
40 വർഷം തന്റെ പ്രിയപ്പെട്ടവളായി കഴിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി 73 -കാരൻ. എന്നാൽ, അതിനുള്ള കാരണം അവൾ തന്നെ കൊല്ലാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു എന്നതാണത്രെ. ഭാര്യയെ കൊന്നശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.
71 -കാരിയായ ഡയാൻ മാൻസ്ഫീൽഡിനെ 2021 മാർച്ചിലാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹെയ്‌ലിലുള്ള അവരുടെ വീട്ടിൽ പൂന്തോട്ടത്തിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനാണ് തന്റെ ഭാര്യയെ കൊന്നത് എന്നും അതിനുശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ, അത് പരാജയപ്പെടുകയായിരുന്നു എന്നും അവരുടെ ഭർത്താവ് ഗ്രഹാം മാൻസ്ഫീൽഡ് സമ്മതിച്ചു.
അർബുദം ബാധിച്ച് വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാര്യയുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ അവരെ കൊന്നതും ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതും എന്ന് ഗ്രഹാം വ്യക്തമാക്കി. ഭാര്യയുടെ കഴുത്തിലാണ് മുറിവേൽപ്പിച്ചിരിക്കുന്നത്. മൂന്ന് കത്തികളും ഒരു ചുറ്റികയും വീട്ടിൽ കണ്ടെത്തി. 24 -നാണ് മരിച്ച വീട്ടിൽ പൊലീസ് എത്തിയത്. തലേന്ന് രാത്രിയാണ് ഭാര്യയെ ഗ്രഹാം കൊലപ്പെടുത്തിയത്.
'ഞങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു' എന്ന് എഴുതിയിരിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെ നിന്നും കണ്ടെത്തി. എവിടെയാണ് താക്കോലുകൾ സൂക്ഷിച്ചിരിക്കുന്നത് എന്നും തന്റെ സഹോദരിയെ എങ്ങനെയാണ് മരണവിവരം അറിയിക്കുക എന്നും അതിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുംബത്തെ അഭിസംബോധന ചെയ്ത് എഴുതിയ മറ്റൊരു കത്തും ഇവിടെ നിന്നും കണ്ടെത്തി. അതിൽ, 'നിങ്ങളെ വേദനിപ്പിക്കണം എന്ന് ആഗ്രഹമില്ലായിരുന്നു. പക്ഷേ, ഇതല്ലാതെ ഞങ്ങൾക്ക് വേറെ മാർഗം ഇല്ല. അവൾക്ക് കാൻസറാണ് എന്ന് അറിഞ്ഞതിനെ തുടർന്ന് ഞങ്ങളൊരു തീരുമാനത്തിലെത്തി. അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നിങ്ങൾ വിഷമിക്കരുത് ഞങ്ങൾ വളരെ സന്തോഷമുള്ള ഒരു ജീവിതമാണ് ഒരുമിച്ച് നയിച്ചത്' എന്ന് എഴുതിയിരുന്നു.
ഭാര്യയ്ക്ക് ഒന്നിലധികം തവണ കാൻസർ വന്നിരുന്നു. അവസാനകാലത്ത് ഇവർ വേദന സഹിക്കാനാവാതെ ഗ്രഹാമിനോട് മരണത്തെ കുറിച്ച് പറയുകയായിരുന്നു. അങ്ങനെ അവളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഇരുവരും എടുക്കുകയായിരുന്നു എന്ന് കരുതുന്നു. ഭാര്യ മരിച്ച് പിറ്റേ ദിവസം ഗ്രഹാം അറസ്റ്റ് ചെയ്യപ്പെട്ടു.