ജയിൽ ചാടിപ്പോയി പിറന്നാൾ ആഘോഷം, കുറ്റവാളിയെ കയ്യോടെ പൊക്കി പൊലീസ്

By Web TeamFirst Published Oct 3, 2022, 11:28 AM IST
Highlights

ജയിലിൽ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന് മുർഫി തന്റെ ജന്മദിനം ആഘോഷിക്കുകയാണ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം അവിടെ എത്തിയ പൊലീസ് മുർഫിയെ കയ്യോടെ പിടികൂടുകയായിരുന്നു. 

ജയിലിൽ നിന്നും ആളുകൾ ഓടിരക്ഷപ്പെട്ട് പോകുന്ന സംഭവം പുതിയതൊന്നുമല്ല. ജയിൽ ചാടുന്ന നിരവധി കുറ്റവാളികളുണ്ട്. അതിൽ മിക്കവരും അധികം വൈകാതെ തന്നെ പൊലീസിന്റെ കയ്യിൽ തന്നെ വന്ന് ചാടും. എന്നാൽ, ചിലർ കുറേ കാലത്തേക്ക് രക്ഷപ്പെട്ട് പോകും. അപൂർവം ചിലർ എന്നേക്കുമായി രക്ഷപ്പെട്ടും പോകും. 

ഇവിടെ കണക്ടിക്കട്ടിൽ അധികൃതരിൽ‌ നിന്നും രക്ഷപ്പെട്ടോടിപ്പോയ ഒരു പിടികിട്ടാപ്പുള്ളി ജോർജ്ജിയയിൽ സ്വന്തം പിറന്നാൾ ആഘോഷത്തിനിടെ പിടിയിലായി. ശനിയാഴ്ച ഫോറൻസ മുർഫി എന്ന 31 -കാരനെ മക്ഡൊനോഫിൽ വച്ച് കസ്റ്റഡിയിൽ എടുത്തുവെന്ന് ഹെൻ‍റി കൗണ്ടി ഷെരീഫിന്റെ ഓഫീസ് ശനിയാഴ്ച ഔദ്യോ​ഗികമായി അറിയിക്കുകയായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ജയിലിൽ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന് മുർഫി തന്റെ ജന്മദിനം ആഘോഷിക്കുകയാണ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം അവിടെ എത്തിയ പൊലീസ് മുർഫിയെ കയ്യോടെ പിടികൂടുകയായിരുന്നു. 

നിങ്ങൾ ഹെൻറി കൗണ്ടിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ പിന്നെ അവിടെ നിന്നും അങ്ങനെ പോകാൻ പറ്റില്ല എന്നും എങ്ങനെ ആയാലും കസ്റ്റഡിയിൽ‌ ആയിരിക്കും എന്ന് ഷെരീഫ് റെജിനാൾഡ് സ്കാൻഡ്രെറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു. 

കവർച്ച നടത്തിയതിന് ബ്രിഡ്ജ്‌പോർട്ടിലെ കണക്റ്റിക്കട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് ഹാഫ്‌വേ ഹൗസിൽ നാല് വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു മുർഫി. ആ സമയത്താണ് അയാൾ അവിടെ നിന്നും രക്ഷപ്പെടുന്നത്. എന്തായാലും മുർഫിയെ ഹെൻ‍റി കൗണ്ടി ജയിലിൽ എത്തിച്ച് കഴിഞ്ഞു. തടവിനിടെ ചാടി പോയി പിറന്നാൾ ഒക്കെ ആഘോഷിച്ച് വന്നതിന് ഇനി അധികം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

click me!