
ഇന്ത്യയിലെ ഒരു പാസ്‌പോർട്ട് ഓഫീസിൽ വസ്ത്രധാരണത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചതായി സ്റ്റാർട്ടപ്പ് സ്ഥാപകൻ്റെ വെളിപ്പെടുത്തൽ. ഡീൽസ് ധമാക്കയുടെ സ്ഥാപകനായ വിനീത് കെ ആണ് തനിക്ക് ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പാസ്പോർട്ട് ഓഫീസിന് പുറത്ത് തന്റെ ഊഴത്തിനായി കാത്തിരുന്നപ്പോൾ ഷോർട്സ് ധരിച്ചതിന്റെ പേരിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഒരു യുവാവിന് പ്രവേശനം നിഷേധിക്കുന്നത് കണ്ടു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പോസ്റ്റ് വൈറലായതോടെ ചൂടേറിയ ചർച്ചയാണ് സോഷ്യൽ മീഡിയാ യൂസർമാരുടെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.
വിനീത് പറയുന്നത് സ്ലിപ്പറും ഷോർട്സും ധരിച്ച് നിന്നിരുന്ന യുവാവിൻറെ അരികിലേക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എത്തി ഈ വേഷത്തിൽ അകത്തേക്ക് പ്രവേശിക്കാനാകില്ല എന്ന് പറയുകയായിരുന്നു എന്നാണ്. കോർപ്പറേറ്റ് ഓഫീസിൽ ഇങ്ങനെയാണ് പോകുന്നത് എന്നും എന്തുകൊണ്ടാണ് ഒരു സർക്കാർ ഓഫീസിൽ പ്രവേശനം അനുവദിക്കാത്തത് എന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥനോട് ചോദിച്ചു എന്നും ഇദ്ദേഹം പറയുന്നു.
ഒപ്പമുണ്ടായിരുന്നു അയാളുടെ പിതാവ് ഒടുവിൽ അകത്തുകടന്ന് പാസ്പോർട്ട് ഓഫീസറോട് അകത്തേക്ക് പ്രവേശിക്കാൻ അനുവാദം തരണമെന്ന് യാചിച്ചതിനുശേഷമാണ് അയാളെ അകത്തേക്ക് കടത്തി വിട്ടതെന്നും ഇദ്ദേഹം പറയുന്നു. ഈ സമയം അത്രയും സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.
ജോലിക്കും ഓഫീസുകൾക്കും വില കൽപ്പിക്കാത്തവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിച്ചു വരുന്നത് എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ പക്ഷം. രാത്രി വീട്ടിൽ ധരിക്കുന്ന വസ്ത്രം ആരാണ് പുറത്തിടുന്നത് എന്ന് അദ്ദേഹം ചോദിച്ചതായും വിനീത് പറഞ്ഞു. ഓഫീസിനുള്ളിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നും ഇത്തരം വസ്ത്രങ്ങൾ കാണുന്നത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതായും വിനീത് കൂട്ടിച്ചേർത്തു.
മുഴുവൻ തലമുറയും മോശമായതായും മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ അഭിപ്രായപ്പെട്ടതായുമാണ് വിനീതിന്റെ പോസ്റ്റിൽ പറയുന്നത്. ഈ വിഷയത്തിൽ നെറ്റിസൺസിന്റെ അഭിപ്രായം ചോദിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നെങ്കിലും സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ യൂസർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഓരോ സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നുമായിരുന്നു ഒരുപക്ഷം അഭിപ്രായപ്പെട്ടത്. എന്നാൽ, മറുവിഭാഗത്തിന്റെ അഭിപ്രായം കാലം മുന്നോട്ടുപോയത് ചിലർ മാത്രം അറിഞ്ഞിട്ടില്ലെന്നും അത്തരക്കാർ തടസ്സവാദങ്ങളുമായി എല്ലായിടത്തും ഉണ്ട് എന്നുമായിരുന്നു.