പീനട്ട് ബട്ടറിനുള്ളിൽ തോക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ പിടിയിൽ

Published : Dec 25, 2022, 01:57 PM IST
പീനട്ട് ബട്ടറിനുള്ളിൽ തോക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ പിടിയിൽ

Synopsis

പുറമേ നോക്കുമ്പോൾ ഒരുവിധത്തിലുള്ള സംശയവും തോന്നാത്ത വിധത്തിൽ അതിവിദഗ്ധമായി ആയിരുന്നു തോക്കിന്റെ വിവിധ ഭാഗങ്ങൾ കുപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്.

പീനട്ട് ബട്ടർ ജാറിനുള്ളിൽ തോക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ആൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സുരക്ഷാ സംവിധാനത്തിനുള്ളിലൂടെ അതീവ വിദഗ്ധമായി തോക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.  ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിൽ ആണ് സംഭവം. 

22 കാലിബർ സെമി ഓട്ടോമാറ്റിക് കൈത്തോക്കിന്റെ ഭാഗങ്ങൾ ആണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് രണ്ട് വ്യത്യസ്ത ജാറുകളിലായി പീനട്ട് ബട്ടറിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ബാഗ് പരിശോധിക്കുന്നതിനിടയിൽ അലാറം മുഴങ്ങിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഒടുവിൽ സംശയം തോന്നി ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പീനട്ട് ബട്ടറിന്റെ കുപ്പികൾ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് അതീവ വിദഗ്ധമായി പല ഭാഗങ്ങളായി ഊരി മാറ്റി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന തോക്കിന്റെ ഭാഗങ്ങൾ കുപ്പികൾക്കുള്ളിൽ കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിന്റെ ഉടമയെ കണ്ടെത്തി  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വെടിയുണ്ടകൾ നിറച്ച നിലയിലായിരുന്നു എന്നും സുരക്ഷാ അധികൃതർ പറഞ്ഞു. പുറമേ നോക്കുമ്പോൾ ഒരുവിധത്തിലുള്ള സംശയവും തോന്നാത്ത വിധത്തിൽ അതിവിദഗ്ധമായി ആയിരുന്നു തോക്കിന്റെ വിവിധ ഭാഗങ്ങൾ കുപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്.

റോഡ് ഐലൻഡിൽ നിന്നുള്ള ആളാണ് പിടിയിലായത് എന്നത് ഒഴിച്ചാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തു വിട്ടിട്ടില്ല. വിമാനങ്ങളിൽ അനുമതിയില്ലാതെ ആയുധങ്ങൾ കടത്താൻ ശ്രമിച്ചാൽ വൻതുകയാണ് പിഴയായി അടയ്ക്കേണ്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. സ്വന്തം ആവശ്യത്തിന് ആണോ അതോ ഏതെങ്കിലും ആയുധ സംഘത്തിലെ ഏജൻറ് ആണോ ഇയാൾ എന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നടത്തിവരുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം