുഖങ്ങളിൽ ഒന്ന് പോലും കിട്ടാതായപ്പോൾ അത് ആത്മവിശ്വാസത്തെ പോലും ബാധിച്ചു. ആളുകൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കാൻ പറയും. എന്നാൽ മാസങ്ങളോളും നിങ്ങളുടെ ശ്രമം ഒന്നുമാകാതാകുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുമെന്നും യുവാവ് ചൂണ്ടിക്കാട്ടി.
യുവാവിന്‍റെ കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. പലരും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് എഴുതി. മറ്റ് ചിലർ ചില ഉപദേശങ്ങളുമായെത്തി. ആറ് മാസമായി ജോലി ഇല്ലാതെ ഇരിക്കുകയാണെന്നും ഇന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടാണ് അതിജീവനം സാധ്യമാക്കിയത് എന്നായിരുന്നു ഒരു യുവാവിന്‍റെ കുറിപ്പ്. മറ്റ് ചിലർ ടെക് റോളിനെ കുറിച്ച് ആലോചിക്കേണ്ടെന്നും മറ്റെന്തെങ്കിലും കമ്പനികളിൽ മാനേജീരിയൽ ജോലിക്ക് ശ്രമിക്കാനും ഉപദേശിച്ചു. അതേസയമം മതിയായ സമ്പാദ്യമില്ലാതെ ജോലി ഉപേക്ഷിച്ചത് മണ്ടത്തരമായെന്ന് ചിലർ ചൂണ്ടിക്കാട്ടി. പലർക്കും സാമ്പത്തിക സാക്ഷരതയില്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.