
ജോലിക്കായുള്ള ഇന്റർവ്യൂവിനിടെ ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ഇത്തരത്തിലുള്ള അനേകം അനുഭവങ്ങൾ ആളുകൾ പങ്കുവച്ചിരിക്കുന്നതായി കാണാം. അങ്ങനെ ഒരു അനുഭവമാണ് ഈ യൂസറും പങ്കുവച്ചിരിക്കുന്നത്.
47 -കാരനായ യുവാവ് പറയുന്നത് ഇന്റർവ്യൂവിന് ചെന്നപ്പോൾ ഇയാളോട് റെസ്യൂമെയിലുള്ള ഗ്യാപ്പിനെ കുറിച്ച് ചോദിച്ചു എന്നാണ്. 30 വർഷം മുമ്പുള്ള ഗ്യാപിനെ കുറിച്ചാണ് എച്ച് ആർ ചോദിച്ചത്. അതും 1996 -ലെ ഗ്യാപ്പ്. നിങ്ങൾ 1996 -ൽ ഹൈ സ്കൂൾ കഴിഞ്ഞുവെന്ന് റെസ്യൂമെയിൽ കാണാം. ഹൈസ്കൂൾ കഴിഞ്ഞ് മൂന്ന് വർഷം 96 -നും 99 -നും ഇടയിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ചോദിച്ചത്.
യുവാവ് പറഞ്ഞത്, താൻ ഇതുവരെ ചെയ്ത എല്ലാ ജോലികളെ കുറിച്ചും പറയുകയാണെങ്കിൽ ആ സിവി ഒരു 10 പേജെങ്കിലും കാണും എന്നാണ്. ഒരു വർഷം മുമ്പോ മറ്റോ ഉള്ള ഗ്യാപ്പിനെ കുറിച്ചാണ് ചോദിക്കുന്നത് എങ്കിൽ എനിക്ക് മനസിലാവും. 10 വർഷം മുമ്പുള്ള ഗ്യാപ്, അതിന്റെ പ്രാധാന്യം എന്താണ് എന്നും യുവാവ് തന്റെ പോസ്റ്റിൽ ചോദിക്കുന്നു.
ജർമ്മനിയിൽ നിന്നുള്ള ഒരു കമ്പനിയിലേക്കുള്ള ജോലിക്കായുള്ള അഭിമുഖം ആയിരുന്നു അത്. സ്വീഡിഷ് ഭാഷ സംസാരിക്കുന്ന ഒരാളെ ആയിരുന്നു അവർക്ക് ആവശ്യം. തനിക്ക് മാത്രമാണ് ആ യോഗ്യത ഉണ്ടായിരുന്നത്. എന്നിട്ടും തനിക്ക് ആ ജോലി കിട്ടിയില്ല എന്നും യുവാവ് പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് അഭിപ്രായങ്ങളുമായി എത്തിയത്. മിക്കവരും പറഞ്ഞത് അതൊരു വിഡ്ഢിച്ചോദ്യം ആയിരുന്നു എന്നാണ്. എന്നാൽ, അതേസമയത്ത് തന്നെ നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയുന്നതിനായി ചോദിച്ചതായിരിക്കാം എന്ന് കമന്റ് നൽകിയവരും ഉണ്ട്.