സ്വത്തുക്കൾ ഭാ​ഗം വച്ച് നൽകിയില്ല, അച്ഛനെ ചങ്ങലക്കിട്ട് ആൺമക്കൾ

By Web TeamFirst Published Jul 28, 2021, 2:39 PM IST
Highlights

എന്നാൽ, സ്വത്തിന്റെ പേരിൽ അദ്ദേഹത്തെ മക്കൾ പീഡിപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജൂൺ 25 ന് സാവൽ ഹെൽപ്പ്ലൈനിൽ വിളിക്കുകയുണ്ടായി. തന്നെ മക്കൾ ചങ്ങലക്കിട്ടിരിക്കയായിരുന്നെന്നും, കൊച്ചുമക്കളുടെ സഹായത്തോടെ ചങ്ങല മുറിച്ചശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടതാണ് താനെന്നും അദ്ദേഹം ഫോണിലൂടെ പറഞ്ഞു. 

സ്വത്തുക്കൾ മക്കൾക്ക് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 62 -കാരനായ അച്ഛനെ ചങ്ങലക്കിട്ട് ആൺമക്കൾ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ സിഹോറ ഗ്രാമത്തിലാണ് സംഭവം. സാവൽ സിംഗ് എന്നയാളെയാണ് മൂന്ന് ആൺമക്കൾ ചേർന്ന് ചങ്ങലക്കിട്ടത്. ഉത്തർപ്രദേശ്  റോഡ് ഗതാഗത വകുപ്പിലെ ഡ്രൈവറായിരുന്നു അദ്ദേഹം. ഒരു മാസത്തിലേറെയായി ആ വൃദ്ധൻ ബന്ധനത്തിൽ കഴിയുകയായിരുന്നു. സാവലിന്റെ പേരിൽ മൂന്നേക്കർ ഭൂമിയുണ്ടായിരുന്നു. ആ ഭൂമി മക്കൾക്ക് ഭാഗംവച്ച് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, അത് സാധ്യമല്ലെന്ന് അദ്ദേഹവും പറഞ്ഞു. തുടർന്ന് കോപാകുലരായ മക്കൾ അച്ഛനെ വീട്ടിലെ മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ടു.

എന്നാൽ, മുതിർന്ന പൗരന്മാർക്കുള്ള ഹെൽപ്പ്ലൈൻ ഈ വിവരം അറിയുകയും, അദ്ദേഹത്തെ വീട്ടിൽ ചെന്ന് മോചിപ്പിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് നിമിഷങ്ങൾക്കുമുമ്പ് പുറത്ത് വന്ന ഒരു വീഡിയോയിൽ, ഒരു ചെറിയ മുറിയിലെ കട്ടിലിൽ ഇരിക്കുന്ന അദ്ദേഹത്തെ കാണാം. അദ്ദേഹത്തിന്റെ കാലുകൾ ചങ്ങലയിൽ ബന്ധിച്ചിരുന്നു. ഒരു കുടം വെള്ളവും, പാത്രവും, കട്ടിലിന് താഴെ ഒരു പായയും വീഡിയോവിൽ കാണാം. “എനിക്ക് അവിടെത്തന്നെ ഇരുന്ന് മലമൂത്രവിസർജ്ജനം നടത്തേണ്ടിവന്നു. എന്റെ ബോധം നശിച്ചു. അവർ എന്നെ കഷ്ടപ്പെടുത്തി” അദ്ദേഹം വീഡിയോയിൽ പറയുന്നു.

എന്നാൽ, സ്വത്തിന്റെ പേരിൽ അദ്ദേഹത്തെ മക്കൾ പീഡിപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജൂൺ 25 ന് സാവൽ ഹെൽപ്പ്ലൈനിൽ വിളിക്കുകയുണ്ടായി. തന്നെ മക്കൾ ചങ്ങലക്കിട്ടിരിക്കയായിരുന്നെന്നും, കൊച്ചുമക്കളുടെ സഹായത്തോടെ ചങ്ങല മുറിച്ചശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടതാണ് താനെന്നും അദ്ദേഹം ഫോണിലൂടെ പറഞ്ഞു. ഉടനെ പൊലീസുമായി ഹെല്പ്ലൈനിലെ ആളുകൾ  വീട്ടിലെത്തി. കുടുംബവുമായി സംസാരിക്കുകയും, അച്ഛന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മക്കൾ ഉറപ്പും നൽകുകയും ചെയ്തു. അങ്ങനെ കുടുംബത്തിൽ നിന്നുള്ള വാക്കാലുള്ള ഉറപ്പോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടു. പിന്നീട് കേസ് പിന്തുടർന്ന്, ഹെല്പ്ലൈൻ അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ  ആരോ പറഞ്ഞു അദ്ദേഹത്തെ മക്കൾ വീണ്ടും ചങ്ങലയ്ക്കിട്ടുവെന്ന്. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കുടുംബം നശിപ്പിച്ചു. അദ്ദേഹത്തിന് വിളിക്കാൻ പോലും നിർവ്വാഹമില്ലാതായി.

അങ്ങനെ ഹെല്പ് ലൈനിലെ ഉദ്യോഗസ്ഥരും, പൊലീസും, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വീട് സന്ദർശിച്ച് അദ്ദേഹത്തെ മോചിപ്പിച്ചു. തങ്ങൾ അച്ഛനെ ചങ്ങലക്കിട്ടിരിക്കയാണ് എന്ന് മക്കൾ തുറന്നു സമ്മതിച്ചു. എന്നാൽ അത് അദ്ദേഹത്തെ സംരക്ഷിക്കാനാണ് എന്നായിരുന്നു അവരുടെ വാദം. ട്രക്ക് ഡ്രൈവർമാരായ അവർ വീട്ടിൽ നിന്നും കൂടുതൽ സമയവും മാറി നിൽക്കുന്നവരാണെന്നും, അവരില്ലാത്തപ്പോൾ അച്ഛൻ മദ്യപിച്ച് ലക്കുകെട്ട് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, അത് കാരണമാണ് അദ്ദേഹത്തെ ചങ്ങലക്കിട്ടിരിക്കുന്നതെന്നും മക്കൾ പറഞ്ഞു. എന്നാൽ സ്വത്ത് തർക്കത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് ഒരു സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ രാമശങ്കർ ഗുപ്‌ത പറഞ്ഞു. "മക്കൾക്ക് അദ്ദേഹത്തെ ബന്ദിയാക്കാൻ കഴിയില്ല. അത് മനുഷ്യത്വരഹിതമാണ്, ” അദ്ദേഹം പറഞ്ഞു.  

click me!