
പ്രിയപ്പെട്ട വളര്‍ത്ത് മൃഗത്തെ സംരക്ഷിക്കാന്‍ വീട് വില്‍ക്കാനൊരുങ്ങി ഒരു യുവാവ്. ജാക്സൺ ഫീലിയുടെ വെയ്‌മാരനർ ഇനത്തില്‍പ്പെട്ട രണ്ട് വയസുള്ള റാംബോ എന്ന വളര്‍ത്ത് നായയ്ക്ക് ഹൈപ്പോവോളമിക് ഷോക്ക് ബാധിച്ചു. രക്തമോ മറ്റ് ദ്രാവകങ്ങളോ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഹൃദയത്തിന് ശരീരത്തിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥ. രാത്രി മുഴുവന്‍ ഏതാണ്ട് 30 ലേറെ തവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു റാംബോയെ വെറ്ററിനറി ആശുപത്രിയിലാക്കിയത്.
റാംബോ 10 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. ഒടുവില്‍ ബില്ല് വന്നപ്പോള്‍ 20,39,219 രൂപ. ഇത്രയും പണം ആശുപത്രി ബില്ലായി അടയ്ക്കാന്‍ കഴിയാത്തതിനാലും തന്‍റെ പ്രിയപ്പെട്ട നായ്ക്കളെ ഉപേക്ഷിക്കാനാവാത്തതിനാലും വീട് വില്‍ക്കാനൊരുങ്ങുകയാണ് ജാക്സൺ ഫീലി. ജയില്‍ ഓഫീസറായ ജാക്സണ് ഇത്രയും വലിയ തുക വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി വകയിരുത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം ഒരു സഹായധന പേജ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടാക്കി. 6,63,393 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ റാംബോയ്ക്കുണ്ട്. ബാക്കി തുക കണ്ടെത്താനായിരുന്നു സഹായധന പേജ് ഉണ്ടാക്കിയത്. 600-ലധികം ആളുകൾ ഇതിനകം ജാക്സണ് സംഭാവന നൽകി, സംഭാവനകൾ മാത്രം 10,20,189 രൂപയായി. പക്ഷേ, ഒരു ദിവസത്തെ ചികിത്സാ ചെലവ് മാത്രം 1,02,012 രൂപയാണ്.
അവള്‍ക്ക് വലിയ ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കില്‍ ബില്ല് ഇനിയും വര്‍ദ്ധിക്കുമെന്നും ജാക്സണ്‍ പറയുന്നു. റാംബോ ഛര്‍ദ്ദിച്ചപ്പോള്‍ ഛര്‍ദ്ദി ശ്വാസകോശത്തിലേക്ക് പോവുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. ഒരാഴ്ചയായി നായ ഭക്ഷണമൊന്നും കഴിക്കുന്നില്ല, 'റാംബോയുടെ ശ്വാസകോശത്തിൽ ഒരു കുരു രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് നീക്കം ചെയ്യാൻ വലിയ ശസ്ത്രക്രിയ ആവശ്യമായി വരും. ജാക്സണ്‍ പറയുന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി റാംബോ സുഖം പ്രാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം അവള്‍ വീട്ടിലേക്ക് മടങ്ങി. പക്ഷേ ഇപ്പോഴും 24 മണിക്കൂര്‍ നിരീക്ഷണം അവള്‍ക്ക് ആവശ്യമാണ്. എനിക്ക് അവളെ ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റില്ലെന്നും ജാക്സണ്‍ പറയുന്നു. പക്ഷേ ഇതിനകം അവളുടെ ഇതുവരെയുള്ള ചികിത്സയുടെ ബില്ല് വന്നു. അത് 20 ലക്ഷത്തിന് മുകളിലാണ്. നിലവിലെ അവസ്ഥയില്‍ ആ പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജാക്സണ്‍ വീട് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.