കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു, ഏഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവിന് 65 വർഷം തടവ്

Published : Aug 21, 2022, 09:30 AM IST
കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു, ഏഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവിന് 65 വർഷം തടവ്

Synopsis

വീടിനുള്ളിൽ നിന്നും വെടി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോണി. സമീപത്തായി ഒരു കസേരയിൽ കൈകൾ ഭാഗികമായി ബന്ധിച്ച നിലയിൽ റിച്ചാർഡും ഇരിക്കുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല. സംഭവമറിഞ്ഞ് ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി.

സ്വന്തം കുഴി തോണ്ടുക എന്ന് പറയാറില്ലേ? അക്ഷരാർത്ഥത്തിൽ അതുതന്നെയാണ് ഭാര്യയെ കൊന്നിട്ട് സുഖിച്ചു വാഴാം എന്നു കരുതിയ അമേരിക്കൻ സ്വദേശി റിച്ചാർഡ് ഡാബേറ്റിന്റെ ജീവിതത്തിലും സംഭവിച്ചത്. ഭാര്യയെ കൊന്ന കുറ്റത്തിന് റിച്ചാർഡിന് കോടതി വിധിച്ചത് പത്തോ ഇരുപതോ വർഷത്തെ തടവ് ശിക്ഷയല്ല 65 വർഷത്തെ തടവ് ശിക്ഷയാണ്. എന്നുവെച്ചാൽ 46 -കാരനായ റിച്ചാർഡിന് ഇനി തടവറയ്ക്ക് പുറത്ത് ഒരു ജീവിതമില്ല. ഇനി റിച്ചാർഡിനെ കുടുക്കിയത് എന്താണെന്ന് കൂടി അറിയുമ്പോഴാണ് ശരിക്കും അമ്പരക്കുക. മരണസമയം അദ്ദേഹത്തിൻ്റെ ഭാര്യ കയ്യിൽ ധരിച്ചിരുന്ന ഫിറ്റ് ബിറ്റ് ബോഡി ട്രാക്കർ ആണ് യഥാർത്ഥത്തിൽ ഈ കേസ് തെളിയിച്ചത്. റിച്ചാർഡ് പൊലീസിന് കൊടുത്ത മൊഴിയും കൊലപാതകം നടന്ന ദിവസം ഫിറ്റ് ബിറ്റ്  ട്രാക്കറിൽ ഉണ്ടായിരുന്ന വിവരങ്ങളും തമ്മിലുണ്ടായ വൈരുദ്ധ്യമാണ് കേസിൽ നിർണായകമായത്. 

2015 ലെ ആ  ക്രിസ്മസ് രാവിന് രണ്ട് ദിവസം മുൻപാണ് അത് സംഭവിച്ചത്. കോണി ടാബെറ്റ് എന്നായിരുന്നു അവളുടെ പേര്. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വീട് ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു അവൾ. ആറും ഒൻപതും വയസുള്ള അവളുടെ രണ്ടു മക്കളും ആ സമയം സ്കൂളിൽ ആയിരുന്നു. റിച്ചാർഡും കോണിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. വീട്ടിലെ ജോലികളിൽ മുഴുകിയിരുന്ന അവൾക്കുനേരെ റിച്ചാർഡ് തുടരെത്തുടരെ വെടിയുതിർത്തു. ഒന്നു പ്രതികരിക്കാൻ പോലും ആകും മുൻപേ അവൾ നിലത്ത് വീണു. ഒരുപക്ഷേ അങ്ങനെയൊന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അതും തൻറെ പ്രിയപ്പെട്ടവനിൽ നിന്ന് തന്നെ.

വീടിനുള്ളിൽ നിന്നും വെടി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോണി. സമീപത്തായി ഒരു കസേരയിൽ കൈകൾ ഭാഗികമായി ബന്ധിച്ച നിലയിൽ റിച്ചാർഡും ഇരിക്കുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല. സംഭവമറിഞ്ഞ് ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി. കോണിയുടെ ശരീരം അവർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് റിച്ചാർഡിനോട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. മനസ്സിൽ പലവുരു ആവർത്തിച്ച് മനപ്പാഠമാക്കി വെച്ചിരുന്ന ആ കഥ അയാൾ പൊലീസിന് മുൻപിൽ വിളമ്പി. 'ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലായിരുന്നു താനും കോണിയും. പെട്ടെന്നാണ് മുഖംമൂടിധാരികളായ രണ്ടുപേർ തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. തനിക്ക് പ്രതികരിക്കാൻ ആകും മുമ്പേ  അവർ കോണിക്കുന്നവരെ വെടിയുയർത്തു. തന്നെ കസേരയിൽ പിടിച്ചു കെട്ടി.' ഇതായിരുന്നു റിച്ചാർഡ് പൊലീസിനോട് പറഞ്ഞത്.

