
എവിടെ തിരിഞ്ഞാലും ഇന്ന് തട്ടിപ്പാണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലുള്ള കാശ് പോകുന്നത് അറിയുക കൂടിയില്ലെന്ന് സാരം. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ. പൊലീസായി ചമഞ്ഞ് തന്നിൽ നിന്നും പണം തട്ടിയതിനെ കുറിച്ചാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്.
തന്നിൽ നിന്നും 3000 രൂപ അവർ തട്ടിയെടുത്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. "ഞാൻ കസ്തൂരി നഗറിനടുത്തുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. പെട്ടെന്ന് മൂന്നുപേർ തന്നെ തടഞ്ഞു. ഒരാൾ പൊലീസ് യൂണിഫോമിലായിരുന്നു. പിന്നെ സാധാരണ വസ്ത്രത്തിൽ രണ്ട് പേരും. എന്നെ കൈ വീശിക്കാണിച്ചു. താൻ വണ്ടിയിൽ നിന്നും താഴെയിറങ്ങി. അവർ പൊലീസുകാരാണെന്നാണ് തോന്നുമായിരുന്നു, പക്ഷേ മഫ്തിയിലായിരുന്നു. അവരിൽ ഒരാൾ തൻ്റെ താക്കോൽ എടുത്തു. അവരെല്ലാവരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരായിട്ടാണ് തോന്നിയത് എന്ന് യുവാവിന്റെ പോസ്റ്റിൽ പറയുന്നു.
അവർ യുവാവിനോട് എവിടെയാണ് താമസിക്കുന്നത്, എവിടെ നിന്നും വരുന്നു, വലിക്കുകയോ കുടിക്കുകയോ ചെയ്തിട്ടുണ്ടോ എന്നെല്ലാം ചോദിച്ചു. പിന്നീട്, യുവാവിന്റെ ഫോണും വാലറ്റും പിടിച്ചുവാങ്ങി പരിശോധിച്ചു. ഫോട്ടോയിൽ നോക്കി. ഫോട്ടോസ് കൊള്ളാമെന്നും കൂടെയുള്ളത് കാമുകിയാണോ എന്നും കാമുകി കൊള്ളാമല്ലോ എന്നുമൊക്കെ ചോദിച്ചുവത്രെ.
പിന്നീട്, ഇവയെല്ലാം തിരികെ നൽകി. എന്തെങ്കിലും പ്രശ്നമുണ്ടാകുന്നതിന് മുമ്പ് വേഗം പൊക്കോളാനും പറഞ്ഞു. എന്നാൽ, ആ സമയത്തിനുള്ളിൽ വാലറ്റിൽ നിന്നും 3000 രൂപ പോയിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന 500 രൂപാ നോട്ടുകൾ കാണാതായതായി മനസിലാവുന്നത്. തന്റെ ശ്രദ്ധ മാറിയ സമയത്ത് അവർ എടുത്തതായിരിക്കണം എന്നാണ് യുവാവ് പറയുന്നത്.
എന്തായാലും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഭയന്ന് നിൽക്കാതെ തിരിച്ചും ചോദ്യം ചോദിക്കണമായിരുന്നു, അവരെ ഇങ്ങനെ പെരുമാറാൻ അനുവദിക്കരുതായിരുന്നു എന്ന് കമന്റുകൾ നൽകിയവരുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം