
സ്ത്രീകൾക്ക് നേരെ പൊതുവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ ദിവസേനയെന്നോണം പുറത്ത് വരാറുണ്ട്. അതുപോലെ, ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്വിറ്റ്‌സർലൻഡിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അതിക്രമം കാണിച്ച ഫ്രഞ്ച് പൗരനെതിരെ കേസ്. 48 വയസ്സുകാരനായ ഗില്ലൂം സെബാസ്റ്റ്യൻ റോജർ മാറ്റലറിനെതിരെയാണ് കേസ്. സ്വിസ് ഇൻ്റർനാഷണൽ എയർലൈൻസിന്റെ ഫസ്റ്റ് ക്ലാസ് ക്യാബിനിലായിരുന്നു സംഭവമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സൂറിച്ചിൽ നിന്നും മിയാമിയിലേക്കുള്ള യാത്രയിലായിരുന്നു 29 വയസ്സുകാരിയായ യുവതി. യുവതി ഉറങ്ങുന്ന സമയത്ത് മാറ്റലർ ഇവരോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു എന്ന് എഫ്.ബി.ഐ (FBI) സമർപ്പിച്ച പരാതിയിൽ പറയുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഈ അതിക്രമം ആദ്യം ശ്രദ്ധിച്ചത്. ഇതിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും മറ്റൊരാൾ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. മാറ്റലർ യുവതിയുടെ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്താൻ ശ്രമിച്ചതായും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും വിമാനത്തിലെ മറ്റ് യാത്രക്കാർ മൊഴി നൽകി.
വിവരമറിഞ്ഞ വിമാന ജീവനക്കാർ മാറ്റലറെ ഇക്കണോമി ക്ലാസിലേക്ക് മാറ്റി. തുടർന്ന് യുവതിയെ ഉണർത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഞെട്ടിപ്പോയ യുവതി വിമാനത്തിനുള്ളിൽ നിന്നും തന്നെ കരയാൻ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് തന്റെ സാധനങ്ങൾ എടുക്കാൻ ഫസ്റ്റ് ക്ലാസിലേക്ക് തിരികെ എത്തിയ മാറ്റലർ, 'നീ ഉറങ്ങുമ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്' എന്നെഴുതിയ ഒരു കുറിപ്പ് യുവതിക്ക് നൽകാൻ ശ്രമിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച മാറ്റലർ, വീഡിയോ ദൃശ്യങ്ങൾ കണ്ടതോടെ കുറ്റം സമ്മതിക്കുകയായിരുന്നു . താൻ യുവതിയെ സ്പർശിച്ചുവെന്നും അതൊരു വലിയ കാര്യമായി കരുതിയില്ലെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മിയാമി ഫെഡറൽ കോടതിയിൽ ഹാജരാക്കിയ ഇയാളുടെ പ്രീ-ട്രയൽ വാദം തിങ്കളാഴ്ച നടക്കും.