പക്ഷേ, റിച്ചാർഡിന്റെ കഥ പൊലീസിന് അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. കൂടുതൽ വിവരം ശേഖരിക്കുന്നതിനായി അവർ വീണ്ടും ചോദ്യം ചെയ്തു. ആറുമണിക്കൂർ നീണ്ട ആ ചോദ്യം ചെയ്യലിൽ റിച്ചാർഡ് കൊലക്കുറ്റം ഏറ്റെടുത്തില്ലെങ്കിലും കേസിൽ നിർണായകമായ ചില വിവരങ്ങൾ പൊലീസിന് ലഭിച്ചു. റിച്ചാർഡിന് മറ്റൊരു കാമുകി ഉണ്ടായിരുന്നു എന്ന വിവരം പൊലീസ് ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചു. മാത്രമല്ല അവർ ഗർഭിണിയുമായിരുന്നു. റിച്ചാർഡിന്റെ ഈ ബന്ധത്തെക്കുറിച്ച് കോണിക്ക് അറിയില്ലായിരുന്നു. ഭാര്യയെ എത്രയും പെട്ടെന്ന് ഉപേക്ഷിച്ച് കാമുകിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന അയാൾ അവൾക്ക് വാക്ക് നൽകിയിരുന്നു. കൂടാതെ അന്നേദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് റിച്ചാർഡ് നൽകിയ മൊഴിയിലും നിരവധി വൈരുദ്ധ്യങ്ങൾ മുഴച്ചു നിന്നു.

തുടർന്ന് പൊലീസ് റിച്ചാർഡിന്റെയും കോണിയുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും വിശദമായി പരിശോധിച്ചു. മരണ സമയത്ത് കോണി ധരിച്ചിരുന്ന ഫിറ്റ് ബിറ്റ് ട്രാക്കറും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. അവിടെയാണ് റിച്ചാർഡിലെ കൊലയാളിയുടെ മേൽ കുരുക്ക് വീണത്. കോണിക്ക് വെടിയേറ്റു എന്ന് റിച്ചാർഡ് പറഞ്ഞ സമയം കഴിഞ്ഞും അവൾ ജീവനോടെ ഉണ്ടായിരുന്നുവെന്ന് മരണസമയത്ത് അവർ ധരിച്ചിരുന്ന ഫിറ്റ് ബിറ്റ് ട്രാക്കർ പരിശോധിച്ച പൊലീസിന് മനസ്സിലായി. രാവിലെ 10. 5 വരെ കോണി ആക്ടീവായിരുന്നു എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോണിയുടെ ഫേസ്ബുക്ക് പരിശോധിച്ച പോലീസ് രാവിലെ 9.45 നു ശേഷം അവർ മൂന്നു വീഡിയോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

കൂടാതെ റിച്ചാർഡ് പറഞ്ഞതുപോലെ വീട്ടിൽ ഒരു സംഘർഷം നടന്നതിന്റെ യാതൊരു തെളിവുകളും പൊലീസിന് കണ്ടെത്താനായില്ല. മറ്റൊരു മണ്ടത്തരം കൂടി റിച്ചാർഡിന്റെ ഭാഗത്ത് നിന്നുണ്ടായി. കോണി മരിച്ച അഞ്ചു ദിവസങ്ങൾ പോലും തികയും മുമ്പേ അയാൾ അവളുടെ ഇൻഷുറൻസ് തുകയ്ക്ക് അവകാശവാദം ഉന്നയിച്ച് കൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ എത്തി. 475,000 ഡോളറിന്റെ ഇൻഷുറൻസ് പോളിസി ആയിരുന്നു അത്. മാത്രമല്ല കോണിയുടെ പേരിൽ ഉണ്ടായിരുന്ന എസ്റ്റേറ്റും തൻ്റെ പേരിലേക്ക് മാറ്റാൻ ഇയാൾ ശ്രമിച്ചു. ഏതായാലും റിച്ചാർഡിന്റെ അതിമോഹം അയാൾക്കെതിരെയുള്ള കുരുക്ക് മുറുക്കാൻ പോലീസിനെ സഹായിച്ചു.

ഏതായാലും ഏഴ് വർഷത്തോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കോടതി റിച്ചാർഡ് തന്നെയാണ് കൊലയാളി എന്ന് ഉറപ്പിച്ചു. നൂറോളം സാക്ഷികളെ ഈ കാലയളവിൽ കോടതി വിസ്തരിച്ചു. ഒടുവിൽ സംശയലേശമന്യേ കോടതി ആ വിധിപ്രസ്താവം പുറപ്പെടുവിച്ചു ഭാര്യയെ വെടിവെച്ചുകൊന്ന കുറ്റത്തിന് റിച്ചാർഡ് ഡബേറ്റിന് 65 വർഷത്തെ കഠിനതടവ്. കോണിയെ തിരിച്ചു ലഭിക്കില്ലെങ്കിലും ഈ വിധിയിൽ സന്തോഷമുണ്ടെന്നാണ്  വിധി കേൾക്കാനായി കോടതിയിലെത്തിയ കോണിയുടെ ബന്ധുക്കൾ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി