ഡേറ്റിം​ഗിന് എത്തിയില്ല, എട്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിനെതിരെ കേസ് കൊടുത്ത് യുവതി

Published : Jul 20, 2022, 12:38 PM IST
ഡേറ്റിം​ഗിന് എത്തിയില്ല, എട്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിനെതിരെ കേസ് കൊടുത്ത് യുവതി

Synopsis

വീഡിയോയിൽ കൂടുതലും ഷോർട്ടും, ജഡ്ജിയും തമ്മിൽ തർക്കിക്കുന്നതാണ് കാണാൻ കഴിയുക. ഇത് ക്രിമിനൽ കുറ്റമാണോ അല്ലയോ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിലായിരുന്നു ഇരുവരും. അവളുടെ വാദങ്ങൾ കേട്ട് ഒടുവിൽ ജഡ്ജി തലയിൽ കൈ വച്ചിരുന്നു പോയി.

ഡേറ്റിം​ഗിന് എത്താതിരുന്ന പുരുഷനെതിരെ കേസ് കൊടുത്ത് ഒരു മിഷിഗൺ സ്ത്രീ. എട്ടു ലക്ഷമാണ് അവർ നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ കണ്ടുമുട്ടുന്നതും, തമ്മിൽ കാണാമെന്ന് വാക്ക് പറഞ്ഞ് ഒടുവിൽ വരാതിരിക്കുന്നതും ഒന്നും ഒരു പുതിയ കാര്യമല്ല. പലരും ആ അനുഭവം മറികടന്ന്, മുന്നോട്ട് പോവുകയും ചെയ്യും. എന്നാൽ, ക്യുഷാന്റോ ഷോർട്ട് എന്ന യുവതിയെ സംബന്ധിച്ചിടത്തോളം അത് അത്ര നിസ്സാരമായി പൊറുക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നില്ല. അവൾ തന്നെ ചതിച്ച റിച്ചാർഡ് ജോർദാനെതിരെ എട്ടിന്റെ പണി കൊടുക്കാൻ തീർച്ചപ്പെടുത്തി. അതിന് അവൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കേസ്.

തന്നെ കാണാൻ എത്താതിരുന്ന അയാളെ കോടതി മുറിയിൽ എത്തിക്കാനുള്ള ശ്രമത്തിലായി പിന്നീട് അവൾ. അങ്ങനെ 67-ാം ഡിസ്ട്രിക്റ്റ് കോടതിയിൽ 2020 -ൽ അയാൾക്കെതിരെ അവൾ ഒരു കേസ് കൊടുത്തു. താനുമായുള്ള ഡേറ്റിംഗിൽ നിന്ന് പിന്മാറിയ റിച്ചാർഡ് തനിക്ക് കടുത്ത മാനസിക ക്ലേശം ഉണ്ടാക്കിയിരിക്കയാണ് എന്നവൾ അവകാശപ്പെട്ടു. അടുത്തിടെ ഇരുവരും വിചാരണക്കായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്.  അവളുടെ അമ്മയുടെ പിറന്നാളായിരുന്നു അന്നെന്നും, റിച്ചാർഡ് വരാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും, അവൾ പറഞ്ഞു. 

തന്റെ അമ്മ ഇപ്പോൾ ജീവനോടെ ഇല്ലെന്നും അവൾ കോടതിയിൽ പറഞ്ഞു. റിച്ചാർഡിന്റെ പ്രവൃത്തി തന്നെ മാനസികമായി തകർത്തുവെന്നും അവൾ അവകാശപ്പെട്ടു. എന്നാൽ നിങ്ങൾ വെറുതെ സമയം കളയുകയാണ് എന്നാണ് ജഡ്ജി ഹെർമൻ മാരബിൾ ജൂനിയറിനോട് റിച്ചാർഡിന് പറയാനുണ്ടായിരുന്നത്. ഇത് തള്ളിക്കളയണമെന്നും അയാൾ കോടതിയോട് ആവശ്യപ്പെട്ടു. "അത് വെറുമൊരു ഡേറ്റ് ആയിരുന്നു, ഒരൊറ്റ ഡേറ്റ്. അതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ എനിക്ക് എതിരെ എട്ട് ലക്ഷം ആവശ്യപ്പെട്ടുകൊണ്ട് അവൾ കേസ് കൊടുത്തിരിക്കുന്നു. ഇത് വെറുതെ സമയം പാഴാക്കലാണ്" റിച്ചാർഡ് കോടതിയിൽ പറഞ്ഞു.  

എന്നാൽ, വീഡിയോയിൽ കൂടുതലും ഷോർട്ടും, ജഡ്ജിയും തമ്മിൽ തർക്കിക്കുന്നതാണ് കാണാൻ കഴിയുക. ഇത് ക്രിമിനൽ കുറ്റമാണോ അല്ലയോ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിലായിരുന്നു ഇരുവരും. അവളുടെ വാദങ്ങൾ കേട്ട് ഒടുവിൽ ജഡ്ജി തലയിൽ കൈ വച്ചിരുന്നു പോയി. എന്തായാലും ഒടുവിൽ അവളുടെ കേസ് ഇപ്പോൾ മറ്റൊരു കോടതിയിലേക്ക് മാറ്റിയിരിക്കയാണ്. അതേസമയം ഷോർട്ട് ഒരു സ്ഥിരം പ്രശ്നക്കാരിയാണ് എന്നും പറയുന്നുണ്ട്. 

ഇത്തരം നിസ്സാര കാര്യങ്ങളുടെ പേരിൽ പലർക്കുമെതിരെയും അവൾ മുൻപും കേസുകൾ കൊടുത്തിട്ടുണ്ട്. 2020 -ൽ ഫ്ലിന്റ് പൊലീസ് വകുപ്പിനെതിരെ 300 മില്യൺ ഡോളറിന് ഷോർട്ട് കേസ് കൊടുത്തിരുന്നു. എന്നാൽ അവൾ കൊടുത്ത ഭൂരിഭാഗം കേസുകളും തള്ളിപ്പോവുകയാണ് പതിവ്. അവളുടെ ഫേസ്ബുക്കിൽ നല്കിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2005 മുതൽ അവൾ ഒരു വിധവയായെന്നും, ജൂൺ മുതൽ തൊഴിൽരഹിതയാണെന്നും പറയുന്നു.   


 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