മുൻകാമുകിയുടെ വിവാഹത്തിന് സ്ഫോടകവസ്തു നിറച്ച ഹോം തിയേറ്റർ, വരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് 

Published : Apr 05, 2023, 04:18 PM ISTUpdated : Apr 05, 2023, 04:20 PM IST
മുൻകാമുകിയുടെ വിവാഹത്തിന് സ്ഫോടകവസ്തു നിറച്ച ഹോം തിയേറ്റർ, വരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് 

Synopsis

വിവാഹ റിസപ്ഷൻ ദിവസം ഹോം തിയേറ്റർ വർണ്ണ കടലാസിൽ പൊതിഞ്ഞ് മറ്റ് സമ്മാനങ്ങൾക്കൊപ്പം കൊണ്ട് വച്ചത് ഇയാൾ തന്നെയാണ്.

വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റർ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയിൽ തിങ്കഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. 

ഹോം തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ നവവരനും അദ്ദേഹത്തിൻറെ സഹോദരനും  മരണപ്പെടുകയും സമീപത്തുണ്ടായിരുന്ന മറ്റ് നാലുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറി എങ്ങനെയാണ് ഉണ്ടായത് എന്നതിനെ കുറിച്ച് ആദ്യഘട്ടത്തിൽ ആർക്കും വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വധുവിന്റെ മുൻ കാമുകൻ പിടിയിലായത്. ദമ്പതികളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഹോം തിയേറ്ററിനുള്ളിൽ ഇയാൾ സ്ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ  ബാലാഘട്ടിൽ നിന്നുള്ള സർജു മർകം എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നവ വരനായ ഹേമേന്ദ്ര മെരാവി (30), സഹോദരൻ രാജ്കുമാർ (32) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ചമാരി ഗ്രാമത്തിൽ നിന്നുള്ള മെരാവി മാർച്ച് 31 -ന് ആണ് അഞ്ജന ഗ്രാമത്തിൽ നിന്നുള്ള 29 -കാരിയെ വിവാഹം കഴിച്ചത്. ഏപ്രിൽ 1 -ന് മെരാവിയുടെ വീട്ടിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വിവാഹ സമ്മാനമായി ഹോം തിയേറ്റർ ലഭിച്ചത്. തൊട്ടടുത്ത ദിവസം ഇത് ഓൺ ചെയ്യുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മെരാവി സംഭവസ്ഥലത്ത് തന്നെ വെച്ചു മരിച്ചു. സഹോദരൻ രാജ്കുമാർ ആകട്ടെ ആശുപത്രിയിൽ വച്ചും. പൊട്ടിത്തെറിയിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറി പൂർണമായും തകർന്നു. 

മർക്കവുമായി  മെരാവിയുടെ ഭാര്യ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങളുടെ അന്വേഷണത്തിലും കോൾ വിശദാംശങ്ങളിലും കണ്ടെത്തിയതാണ് കേസിൽ നിർണായക വഴിത്തിരിവായത്. വിവാഹം നിശ്ചയിച്ചതിന് ശേഷം യുവതി തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാൽ മർകം അസന്തുഷ്ടനായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇത് കൂടാതെ ഹോം തിയേറ്ററിന് പുറത്തായി ഉണ്ടായിരുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഹോം തിയേറ്റർ വിറ്റ കടയുടമയെ കണ്ടെത്താൻ സാധിച്ചതും കേസിൽ വഴിത്തിരിവായി. ഹോം തിയേറ്റർ വാങ്ങിയത് മർകം ആണെന്ന് സ്ഥിരീകരിച്ചതോടെ ബിർസയിൽ (ബാലാഘട്ട്) ഓട്ടോ മെക്കാനിക്കായി ജോലി ചെയ്തിരുന്ന മർകമിനെ പോലീസ് പിടികൂടിയായിരുന്നു. പടക്കം പൊട്ടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പെട്രോൾ, വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് താൻ ബോംബ് ഉണ്ടാക്കി ഹോം തിയേറ്ററിനുള്ളിൽ പിടിപ്പിച്ചത് എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

വിവാഹ റിസപ്ഷൻ ദിവസം ഹോം തിയേറ്റർ വർണ്ണ കടലാസിൽ പൊതിഞ്ഞ് മറ്റ് സമ്മാനങ്ങൾക്കൊപ്പം കൊണ്ട് വച്ചത് ഇയാൾ തന്നെയാണ്. 2015-16 വർഷങ്ങളിൽ ഇൻഡോറിലെ ഒരു സ്റ്റോൺ ക്രഷർ പ്ലാന്റിൽ മർകം ജോലി ചെയ്തിരുന്നതായും അവിടെ നിന്നാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിർമിക്കുന്നത് പഠിച്ചതെന്നും പൊലീസ്  പറഞ്ഞു. പ്രതി അതേ ക്രഷർ പ്ലാന്റിൽ നിന്ന് അമോണിയം നൈട്രേറ്റ് ശേഖരിച്ച് തന്റെ പക്കൽ സൂക്ഷിച്ചിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. 

കുറ്റകൃത്യത്തിൽ മറ്റാരുടെയും പങ്ക് ഇതുവരെ, പുറത്തുവന്നിട്ടില്ല, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ വകുപ്പ് 302 (കൊലപാതകം), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?