
ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ യൂസർ കഴിഞ്ഞദിവസം തന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് ഷെയർ സർട്ടിഫിക്കറ്റുകളുടെ ചിത്രങ്ങൾ എക്സില്‍ പങ്കുവെച്ചു. നിലവിൽ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം സ്വന്തമാക്കിയ 20 രൂപയുടെയും, 10 രൂപയുടെയും ഓഹരി സർട്ടിഫിക്കറ്റുകൾ ആയിരുന്നു അത്.
ഡ്രൈവറായി സ്വയം വിശേഷിപ്പിച്ച ഇദ്ദേഹം തനിക്ക് ഓഹരി വിപണിയെ കുറിച്ച് യാതൊരു അറിവും ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. എക്സ് അക്കൗണ്ട് പ്രകാരം രത്തൻ ധില്ലൺ എന്നാണ് ഇദ്ദേഹത്തിൻറെ പേര്.
ഈ ഓഹികൾ ഇപ്പോഴും തൻ്റെ ഉടമസ്ഥതയിൽ തന്നെയാണോ ഉള്ളത് എന്ന് ഇതേക്കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലും പറഞ്ഞുതരണം എന്ന അഭ്യർത്ഥനയോടെ ആയിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒപ്പം റിലയൻസ് ഗ്രൂപ്പിൻറെ എക്സ് അക്കൗണ്ടും തന്റെ പോസ്റ്റിൽ ഇദ്ദേഹം ടാഗ് ചെയ്തിരുന്നു.
ഒരു X യൂസർ രത്തൻ ധില്ലൻ്റെ പോസ്റ്റിന് മറുപടി നൽകുകയും ഷെയറുകളുടെ നിലവിലെ മൂല്യത്തിൻ്റെ ഏകദേശ കണക്ക് പോസ്റ്റിനു താഴെ പങ്കുവയ്ക്കുകയും ചെയ്തു. 30 ഓഹരികൾ ഇപ്പോൾ 960 ഓഹരികൾക്ക് തുല്യമായിരിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികളുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് മൂല്യം അനുസരിച്ച്, ഇയാളുടെ ഉടമസ്ഥതയിലുള്ള ഓഹരികൾക്ക് ഇപ്പോൾ 12 ലക്ഷം രൂപയിലധികം മൂല്യമുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ കയ്യിലിരിക്കുന്നത് ജാക്ക്പോട്ട് ആണെന്നും നഷ്ടപ്പെടുത്തി കളയരുത് എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.