
ഇന്ത്യയിലേക്കെത്തിയ വിനോദസഞ്ചാരികളായ യുവതികൾക്കുണ്ടായത് വളരെ മോശം അനുഭവം. ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും ഡെൽഹിയിലെത്തിയ യുവതികളാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ദില്ലിയിലെ ഹോട്ടലിൽ ബിക്കിനിയിൽ സൺബാത്തിംഗിലായിരുന്നു യുവതികൾ. ആ സമയത്ത് ഒരു ഹോട്ടൽ മുറിയിൽ നിന്നും ഒരാൾ തങ്ങളെ പകർത്തി എന്നാണ് ഇവർ പറയുന്നത്.
തങ്ങളുടെ മാതാപിതാക്കളോടൊപ്പം ലോകം ചുറ്റി സഞ്ചരിക്കുന്ന സഹോദരിമാരായ റോറിയും സേജുമാണ് തങ്ങൾക്കുണ്ടായ അസ്വസ്ഥതയുണ്ടാക്കുന്ന ഈ അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സഹോദരിമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ, ഒരാൾ തന്റെ ഫോൺ ഉയർത്തിപ്പിടിച്ച് വെയിലത്ത് കിടക്കുകയായിരുന്ന യുവതികളെ ജനാലയിലൂടെ പകർത്തുന്നത് കാണാം.
യുവതികൾ ഇരുവരും വല്ലാതെ അസ്വസ്ഥരാവുന്നതും കാണാം. ഇവർ തന്നെയാണ് ക്യാമറ സൂം ഇൻ ചെയ്ത് തങ്ങളുടെ വീഡിയോ പകർത്തുകയായിരുന്ന ആളെ പകർത്തിയിരിക്കുന്നത്. ഇവരുടെ അമ്മയും ഇയാളുടെ വീഡിയോ എടുക്കുന്നത് കാണാം.
പിന്നീട് യുവതികളിൽ ഒരാൾ ഭർത്താവിനെ വിളിക്കുകയാണ്. ബോഡി ഗാർഡ് എന്നാണ് യുവതി പറയുന്നത്. കൂടെ പുരുഷന്മാരോ ബോഡി ഗാർഡോ ഇല്ലാതെ ഇന്ത്യയിലേക്ക് വരരുത് എന്നും ഇവർ വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. നിങ്ങള്‍ സണ്‍ബാത്തിംഗിലാണെങ്കിലും മുഴുവന്‍ വസ്ത്രവും ധരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിങ്ങളുടെ വീഡിയോ എടുക്കുമെന്നും യുവതികൾ പറയുന്നു.
നിരവധിപ്പേരാണ് യുവതികൾ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഇന്ത്യക്കാരായ ചിലരെല്ലാം യുവതികളോട് മാപ്പ് ചോദിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെ ഉള്ള ആളുകളെ വെറുതെ വിടരുത്, ഹോട്ടലിലെ സ്റ്റാഫിനോടും പൊലീസിലും പരാതി നൽകുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങൾ ചെറുതായി കണ്ട് ഒഴിവാക്കി വിടേണ്ട യാതൊരു കാര്യവുമില്ല എന്ന് പറഞ്ഞവരും ഒരുപാടുണ്ട്.