
തായ്‌ലൻഡിൽ കഴിഞ്ഞ മാസം 29 -ന് ഒരു മരുന്ന് കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതിന് ഒരാളെ കൈയോടെ പിടികൂടുകയുണ്ടായി. അതിലെന്താണ് ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നുണ്ടാകും? സാധാരണ പിടിക്കപ്പെടും എന്ന് തോന്നിയാൽ കള്ളൻ ഓടി രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഇവിടെ കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല പൊലീസിനെ വിളിക്കാൻ കടക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. മോഷ്ടാവിന് അറുപതിനടുപ്പിച്ച് വയസ്സുണ്ടായിരുന്നു. എല്ലുകൾ തള്ളി, ചുളിവുകൾ വീണ് തീർത്തും അവശനിലയിലായിരുന്നു അയാൾ. അതുകൊണ്ട് തന്നെ അയാളെ പൊലീസിൽ ഏല്പിക്കാൻ അവർ മടിച്ചു. എന്നാൽ അയാൾക്ക് പറയാനുണ്ടായിരുന്നത് തീർത്തും ഞെട്ടിക്കുന്ന മറ്റൊരു കാര്യമായിരുന്നു.
ജൂലൈ 29 -ന് ഉച്ചതിരിഞ്ഞ് ബാങ്കോക്കിന് തെക്ക് ചോൻബുരി പ്രവിശ്യയിലെ ഒരു ഫാർമസിയിലാണ് അസാധാരണമായ സംഭവം നടന്നത്. 37 രൂപ വില വരുന്ന മൂന്ന് സോപ്പുകളാണ് വൃദ്ധൻ മോഷ്ടിച്ചത്. വൃദ്ധന്റെ പേര് ഫിച്ചിറ്റ്. കടയിലെ ഒരു ജീവനക്കാരനാണ് ഇത് കൈയോടെ പിടിച്ചത്. പ്രദേശത്ത് മോഷണം തടയുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ വച്ചിരുന്നു. മോഷണം പിടിക്കപ്പെട്ടാൽ മോഷ്ടിച്ച സാധനങ്ങളുടെ മൂല്യത്തേക്കാൾ 30 ഇരട്ടി വരെ പിഴ നൽകേണ്ടി വരുമെന്ന് അതിൽ എഴുതിയിരുന്നു. മാത്രമല്ല ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. അദ്ദേഹത്തിന്റെ പരിതാപകരമായ രൂപം കണ്ട് ജീവനക്കാർ വൃദ്ധനെ വെറുതെ വിടാൻ തയ്യാറായിരുന്നു. കൂടാതെ നാട്ടുകാരിൽ ഒരാൾ അയാൾക്ക് വേണ്ടി പിഴ അടയ്ക്കാൻ പോലും തയ്യാറായി. എന്നാൽ പൊലീസിനെ വിളിക്കാൻ അയാൾ കടക്കാരനെ നിർബന്ധിച്ചു. ഒടുവിൽ പൊലീസ് എത്തി. ചോദ്യം ചെയ്യലിലാണ് അയാൾ തന്റെ കഥ അവരോട് പറഞ്ഞത്.
തന്നെ ദയവ് ചെയ്തു ജയിലിൽ അടക്കണമെന്ന് വൃദ്ധൻ അപേക്ഷിച്ചു. അവിടെ മൂന്ന് നേരം സൗജന്യമായി ഭക്ഷണം ലഭിക്കുമെന്നും മറ്റ് ആളുകളുമായി ഇടപഴകാമെന്നും അയാൾ പറഞ്ഞു. തെരുവിൽ പോകാതെ, പട്ടിണി കിടക്കാതെ തനിക്ക് ജീവിക്കാമല്ലോ എന്നായിരുന്നു ഫിച്ചിറ്റ് പൊലീസിനോട് പറഞ്ഞത്. ജോലിയില്ലാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയായിരുന്നു അയാൾ. ഇങ്ങനെ പോയാൽ താൻ തെരുവിൽ പട്ടിണി കിടന്ന് മരിക്കുമെന്നും, അനാഥ ശവമായി തീരാൻ ആഗ്രഹിക്കുന്നില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്ത് തീരുമാനമെടുത്തു എന്നത് വ്യക്തമല്ല.
എന്നാൽ പണപ്പെരുപ്പം 2008 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കയാണ്. തായ്‌ലൻഡിലെ നിരവധി ആളുകൾ ഇപ്പോൾ സമാനമായ സാഹചര്യത്തെ നേരിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.