
ബിഹാറിലെ മധുബനി ജില്ലയിലെ ഒരു ജയിലിൽ നടന്ന വിവാഹമാണ് ഇപ്പോൾ വാർത്തയാവുന്നത്. അസാധാരണവുമായ സംഭവത്തിനാണ് ജയിൽ സാക്ഷ്യം വഹിച്ചിരിക്കുന്നത്. കോടതി ഉത്തരവനുസരിച്ച് ഒരു പ്രതി തന്റെ സഹോദരന്റെ വിധവയായ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ജയിൽ വളപ്പിനുള്ളിലാണ് ജയിൽ അധികൃതരുടെ മേൽനോട്ടത്തിൽ വിവാഹം നടന്നത്. അതേസമയം, യുവതിയെ ഉപദ്രവിച്ച കേസിലാണ് ഇയാൾ ഇപ്പോൾ ജയിലിലായിരിക്കുന്നതും.
ചോട്ടു യാദവ് എന്ന തടവുകാരന്റെ വിവാഹമാണ് ജയിലിൽ നടന്നത്. 2022 -ലാണ്, ചോട്ടുയാദവിന്റെ മൂത്ത സഹോദരൻ മരിക്കുന്നത്. മരണശേഷം, ചോട്ടു യാദവും സഹോദരന്റെ ഭാര്യയും ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയായിരുന്നു.
ചോട്ടു യാദവ് പലതവണ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതേ തുടർന്ന് യുവതി പലതവണ ഗർഭിണിയാവുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഗർഭഛിദ്രം നടത്താൻ പറഞ്ഞപ്പോൾ അവൾ വിസമ്മതിച്ചു. പിന്നാലെ ചോട്ടു അവളെ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
തന്നെയും തന്റെ കുഞ്ഞിനെയും സംരക്ഷിക്കാനായി അവൾ വീട് വിട്ടിറങ്ങി, വനിതാ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് ചോട്ടു യാദവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം, ഇയാൾ പാറ്റ്ന ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എന്നാൽ യുവതിയെ വിവാഹം കഴിച്ചാൽ മാത്രമേ ജാമ്യം അനുവദിക്കപ്പെടൂ എന്നാണ് കോടതി പറഞ്ഞത്. അത് കീഴ്ക്കോടതി അംഗീകരിക്കണമെന്നും പറഞ്ഞു. തുടർന്ന്, കീഴ്ക്കോടതിയിൽ വിവാഹത്തിന്റെ അനുമതി തേടി അപേക്ഷ നൽകി. അത് അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് ജയിൽ വളപ്പിനുള്ളിൽ അധികൃതരുടെ മേൽനോട്ടത്തിൽ വിവാഹം നടത്തുകയായിരുന്നു.
കോടതി ഉത്തരവിനെ തുടർന്നാണ് വിവാഹം നടത്തിയതെന്ന് ജയിൽ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണും പറഞ്ഞു. മധുബനി ഡിവിഷണൽ ജയിൽ പരിസരത്താണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. വിവാഹത്തിന് അഭിഭാഷകരും കുടുംബാംഗങ്ങളും ജയിൽ ജീവനക്കാരും തടവുകാരകും സാക്ഷ്യം വഹിച്ചു.