
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് ദാരിദ്ര്യം. ലോകത്തിൽ പലയിടങ്ങളിലും അനേകം പേർ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല, അനേകം അനേകം പേരാണ് കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നത്. ഒരു നേരത്തെ അന്നത്തിന് പോലും പലർക്കും വകയില്ല എന്നതാണ് സത്യം. എന്നാലും, കഴിഞ്ഞ ദിവസം സ്വന്തം മകളെ കൊലപ്പെടുത്തിയ ഒരു അച്ഛൻ പൊലീസിനോട് പറഞ്ഞത് മകളെ കൊലപ്പെടുത്താൻ കാരണം ദാരിദ്ര്യമാണ് എന്നാണ്.
മധ്യപ്രദേശിലാണ് സംഭവം. സ്വന്തം മകളെ കൊലപ്പെടുത്തിയതിന് 37 വയസുകാരനെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടവും വാങ്ങി നൽകാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് അച്ഛൻ പൊലീസിനോട് സമ്മതിച്ചു.
ചോദ്യം ചെയ്യലിൽ, താൻ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം തന്നോട് ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തരാൻ ആവശ്യപ്പെടുന്നുണ്ടെന്നും അത് തനിക്കൊരു ബുദ്ധിമുട്ടായിരുന്നു എന്നും പ്രതി പറഞ്ഞു. ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും അയാൾ പൊലീസിനോട് പറഞ്ഞു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഇയാൾ തന്റെ മകളെ കൊലപ്പെടുത്തിയത്. നിർമ്മാണ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ വച്ചാണ് ഇയാൾ മകളെ കൊന്നത്. വലിയ കല്ലുകളും ടൈലുകളും എടുത്ത് അത് വച്ച് അടിച്ചാണ് ഇയാൾ മകളെ കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ മൂന്ന് വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പ്രതിയുടെ അമ്മ യാചിച്ചാണ് ജീവിക്കുന്നത്. ഇയാൾക്ക് തിരിച്ചറിയൽ രേഖകളുണ്ട് എങ്കിലും റേഷൻ കാർഡ് കണ്ടെത്തിയില്ല എന്നും പൊലീസ് പറഞ്ഞു.