
എല്ലാ ജോലികൾക്കും അതിന്റേതായ സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാകും. പക്ഷേ, പലപ്പോഴും മേലധികാരികളുടെ അനവസരത്തിലുള്ള ഇടപെടലുകളും വിവേകശൂന്യമായ കൈകടത്തലുകളുമൊക്കെ ജീവനക്കാരെ അമിതസമ്മർദ്ദങ്ങളിലേക്ക് തള്ളിവിടാറുണ്ട്.
സമീപകാലത്തായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജീവനക്കാരുടെ തുറന്നു പറച്ചിലുകളും ഇത്തരം ചൂഷണങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞദിവസം ഒരു ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ജോലിസ്ഥലത്ത് താൻ നേരിട്ട വിചിത്രമായ ഒരു സാഹചര്യം ആയിരുന്നു @Melodic-Code-2594 എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ പങ്കുവെച്ചത്. ജോലിസ്ഥലത്ത് തന്റെ ഫോൺ ചാർജ് ചെയ്തതിന് മേലധികാരി തന്നോട് മോശമായി പെരുമാറുകയും ശകാരിക്കുകയും ചെയ്തു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വ്യക്തിപരമായ ആവശ്യത്തിനായി കമ്പനിയുടെ വൈദ്യുതി മോഷ്ടിച്ചുവെന്ന് മേലധികാരി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ജീവനക്കാരൻ പറയുന്നു.
പലപ്പോഴും രാത്രി ഫോൺ ചാർജ്ജ് ചെയ്യാൻ മറന്നു പോകുന്നതിനാലാണ് താൻ ഓഫീസിൽ നിന്നും ചാർജ്ജ് ചെയ്തതെന്നായിരുന്നു ജീവനക്കാരൻ പോസ്റ്റിൽ പറയുന്നത്. എന്നാൽ, അതിന് തന്റെ മേലുദ്യോഗസ്ഥൻ തന്നെ ശകാരിക്കുകയും മേലാൽ കമ്പനിയുടെ വൈദ്യുതി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയെന്നും ഇദ്ദേഹം പറയുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് റെഡ്ഡിറ്റ് ഉപയോക്താക്കളുടെ ഭാഗത്തു നിന്നും കമ്പനി അധികാരിക്കെതിരെ ഉയരുന്നത്. ഇങ്ങനെ പോയാൽ അയാൾ കമ്പനിയുടെ വായു മോഷ്ടിച്ചുവെന്ന് പറഞ്ഞ് ശ്വാസം എടുക്കാൻ പോലും സമ്മതിക്കില്ലല്ലോ എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ഉപയോഗത്തിന് ശേഷം ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യരുതെന്ന് നിങ്ങളുടെ ബോസിനോട് പറയൂ, കാരണം അത് കമ്പനിയുടെ വെള്ളം മോഷ്ടിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു മറ്റൊരാൾ പോസ്റ്റിന് താഴെ രസകരമായി കുറിച്ചത്.